ജനഗണമനയുടെ സൗന്ദര്യം

Society

ജനഗണമനയുടെ സൗന്ദര്യം


നഗണമന ചർച്ചചെയ്യേണ്ട ഒരു കാര്യമാണെന്ന് പത്തു വർഷം മുമ്പ് ഞാൻ കരുതിയിട്ടില്ല. ആ തരത്തിൽ ദേശസ്‌നേഹിയാണ് സ്വയം കരുതിയിട്ടുമില്ല. അതാണ് സത്യം. ഈ ഗാനത്തെപ്പറ്റി എന്നെങ്കിലും ഒരു പ്രഭാഷണം നടത്തേണ്ടിവരും എന്നുപോലും ചിന്തിച്ചിട്ടില്ല. ഞാനെങ്ങനെയാണ് ആ ഗാനം പഠിച്ചത് എന്ന് ഓർമയുമില്ല. എങ്ങനെയാണ് ആ ഗാനം പഠിച്ചത് എന്ന് നമ്മളിൽ മിക്കവരും ഓർക്കുന്നുണ്ടാവില്ല. അതാണ് ഈ ഗാനത്തെപ്പറ്റിയുള്ള ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം. നമുക്കെല്ലാം ആ ഗാനം അറിയാം, പക്ഷേ, ആരാണ് നമ്മെ അതു പഠിപ്പിച്ചത് എന്ന് ഓർക്കുന്നില്ല. അത് സ്‌കൂളിൽനിന്നാവാം, വീട്ടിൽനിന്നാവാം, മറ്റെവിടെയങ്കിലും നിന്നാവാം.

സ്വയം ആ പാട്ടിൽ ഒരു പുനഃ ദൃഢീകരണം നടത്തേണ്ടിവരുമെന്ന് ഒരിക്കൽപോലും എനിക്കു തോന്നിയിരുന്നില്ല. സംഗീതപരമായി അത് വളരെ മോശം ഗാനമാണെന്ന് കരുതിയ നാളുകൾ എനിക്കോർമയുണ്ട്. അത് പറയാൻ എനിക്കു മടിയില്ല. മെച്ചപ്പെട്ട ഒരു ഈണം ആ ഗാനത്തിന് തെരഞ്ഞെടുക്കാമായിരുന്നുവെന്ന് ഗൗരവമായി ഞാൻ ചിന്തിച്ചിട്ടുണ്ട്. ഒന്നു രണ്ട് കാര്യം ആദ്യമേ സൂചിപ്പിക്കാനുണ്ട്. ഒന്ന്, ഞാൻ ആ ഗാനത്തെപ്പറ്റി അജ്ഞനായിരുന്നു. രണ്ട്, അതിനെപ്പറ്റി കൂടുതൽ അറിയേണ്ട ആവശ്യം എനിക്കു തോന്നിയിട്ടില്ല. ഈ നാട്ടിൽ ജീവിക്കുന്നതിന് ഈ പാട്ട് പാടണമോ വേണ്ടയോ എന്ന കാര്യത്തെപ്പറ്റി ചിന്തിക്കേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യ എന്ന, ഭൂമിശാസ്ത്രപരമായ, രാഷ്ട്രീയപരമായ അതിർത്തിരേഖയ്ക്കുള്ളിൽ തുടരണമെങ്കിൽ ഈഗാനം കേൾക്കുമ്പോൾ എഴുന്നേൽക്കണമെന്നോ, അല്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിലോ സ്വാതന്ത്ര്യദിനത്തിലോ ഈ ഗാനം ആലപിക്കണമെന്നോ കരുതേണ്ട ആവശ്യം ഇല്ലായിരുന്നു. അതിന് ഒരു അർത്ഥവും മുമ്പുണ്ടായിരുന്നില്ല. അത് ഒരു പ്രധാനപ്പെട്ട പാട്ടാണ് എന്നു മാത്രമേ തോന്നിയിരുന്നുള്ളൂ. എനിക്ക് ആ പാട്ട് നന്നായി അറിയാമായിരുന്നു. അത്രയേയുള്ളൂ.

