കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന വ്യത്യസ്തമായ സംവാദങ്ങളിൽ ഒന്ന് അന്ധവിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു. ശാസ്ത്രത്തോടൊപ്പം വളരുന്ന അന്ധവിശ്വാസങ്ങളെപ്പറ്റി നടന്ന ചർച്ചയിൽ പ്രൊഫ. കെ. പാപ്പൂട്ടി, മുജീബ്റഹ്മാൻ കിനാലൂർ, ദിലീപ് മാമ്പള്ളി എന്നിവരാണ് പങ്കെടുത്തത്. കവിയും അധ്യാപികയുമായ സംഗീത ചേനംപുല്ലിയായിരുന്നു മോഡറേറ്റർ.
സംഗീത ചേനംപുല്ലി: ശാസ്ത്രം വികസിക്കുമ്പോൾ മറുവശത്ത് അന്ധവിശ്വാസം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നതാണ് നമ്മുടെ ചുറ്റുമുള്ള കാഴ്ച. കൊച്ചിന്റെ കവിളത്തെ പൊട്ടുകുത്തൽ മുതൽ വീടിന്റെ വാസ്തുവരെ അന്ധവിശ്വാസം നിലകൊള്ളുന്നുണ്ട്. എന്തുകൊണ്ടാണിതെന്ന്, ശാസ്ത്ര ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി നിരന്തരമായി ശ്രമിക്കുന്ന പാപ്പുട്ടി മാഷിൽ നിന്ന് കേൾക്കാം.
പ്രൊഫ. പാപ്പുട്ടി: അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം അന്ധവിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്, അല്ലെങ്കിൽ ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് പറയേണ്ടതുണ്ട്. ശാസ്ത്രം തെറ്റാണെന്ന് തെളിയിച്ച കാര്യങ്ങളെ, അല്ലെങ്കിൽ നിരാകരിച്ച കാര്യങ്ങളെ തുടർന്നും വിശ്വസിക്കുന്നതിനെയാണ് നമ്മൾ അന്ധവിശ്വാസം എന്നു വിളിക്കുന്നത്. ശാസ്ത്രത്തിന് തെറ്റെന്നോ ശരിയെന്നോ തെളിയിക്കാൻ കഴിയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. അതിനെ അന്ധവിശ്വാസം എന്നു വിളിക്കേണ്ടതില്ല എന്ന് നമുക്ക് തോന്നുന്നു. അതിനെ വെറും വിശ്വാസ ഗണത്തിൽ പെടുത്തിയാൽ മതി. മനുഷ്യന്റെ ഉള്ളിൽ അന്ധവിശ്വാസം പണ്ടുമുതലേ ഉണ്ട്. ചില കാലത്ത് അത് വളരെ സപ്രസ്ഡ് ആയിരുന്നു.
