ക്രിസ്തുമതത്തിലെ പൗരോഹിത്യത്തിനുള്ളിൽ ചില ഗുരുതരപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കേരളത്തെ ബോധ്യപ്പെടുത്തുന്ന പല സംഭവങ്ങളും അടുത്തകാലത്തുണ്ടായി. സിസ്റ്റർ അഭയയുടെ മരണം, ആ കേസിലെ വൈദികരുടെയും കന്യാസ്ത്രീയുടെയും പങ്ക്, സിസ്റ്റർ ജെസ്മിയുടെ ആമേൻ, കൊച്ചിയിലെ കന്യാസ്ത്രീ സമരം, ആ സമരത്തിനൊപ്പം നിലകൊണ്ടതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എന്നിങ്ങനെ ചില സംഭവവികാസങ്ങളും പൊട്ടിത്തെറികളും ഗൗരവമേറിയ ചർച്ച അർഹിക്കുന്നുണ്ട്.
സഭയ്ക്കു വേണ്ടത് ആരെയാണ്-സിസ്റ്റർ ലൂസിയെയോ, സിസ്റ്റർ സ്റ്റെഫിയെയോ എന്ന തലത്തിൽ, തിരുവനന്തപുരം കനകക്കുന്ന് പാലസിൽ സംഘടിപ്പിച്ച 'സ്‌പെയ്‌സസി'ൽ ആഗസ്റ്റ് 31 നടന്ന ചർച്ച-വിശ്വാസം, പൗരോഹിത്യം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള ചിന്തകൾക്ക് കൂടുതൽ തെളിച്ചം പകർന്നു. കന്യാസ്ത്രീമഠങ്ങൾക്കും സെമിനാരികൾക്കും വിശ്വാസകേന്ദ്രങ്ങൾക്കും പിന്നിൽ എന്തു നടക്കുന്നുവെന്ന് അന്വേഷിച്ച സംവാദത്തിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, സിസ്റ്റർ ജെസ്മി, ഡോ. അഷ്‌റഫ് കടയ്ക്കൽ എന്നിവർ പങ്കെടുത്തു. അഡ്വ. എം.എസ്. സജി മോഡറേറ്ററായിരുന്നു.
എം.എസ്.സജി: കന്യാസ്ത്രീമഠങ്ങളിലും പള്ളികളിലും നീണ്ട ഇടനാഴികളുണ്ട്. എന്നാൽ ഇവിടെ നമ്മൾ ചർച്ച ചെയ്യുന്ന ക്ലോയിസ്റ്റർ എന്നത് അതിനൊക്കെ അപ്പുറമാണ്. അത് മതിലുകൾതന്നെയാണ്. സന്ന്യാസ ജീവിതം ആരംഭിക്കുമ്പോൾ ബാഹ്യലോകത്തുനിന്നുള്ള വിച്ഛേദനം നടക്കുന്നുണ്ട്. ബാഹ്യലോകത്തുനിന്ന് വിച്ഛേദിച്ച് സ്വയം ഉൾവലിഞ്ഞ ധ്യാനമായി സന്ന്യാസം മാറുകയാണ്. ധ്യാനമായി മാറുന്നു എന്നത് അതിന്റെ ആധ്യാത്മികമായ അർത്ഥത്തിൽ മാത്രമല്ല. ഒരു ഏകാന്തതയിലേക്കു വലിയുകയാണ്. എന്നാൽ അതിനെ മറികടന്ന സന്ന്യാസികളുമുണ്ട്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച സന്ന്യാസിനികളുമുണ്ട്. സിസ്റ്റർ നിവേദിത പെട്ടെന്നു പറയാവുന്ന ഉദാഹരണമാണ്. സ്വാമി വിവേകാനന്ദന്റെ സ്വാധീനത്തിൽ ഇന്ത്യയിലെത്തുകയും അവർ നിവേദിത എന്ന പേര് സ്വീകരിക്കുകയും ബ്രഹ്‌മചര്യം എന്നവ്രതം എടുക്കുകയും ചെയ്തു. മറ്റൊന്ന് മദർ തെരേസ. അവർ ഇന്ത്യയിലെത്തിയശേഷം 30 വർഷങ്ങൾക്കുശേഷമാണ് നാട്ടിലേക്കു പോയതെന്ന് അറിയുന്നു. ഇവരൊക്കെ ആവൃതി, ക്ലോയിസ്റ്ററിനെ ലംഘിച്ച ആളുകളാണ്. മതത്തിന്റെ, സന്ന്യാസത്തിന്റെ, മഠത്തിന്റെ കൂടുകളിൽ ഒതുങ്ങിനിന്നുകൊണ്ട് മാത്രമാണോ ആധ്യാത്മികത സാധ്യമാകുക? ആധ്യാത്മികത സമൂഹവുമായി ഇടപഴകുന്നതിലൂടെ സാധ്യമാകുന്ന ഒന്നാണോ? അത് മനുഷ്യന്റെ ദുഃഖത്തിന്റെ കൂടെ പങ്കെടുത്തുകൊണ്ടുള്ള സേവനമാണോ? ഇതുമായി ബന്ധപ്പെട്ട സംഘർഷമാണ് സമീപകാലത്ത് സിസ്റ്റർ ലൂസിയും അതിനു മുമ്പ് സിസ്റ്റ ർ ജെസ്മിയുമൊക്കെ ഉയർത്തുകയും ചർച്ചയാവുകയും ഇപ്പോഴും സജീവമായി നിൽക്കുകയും ചെയ്യുന്നത്.ഇരുട്ടുള്ള മുറികളിൽ ഉൾവലിഞ്ഞുള്ള ജീവിതമാണോ യഥാർത്ഥ ആധ്യാത്മികത? മനുഷ്യനോടുള്ള ഇടപെടലാണോ, സഹവാസമാണോ ആധ്യാത്മികത. എൺപതുകളിൽ സന്ന്യാസിനിയായി മാറിയ, അധ്യാപികയായി പ്രവർത്തിക്കുന്ന, ഇപ്പോഴും മഠത്തിൽ ജീവിക്കുന്ന, എന്നാൽ അധികാരികളുമായി പല രീതിയിൽ സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സിസ്റ്റർ ലൂസി. അടച്ചിട്ട മുറികളാണോ, തുറന്ന ലോകമാണോ ഒരു സന്ന്യാസിനിക്കു വേണ്ടത്?
