ചേരപുത്രരുടെ കേരളം

World of Letters

ചേരപുത്രരുടെ കേരളം


(ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആധികാരിക കേരളചരിത്രം എന്ന ഏഴ് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥസമുച്ചയത്തിലെ ഒന്നാം ഭാഗത്ത് നിന്നും)

തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോഡ് വരെയായി 14 ജില്ലകളാണ് ആധൂനിക കേരളത്തിനുള്ളത്. കേരവൃക്ഷങ്ങൾ തഴച്ചുവളരുന്ന നാടായതിനാലാണ് ഈ ഭൂപ്രദേശത്തിന് കേരളമെന്ന പേര് വന്നതെന്ന് പൊതുവെ പറഞ്ഞുവരാറുണ്ട്. നാളികേരം കേരളത്തിൽ മാത്രമല്ല ഉള്ളതെന്നതിനാൽ അങ്ങനെ ആകാനുള്ള സാധ്യത കുറവാണ്. എന്നാൽ ചേരന്മാരുടെ ഭരണമുണ്ടായിരുന്ന ഇടം എന്ന നിലയിൽ ചേരളം എന്നത് പിന്നീട് കേരളമായി മാറിയതാകാൻ സാധ്യത വളരെയേറെയാണ്. അതിനെ സാധൂകരിക്കാൻ ചരിത്രപരമായ നിരവധി തെളിവുകൾ നിരത്താനാകും. പല രാഷ്ട്രീയ ഘട്ടങ്ങളിലൂടെ കടന്നുപോയതിനുശേഷമാണ് കേരളം എന്ന ഭൂവിഭാഗം മലയാള ഭാഷാസംസ്ഥാനമായി രൂപംകൊണ്ടത്. കേരളമെന്ന രാഷ്ട്രീയ ഭൂമികയുടെ ഇന്നലെകളെ ഒന്ന് പരിശോധിക്കാം.

 ഏതാണ്ട് ഒൻപതാം നൂറ്റാണ്ട് സി.ഇ. വരെയുള്ള കാലങ്ങളിൽ കേരളം പ്രാചീന തമിഴകത്തോടുചേർന്ന ഒരു രാഷ്ട്രീയ ഭൂവിഭാഗമായിരുന്നു. വടക്ക് വെങ്കടത്തിനും (തിരുപ്പതി-ആന്ധ്രപ്രദേശ്) തെക്ക് കന്യാകുമാരിക്കും (തമിഴ്‌നാട്) ഇടയിലുള്ള തമിഴ് ഭാഷാസാംസ്കാരിക ഭൂമികയെയാണ് തമിഴകം എന്ന് പ്രാചീന തമിഴ് സംഘ സാഹിത്യ കൃതികളിൽ വിശേഷിപ്പിച്ചിരുന്നത്. മൂവേന്ദർ എന്നറിയപ്പെട്ട ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരായിരുന്നു തമിഴകത്തിലെ പ്രധാന രാഷ്ട്രീയ ശക്തികൾ. പുരാതന കാലം തൊട്ടുതന്നെ ഒരു സ്വതന്ത്ര രാഷ്ട്രീയ ഭരണതലമെന്ന നിലയിൽ കേരളം നിലനിന്നിരുന്നു എന്ന് തെളിയിക്കുന്ന പല ചരിത്രതെളിവുകളും ലഭിച്ചിട്ടുണ്ട്. ബി.സി.ഇ. നാലാം നൂറ്റാണ്ടിലെ സംസ്കൃത വ്യാകരണ പണ്ഡിതൻ കാത്യായനൻ ദക്ഷിണേന്ത്യയിലെ ചേര, ചോള, പാണ്ഡ്യരെ പരാമർശിക്കുന്നതായി ചരിത്രകാരർ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിലെ മൗര്യ സാമ്രാട്ട് അശോകന്റെ രണ്ടാം ശിലാശാസനത്തിൽ ചോള, പാണ്ഡ്യ സതിയപുതർ എന്നീ ദക്ഷിണേന്ത്യൻ രാജവംശങ്ങളുടെ കൂട്ടത്തിൽ കേരളപുത്രരെയും രേഖപ്പെടുത്തിയിരിക്കുന്നു. അശോകശാസനത്തിലെ കേരളപുത്രർ ചേരപുത്രരാണെന്ന് പിൽക്കാലത്തെ തെളിവുകളും സൂചിപ്പിക്കുന്നുണ്ട്. ഏകദേശം ബി.സി.ഇ മൂന്നാം മൂന്നാം നൂറ്റാണ്ടിൽ മൗര്യന്മാർ തമിഴകത്തേക്ക് പടയോട്ടങ്ങൾ നടത്തിയിട്ടുണ്ടായിരിക്കണം എന്ന് സംഘസാഹിത്യ കൃതികളിലെ പരാമർശങ്ങൾ മുൻനിർത്തി ചരിത്രകാരർ വാദിക്കുന്നുമുണ്ട്. ചേരന്മാരുടെ രാഷ്ട്രീയ നിയന്ത്രണം കൊങ്ങുനാട് വരെ, അഥവാ ഇന്നത്തെ കോയമ്പത്തൂർ പ്രദേശം വരെ, വ്യാപിച്ചുകിടന്നിരുന്നു. ചേരന്മാർ കൊങ്ങുചേരന്മാർ എന്നും അറിയപ്പെട്ടിരുന്നു.


Related Articles