ദേശീയതയുടെ നിർവചനങ്ങൾ

ദേശീയതയുടെ നിർവചനങ്ങൾ എന്ന ഈ സംവാദത്തിൽ പങ്കെടുത്തത് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരികയിടങ്ങളിൽ ശക്തമായി ഇടപെടുന്ന നാലു പേരാണ് വിഷയത്തിന്റെ മോഡറേറ്ററായി എ. കെ. അബ്ദുൾ ഹക്കിം.

എ. കെ. അബ്ദുൾ ഹക്കീം: ദേശീയവാദത്തിന്റെ പുതിയ സ്വരമായ അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ ആദ്യതീരുമാനങ്ങൾ ലോകം ആശങ്കയോടെയാണ് കണ്ടത്. ദേശീയവാദത്തിന്റെ പുതിയ ചില പൊതികളിൽ ഇറക്കിക്കൊണ്ടു വരുന്ന അപകടകരമായ പ്രവണതകളെ ലോകം ഭയത്തോടെയാണ് കാണുന്നത്. അത് ഫ്രാൻസിലും ഉക്രെയിനിലുമൊക്കെ വേറേ വേഷങ്ങളിൽ നമ്മൾ കാണുകയാണ്. ദേശീയത എന്നത് ആർക്കും ചോദ്യം ചെയ്യാനാകാത്ത ഒരു വാക്കാണ്. ആ വാക്കിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവരുന്ന അജണ്ടകൾ, പ്രത്യയശാസ്ത്രങ്ങൾ ഒരുപക്ഷേ, വലിയ തോതിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.

കാനം രാജേന്ദ്രൻ: ദേശീയതയുടെ പുതിയ നിർവചനങ്ങൾ എന്നത് വളരെ വിശാലമായ വിഷയമാണ്. സ്വാഭാവികമായും നമ്മുടെ ദേശത്തിന്റെ സൃഷ്ടിയും നിർമ്മിതിയും ദേശരാഷ്ട്രങ്ങളുടെ വളർച്ചയും ദേശീയതയുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചരിത്രകാരനായ ബിബിൻ ചന്ദ്രയുടെ അഭിപ്രായമനുസരിച്ച് മുഗൾഭരണകാലത്താണ് ദേശനിർമ്മിതിക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണത്തിൻകീഴിൽ ദേശത്തിനെ ഒരുമിപ്പിച്ചുനിർത്താൻ അവർക്കു കഴിഞ്ഞു; അവരുടെ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു അതെങ്കിലും. എന്നാൽ സ്വാതന്ത്ര്യസമരം ആ രാജ്യത്തിന്റെ യോജിപ്പിന്റെ വേഗത വർദ്ധിപ്പിച്ചു. ബ്രിട്ടീഷുകാരുടെ നുകത്തിൻകീഴിൽനിന്ന് പുറത്തു കടക്കുന്നതിനുവേണ്ടിയുള്ള ഇന്ത്യയിലെ ജനങ്ങളുടെ സമരമാണ് ആ സ്വാതന്ത്ര്യസമരത്തിന് ശക്തിപകർന്നതും വേഗത വർദ്ധിപ്പിച്ചതും. അതുകൊണ്ട് ഇന്ത്യൻ ദേശീയത എന്നു പറയുന്നത് ജനങ്ങളുടെ ഐക്യമാണ് എന്നു നാം നിർവചിക്കണം. ചൈനാദേശം എന്ന് ചൈനക്കാർ പറയാറില്ല. ചൈനീസ് ജനത-ചൈനീസ് ജനങ്ങൾ എന്നാണ് അവർ പറയുന്നത്. ഇന്ത്യയ്ക്ക് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. ഇന്ത്യയിലെ ജനങ്ങളുടെ യോജിപ്പും രാഷ്ട്രനിർമ്മാണത്തിനുവേണ്ടിയുള്ള ഒത്തൊരുമിച്ച പ്രയാണവുമാണ് നമ്മുടെ പുരോഗതിയെ നിർണ്ണയിക്കുന്നത്. അതുകൊണ്ട് ജനങ്ങളെ ഒരുമിപ്പിക്കുന്ന ഒരു നിലപാട് രാജ്യത്ത് പൊതുവിൽ സ്വീകരിക്കണം. അത് ദേശീയതയെ ശക്തിപ്പെടുത്തും. ദേശീയതയ്ക്ക് പുതിയ നിർവചനങ്ങൾ പുതിയ കാലഘട്ടത്തിൽ കൊടുക്കാൻ പറ്റിയിട്ടില്ല എന്നതാണ് നാം പുറകോട്ടു പോകുന്നതിന്റെ കാരണങ്ങളിലൊന്ന്. ദേശീയത ജനങ്ങളുമായി ബന്ധിപ്പിച്ച് ജനങ്ങളുടെ ഐക്യത്തിന്റെ പ്രശ്‌നമായി കണ്ടുകൊണ്ട് ഇന്ത്യയ്ക്ക് പുരോഗതിയിലേക്ക് പോകാൻ കഴിയണം. ചരിത്രം നിർമ്മിക്കുന്നത് ദൈവങ്ങളല്ല. ചരിത്രം നിർമ്മിക്കുന്നത് ജനങ്ങളാണ്. ജനങ്ങളുടെ പങ്കിനെ അംഗീകരിച്ചുകൊണ്ടുതന്നെ രാഷ്ട്രനിർമ്മാണത്തിൽ ജനങ്ങളുടെ പങ്കിനെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ട് നോക്കുമ്പോൾ രാഷ്ട്രനിർമ്മിതികൊണ്ട് ഉണ്ടാകുന്ന നേട്ടത്തേക്കാൾ സ്വതന്ത്രമായിനിൽക്കാനുള്ള കരുത്താണ് ദേശരാഷ്ട്രങ്ങൾ ക്കു വേണ്ടത്. അവർ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം നേടിക്കഴിയുമ്പോഴാണ് അവർക്കു ശക്തിയുണ്ടാകുന്നത്. മുതലാളിത്ത വികസന പാതയിലൂടെയാണെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ രാജ്യത്ത് പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ വർത്തമാനകാലത്ത് നമ്മുടെ പുരോഗതിയുടെ ഫലമനുഭവിക്കുന്നത് ഒരു ചെറിയ ശതമാനം ജനങ്ങളാണ്. അതുകൊണ്ട് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരുന്നു. ആ അന്തരം വർദ്ധിക്കുന്നത് നമ്മുടെ രാജ്യത്ത് സാമൂഹികമായ അസന്തുലിതാവസ്ഥയുണ്ടാക്കും. രാജ്യത്ത് ഭിന്നിപ്പ്, തർക്കങ്ങൾ എല്ലാത്തിനും അടിസ്ഥാനകാരണങ്ങളായി അതു മാറുന്നു.


Related Articles