കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ചർച്ചചെയ്യപ്പെട്ട പ്രവാസികളുടെ ലോകത്തിന്റെ ചില ഭാഗങ്ങളാണ് ചുവടെയുള്ളത്. വി. മുസഫർ അഹമ്മദ് മോഡറേറ്ററായ ചർച്ചയിൽ എം. മുകുന്ദൻ, ബെന്യാമിൻ, വി. മുസഫർ അഹമ്മദ്, സോണിയ റഫീക്ക്, ഷെമി, നിർമല പങ്കെടുത്തു.
വി. മുസഫർ അഹമ്മദ്: നമ്മൾ ഈ ചർച്ചയുടെ തുടക്കത്തിൽ ട്രംപിന്റെ ഒരു നിലപാടിനെ പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്. എന്നാൽ മലയാളികൾ, ലോകത്തിന്റെ പലഭാഗത്തും അന്നംതേടി പോകുന്ന മലയാളികൾ, മലയാളനാട്ടിൽ വരുന്ന ഇതര സംസ്ഥാനക്കാർ എന്നു വിളിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു, എങ്ങനെ പ്രതികരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ നമ്മുടെ സാഹിത്യത്തിലേക്ക് ഇതു തീരേ കടന്നുവന്നിട്ടില്ലെന്ന് പറയാൻ പറ്റില്ല. കേരളത്തിൽ അത്തരത്തിൽ തൊഴിൽതേടി വന്ന മനുഷ്യരെക്കുറിച്ചുള്ള കഥയായിരുന്നു സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി.' ആ കഥ വന്നപ്പോൾ അതിനെക്കുറിച്ച് വലിയ വാദകോലാഹലങ്ങൾ ഉണ്ടായി. അത് വാസ്തവത്തിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ നമ്മൾ മനുഷ്യരായിപ്പോലും കാണുന്നുണ്ടോ എന്ന പശ്ചാത്തലത്തിൽ വന്ന ഒരു ചോദ്യത്തോടെയുള്ള വിവാദമായിരുന്നു ആ കഥയെത്തുടർന്ന് ഉണ്ടായത്. 'പ്രവാസം' എന്ന തലക്കെട്ടിൽതന്നെ നോവൽ എഴുതിയ എം. മുകുന്ദൻ ഈ കഥയെയും തുടർന്നുണ്ടായ വിവാദങ്ങളെയും എങ്ങനെ കാണുന്നു?
എം. മുകുന്ദൻ: ആദ്യം അത് അങ്ങനെയൊരു വിവാദമുണ്ടാക്കാനുള്ള കഥയായിട്ട് എനിക്ക് തോന്നുന്നില്ല. നല്ല കഥയായിരുന്നു. അന്യസംസ്ഥാനത്തുനിന്നുള്ള കുടിയേറ്റക്കാർ നമ്മുടെ നാട്ടിൽ വരുമ്പോൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതൊക്കെ. പക്ഷേ, അത് വിവാദമായത് വേറേ ചില മാനങ്ങൾ, ചില അർത്ഥതലങ്ങൾ, മുസ്‌ലിം വിരുദ്ധ കാഴ്ചപ്പാട് ചിലർ കണ്ടെത്തിയതുകൊണ്ടാണ്.ഈ വിവാദം ആ കഥയ്ക്ക് ദ്രോഹം ചെയ്തു. ആ കഥയുടെ വിഷയംതന്നെ വിശപ്പാണ്. ലോകത്തെ എല്ലാ മതക്കാർക്കും വിശപ്പുണ്ട്. എല്ലാവർക്കും വിശക്കും. വിശപ്പെന്നുള്ള ഒരു പ്രശ്‌നമാണ് അതിൽ ആത്യന്തികമായിട്ടുള്ളത്. പക്ഷേ, ചർച്ച മറ്റൊരു തരത്തിലേക്ക് വഴിതെറ്റിക്കുകയാണ് ഉണ്ടായത്.
