കോട്ടയം ദേശക്കാരായ രണ്ട് എഴുത്തുകാർ -അയ്മനം ജോൺ, എസ്. ഹരീഷ്. എഴുത്തിൽ സർഗാത്മകമായ പുതുക്കം കൊണ്ടുവന്നവരാണ് ഈ എഴുത്തുകാർ. പാരിസ്ഥിതികമായ സൂക്ഷ്‌മെഴുത്താണ് അയ്മനം കഥകൾ. എഴുപതുകളിൽ എഴുത്തിൽ പൊതുവേ ചുവന്ന മുദ്രകൾ വന്നപ്പോഴും, ഭൂമിയുടെ പച്ചയിലാണ് അയ്മനം ഹൃദയം പതിപ്പിച്ചത്. അത്രയും ഹരിതാഭമാണ് ആ കഥകൾ. പരിസ്ഥിതി ഒരു രാഷ്ട്രീയ വിഷയമായി വരുന്നതിനു മുന്നേതന്നെ, അയ്മനം അത്തരം കഥകൾ എഴുതി. മുഴുവനായും പ്രകൃതി നിറഞ്ഞു നില്ക്കുന്ന കഥകൾ. എസ്. ഹരീഷ് മനുഷ്യപ്രകൃതികൾ മൗലികമായ ഭാഷയിൽ ആവിഷ്‌കരിച്ചു. സങ്കീർണ്ണമായ ഒരു ലാളിത്യം ആ കഥകൾ അനുഭവിപ്പിച്ചു. മനുഷ്യരുടെ ഉള്ളിലൂടെ കറങ്ങിത്തിരിയുന്ന കഥകൾ. ഇരുവർക്കുമിടയിൽ രണ്ടു കാലങ്ങളുടെ അകലമുണ്ട്. ഒരേ അഭിരുചികളിൽ നീങ്ങാത്ത, വ്യത്യസ്ത ഭാവുകത്വം പേറുന്ന രണ്ടുപേർ. എങ്കിലും മിത്രങ്ങൾ. ഈ സംവാദം പക്ഷേ, അസാധാരണമായ ഉള്ളു തുറക്കലായി മാറി.
താഹ മാടായി: ഒരേ ദേശക്കാരായ രണ്ട് എഴുത്തുകാരാണ് അയ്മനം ജോണും എസ്. ഹരീഷും. രണ്ട് കാലങ്ങളിലെ എഴുത്തുകാർ. അയ്മനം എഴുപതുകളിലും ഹരീഷ് തൊണ്ണൂറുകളിലും എഴുതിത്തുടങ്ങുന്നു. മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരത്തിലൂടെയാണ് രണ്ടു പേരും സാഹിത്യലോകത്ത് കടന്നു വരുന്നത്. രണ്ടു കാലങ്ങളിലെ ഒരേ ദേശക്കാരായ എഴുത്തുകാർ എന്ന നിലയിൽ ഹരീഷുമായുള്ള ചങ്ങാത്തത്തെ എങ്ങനെയാണ് അയ്മനം ജോൺ നിർവചിക്കാൻ ശ്രമിക്കുന്നത് ?
അയ്മനം ജോൺ: എഴുത്തുകാരനായതുകൊണ്ട് കൂടുതൽ സ്‌നേഹമുണ്ട് ഹരീഷിനോട്. എഴുത്തിനെ സ്‌നേഹിക്കുന്ന ഒരു പാരമ്പര്യം ഞങ്ങളുടെ നാട്ടിൽ ഇല്ല. അപ്പോൾ എഴുത്തുകാരനായ ഒരാളെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.
