പന്ത്രണ്ടാം നൂറ്റാണ്ടിൽ രണ്ടാം ചേരപെരുമാക്കന്മാരുടെ പതനത്തിനുശേഷം കേരളം രാഷ്ട്രീയമായി പല നാടുകളായി വിഘടിക്കപ്പെട്ടു. നാടുവാഴി സ്വരൂപങ്ങൾ, ദേശവാഴികൾ, വാഴുന്നോർ എന്നിങ്ങനെ വലുതും ചെറുതുമായ നാട്ടുരാജ്യങ്ങളായാണ് കേരളം ഇക്കാലത്ത് നിലനിന്നിരുന്നത്. കോലത്തുനാട്, നെടിയിരുപ്പ്, വള്ളുവനാട്, പെരുമ്പടപ്പ്, വേണാട് തുടങ്ങിയവ വലിയ സ്വരൂപങ്ങളായി നിലകൊണ്ടു. സി. ഇ. പതിനഞ്ച് - പതിനേഴ് നൂറ്റാണ്ടുകൾക്കിടയിൽ ചിട്ടപ്പെടുത്തപ്പെട്ട 'കേരളോൽപത്തി' എന്ന കൃതിയിൽ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗോകർണ്ണം വരെയുള്ള പ്രദേശത്തെ 'മലയാളഭൂമിയായി' പരാമർശിക്കുന്നു. പുരാണകഥകളിലെ പരശുരാമൻ തൻറെ ക്ഷത്രിയനിഗ്രഹ പ്രായശ്ചിത്തമായി കേരളം എന്ന ഭൂമി ഉണ്ടാക്കി മുപ്പത്തിരണ്ട് ബ്രാഹ്മണർക്ക് ദാനമായി നൽകിയ കഥകളാണ് ഈ കൃതിയിൽ പറയുന്നത്. 32-ബ്രാഹ്മണഗ്രാമങ്ങൾ കേരളത്തിൻ്റെ നദീതടങ്ങളിൽ വളർന്നുവരുന്നതും അവർ പിന്നീട് പെരുമാൾ എന്ന ഭരണാധികാരിയെ കേരളത്തിന്റെ ഭരണത്തിനായി അവരോധിക്കുന്നതും അവസാനത്തെ പെരുമാൾ രാജാവ് രാജ്യം നാടുവാഴികൾക്കായി പകുത്തുനൽകുന്നതുമായ കഥകളാണ് ഈ കൃതി പറയുന്നത്. കേരളോൽപത്തി ബ്രാഹ്മണർ രചിച്ച കൃതിയാകാമെന്നാണ് ചരിത്രകാരർ അഭിപ്രായപ്പെടുന്നത്. ദാനം കിട്ടിയതെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ മേലും രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ മേലും ആചാരപരമായ അധീശത്വം നിലനിർത്താനാകും ബ്രാഹ്മണർ ഇങ്ങനെയൊരു കൃതിക്ക് പ്രചാരം നൽകിയതെന്ന് അവർ നിരീക്ഷിക്കുന്നു. അതേസമയം നാടുവാഴികൾ തങ്ങളുടെ അധികാരം നാടുകൾക്ക് മേൽ ഉറപ്പിക്കുന്നതിനും ബ്രാഹ്മണരുടെ ആശിർവാദത്തോടെയുള്ള രാഷ്ട്രീയ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതിനും കേരളോൽപത്തി ചരിതം ഉപയോഗപ്പെടുത്തി. ഇതേ കാലത്താണ് നിരവധി വൈദേശിക യാത്രികർ കേരളത്തിലേക്ക് വന്നത്. അവരുടെ യാത്രാവിവരണങ്ങളിൽ മംഗലാപുരം അല്ലെങ്കിൽ മഞ്ചേശ്വരം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തെ മലബാർ, മലിബാർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കേരളം എന്ന് പറയുന്നില്ല. മലബാർ നിരവധിയായ രാജ്യങ്ങളായാണ് നിലനിന്നിരുന്നതെന്ന മധ്യകാല യാത്രാവിവരണങ്ങൾ പരാമർശിക്കുന്നു. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും കേരളം മലബാർ. കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെയുള്ള മൂന്ന് രാഷ്ട്രീയ ഭൂവിഭാഗങ്ങളായി മാറുന്നുണ്ട്. മലബാറിൽ സാമൂതിരിയും കോലത്തിരിയും പ്രബലരായി. കൊച്ചിയിൽ പെരുമ്പടപ്പ് സ്വരൂപവും പിന്നീട് ശക്തൻ തമ്പുരാനും അധികാരം ഉറപ്പിച്ചു. മാർത്താണ്ഡവർമ്മയുടെ കാലത്തോടെ തിരുവിതാംകൂർ പ്രബലമായ നാട്ടുരാജ്യമായും മാറുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം മുതൽ മലബാർ തീരത്തെത്തി കച്ചവടത്തിലും തദ്ദേശീയ ഭരണകാര്യങ്ങളിലും ഇടപെട്ടുതുടങ്ങിയ യൂറോപ്പ്യൻ ശക്തികൾ, പ്രത്യേകിച്ച് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ, സജീവമായി കച്ചവടത്തിലും - തദ്ദേശീയമായ ഭരണ -രാഷ്ട്രീയ കാര്യങ്ങളിലും കാര്യമായ ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ രാഷ്ട്രീയമാറ്റങ്ങൾ ഉണ്ടായതും മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായതും.
Summary: Excerpted from Adhikarika Kerala Charithram (Seven Volumes), to be published by DC Books on 04-11-2026
