അജിത് എം.എസ്: സംഘടിത മതങ്ങളുടെ ഒരു ചരിത്രം മനുഷ്യ സ്വാതന്ത്ര്യത്തിലും സർഗ്ഗാത്മകതയിലും നടത്തിയ ഒരു ഇടപെടൽ വളരെ കണിശമാണ്. പല സന്ദർഭങ്ങളിലും അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. പ്രണയം എന്നു പറയുന്ന വാക്ക്, നവോത്ഥാനത്തിനും ആധുനികതയ്ക്കുംശേഷം ഉണ്ടായിരിക്കുന്ന പ്രണയം എന്നു പറയുന്ന വാക്ക്, നാം ഇന്ന് ഉപയോഗിക്കുന്ന അർത്ഥത്തിൽ രൂപപ്പെട്ടിട്ട് ഒരു ഇരുന്നൂറു വർഷത്തെ ചരിത്രമേ ഉണ്ടാവൂ. അതിനുമുമ്പുണ്ടായിരിക്കുന്ന ബന്ധങ്ങളെ സ്ത്രീ-പുരുഷ സത്യത്തിന്റെ വിവിധതലത്തിലാണ് നമ്മൾ അടയാളപ്പെടുത്തുന്നത്. ഇന്നതിനുശേഷമെന്നോ ഇന്നതിനു മുമ്പേ എന്നോ ഉറപ്പിച്ചുപറയാൻ സാധിക്കാത്ത ഒന്നാണത്. പക്ഷേ, സംഘടിത മതങ്ങൾ എവിടെനിന്നു തുടങ്ങുമെന്നോ അവിടെ മുതൽ തന്നെ ഇത്തരത്തിലുള്ള മനുഷ്യബന്ധങ്ങളെ വിമർശനാത്മകമായിട്ടാണ് കണ്ടിരിക്കുന്നത്. യഹൂദ മതത്തിന്റെയും ബുദ്ധമതത്തിന്റെയും തുടക്കം മുതൽ അതുണ്ട്.
സംഘടിതമതം എന്ന നിലയിൽ ഏറ്റവും ആദ്യം രൂപം കൊണ്ടിരിക്കുന്ന മതം ബുദ്ധമതമാണ്. ബുദ്ധമതംപോലും ഏറ്റവും വലിയ പ്രതിയോഗിയായിട്ട് കണ്ടിരിക്കുന്നത് പ്രണയത്തെയായിരിക്കും. സ്ത്രീ-പുരുഷ ബന്ധത്തെയായിരിക്കും. ഏറ്റവും കൃത്യമായ നിയമാവലിയോടെ ആദ്യം ഉണ്ടാകുന്ന മതം ബുദ്ധമതമാണ്. അതിന് കൃത്യമായ ഘടനയുണ്ട്. കൃത്യമായ ധർമ്മുണ്ട്. അതിന് കൃത്യമായ സംഘടനയുണ്ട്. അതിന് കൃത്യമായ നിയമാവലിയുണ്ട്. അതിനുശേഷമാണ് മറ്റെല്ലാ മതങ്ങളും വരുന്നത്. അതുമുതൽ ഉണ്ടായിരിക്കുന്ന എല്ലാ മതങ്ങളുടെയും കാര്യം നോക്കിക്കഴിഞ്ഞാൽ ഇത്തരത്തിൽ മനുഷ്യബന്ധം എന്നു പറയുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യം എന്നു പറയുന്നത്, പ്രണയം എന്നു പറയുന്നത്, രണ്ടുപേർ തമ്മിലുള്ള ഏറ്റവും ഉദാത്തമായ ഏറ്റവും സ്വാതന്ത്ര്യമുള്ള ഏറ്റവും ജനാധിപത്യപരമായ ഒരു ബന്ധമാണ്. ആ ബന്ധത്തെ ഏറ്റവും സംശയാസ്പദമായി കണ്ടുവരുന്ന രീതി, നമ്മുടെ മതങ്ങളുടെ ചരിത്രമെടുത്താൽ ആരംഭിക്കുന്നു. അതിന് ഒരു രണ്ടായിരമോ മൂവായിരമോ വർഷങ്ങളുടെ പഴക്കമുണ്ട്. ആ പഴക്കത്തിന്റെ ഏറ്റവും പുതിയ തലത്തിൽപോലും ആധുനികത വന്നു. ആധുനികതയ്ക്കുശേഷം സാമൂഹിക പ്രസ്ഥാനങ്ങൾ വന്നു. ഇതിന്റെയെല്ലാം കടിഞ്ഞാൺ വളരെ കർശനമായിത്തന്നെ തുടരുകയാണ്. അതിനെ മറികടക്കാൻ വേണ്ടിയിട്ട് നമ്മൾ നമ്മുടെ ആധുനികതയ്‌ക്കോ, കൊളോണിയലിസത്തിനോ അതിനുശേഷം വന്നിരിക്കുന്ന ക്യാപിറ്റലിസത്തിനുപോലുമോ സാധിച്ചിട്ടില്ല എന്നാണ് എനിക്കു തോന്നുന്നത്.
ഈയൊരു സന്ദർഭത്തിൽ, മതം ഏതൊക്കെ തരത്തിലാണ് നമ്മുടെ മനുഷ്യബന്ധങ്ങളിൽ ഇടപെടുന്നത്, അതിന്റെ ഒരംശം എത്രത്തോളം നീണ്ടുനിൽക്കുന്നു എന്ന നിലയിലേക്ക് ഈ ചർച്ച പോകാം.