പക്ഷേ, കാലം മാറിയതായി ഞാൻ ചിന്തിക്കുന്നു. വളരെ നാടകീയമായിത്തന്നെ കാലം മാറിയിരിക്കുന്നു. നമ്മൾക്ക് പലതുമായുള്ള ബന്ധത്തെ പുനർവിചിന്തനം നടത്തേണ്ട കാലമായി ഇത് മാറിയിരിക്കുന്നു. ഈ പാട്ടുമായുള്ള എന്റെ ബന്ധത്തെ പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്ന് ഇപ്പോൾ കരുതുന്നു. ഈ പാട്ടുമായി എന്താണ് എനിക്കുള്ള ബന്ധം? അന്നു ഞാൻ കരുതിയത് ഈ പാട്ടു പാടുകയെന്നത് എന്നെ മറ്റൊരാളാക്കുന്നതായാണ്. മാനവികത എന്നതിന് അപ്പുറം എന്നെ ഇന്ത്യക്കാരനാക്കുന്ന പാട്ടായാണ് അന്നു തോന്നിയത്. പത്തു പതിനാറ് വയസ്സുള്ള ഒരു കൗമാരക്കാരന് എല്ലാം തള്ളിക്കളയണമായിരുന്നു. ഈ പാട്ട് പാടുമ്പോൾ ഒരു നിർമിതഅസ്തിത്വം ബോധപൂർവം ഉയർത്തിപ്പിടിക്കുന്നതായി എനിക്കു തോന്നി. അതെന്തിന്? പക്ഷേ, ഇന്ത്യയിൽ കഴിഞ്ഞ ഏഴുവർഷമായി സംഭവിച്ച കാര്യങ്ങൾ, നമ്മൾ ലിബറലുകൾ എന്നറിയപ്പെടുന്നവർ (സോകോൾഡ് ലിബറൽസ് എന്ന് ഞാൻ പറയും) യൂണിവേഴ്‌സൽ എന്നു തോന്നുന്ന ആശയങ്ങളിലേക്കു നുഴഞ്ഞുകയറുന്നതായി തോന്നുന്നു. ഭൗമശാസ്ത്രപരമായി, രാഷ്ട്രീയപരമായ ഒരു അസ്തിത്വത്തിലേക്കു ചുരുങ്ങുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. ദേശീയ ഗാനം പാടുമ്പോൾ നമ്മൾ മോശമായ, തെറ്റായ, ശരിയല്ലാത്ത ഭൂരിപക്ഷവാദത്തിലേക്കു ചേരുന്നതുപോലെയാണ് അന്ന് അനുഭവപ്പെട്ടത്. അതാണ് യാഥാർത്ഥ്യം. ഇന്നത്തെ തീർത്തും മാറിയ അന്തരീക്ഷത്തിൽ ആ ദേശീയഗാനം പാടുക എന്നെ സംബന്ധിച്ച് പ്രധാനമായി മാറി. ഈ ഗാനത്തെ കൂടുതൽ നന്നായി മനസ്സിലാക്കേണ്ടതായി എനിക്ക് ആവശ്യം വന്നു. എന്താണ് ഈ ഗാനം പറയുന്നത് എന്ന് അറിയാൻ ശ്രമിക്കേണ്ടിവന്നു. ആ പാട്ടിന് എന്താണ് എന്നെ സംബന്ധിച്ച് അർത്ഥം? മുമ്പ് അടിച്ചമർത്തലിന്റെകൂടി ഭാഗമായിരുന്ന പാട്ട് ഇന്ന് പാടെ മാറുന്നു. ഇതൊരു ഐറണിയാണോ? അടിച്ചമർത്തലിന് ജനങ്ങൾക്കു മേൽ ഉപയോഗിച്ചിരുന്നതു മുമ്പ് ഈ പാട്ടാണ്. നമുക്കു പരിശോധിക്കേണ്ടത് ചരിത്രപരമായി, സംഗീതപരമായി, ഗാനരചനാപരമായി എന്താണ് ഈ പാട്ടിന്റെ പ്രസക്തി എന്നാണ്.


Related Articles