ശിലായുഗം കേരളത്തിൽ

World of Letters

ശിലായുഗം കേരളത്തിൽ


പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടം മുതൽ (അപ്പർ പാലിയോലിത്തിക്) കേരളത്തിൽ സാമൂഹ്യജീവിതം ആരംഭിച്ചിരുന്നു. അതിന്റെ പ്രത്യക്ഷ ചരിത്ര തെളിവുകളാണ് കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ ചേവായൂർ, കൊല്ലം ജില്ലയിലെ തെന്മല, പാലക്കാട് ജില്ലയിലെ ആനക്കര, കോഴിക്കോട് ജില്ലയിലെ കിനാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ മധ്യശിലായുഗത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രീയ പുരാവസ്തു ഉത്‌ഖനനങ്ങളുടെ പശ്ചാത്തലത്തിൽ സമർത്ഥിക്കപ്പെട്ടിട്ടുണ്ട്. പൊതുവർഷം ആരംഭിക്കുന്നതിന് 7000-5000 വർഷങ്ങൾക്ക് മുമ്പുതന്നെ കേരളത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് ഈ തെളിവുകൾ കാണിക്കുന്നു. കേരളത്തിൽ പ്രാചീന ശിലായുഗം ഏതാണ്ട് ബി.സി.ഇ 10000 വരെ തുടർന്നിരിക്കണം. മധ്യശിലായുഗം ഏതാണ്ട് ബി.സി.ഇ 3000-വരെയൊക്കെ തുടർന്നിരുന്നു എന്ന് പി രാജേന്ദ്രൻ അനുമാനിക്കുന്നു. ഏതാണ്ട് 3000- ബി.സി.ഇ മുതൽ 1000 ബി.സി.ഇ വരെയുള്ള കാലത്താണ് നവീന ശിലായുഗ സംസ്കാരം വളർന്നുവന്നത്. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും പാറമടക്കുകളിൽ താമസിച്ചും കൂട്ടമായി താമസിച്ചു പോന്ന ജനവിഭാഗത്തെ കുറിക്കുന്ന തെളിവുകളാണ് തെന്മല, മറയൂർ, അങ്കോട്, എടക്കൽ തുടങ്ങിയ ശിലായുഗ കാലം തൊട്ട് മനുഷ്യർ പാർത്തു പോന്ന റോക്ക് ഷെൽട്ടറുകളിലെ കോറിയിട്ട ചിത്രങ്ങളും ഛായാചിത്രങ്ങളും കാണിക്കുന്നത്. ഇന്നും പശ്ചിമഘട്ടത്തോട് ചേർന്നുള്ള വനമേഖലകളിൽ വേട്ടയാടലും, ഭക്ഷ്യവിഭവ ശേഖരണവുമായി കഴിയുന്ന ഗോത്രവർഗങ്ങളെ ശിലായുഗ മനുഷ്യരുടെ പിന്തുടർച്ചക്കാരായി പുരാവസ്തു നരവംശ ശാസ്ത്ര പണ്ഡിതർ കണക്കാക്കുന്നുണ്ട്.

Summary: Excerpted from Adhikarika Kerala Charithram (Seven Volumes), to be published by DC Books on 04-11-2026

കേരളത്തിന്റെ പ്രാചീന ചരിത്രം ശിലായുഗം മുതൽ ആധുനികകാലം വരെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി അവതരിപ്പിക്കുന്ന ഏഴ് വാല്യങ്ങളുള്ള ‘ആധികാരിക കേരളചരിത്രം’ ഗ്രന്ഥത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.


Related Articles