'സ്‌പെയ്‌സസി'ന്റെ ഭാഗമായി നടന്ന ഈ ചർച്ചയിൽ ജോണി എം. എൽ മോഡറേറ്ററായിരുന്നു. ദലിത് പക്ഷപ്രവർത്തക മായാ പ്രമോദ്, മാധ്യമപ്രവർത്തകർ ബിജു മുത്തത്തി, ലൈംഗികതൊഴിലാളി നളിനി ജമീല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജോണി എം.എൽ: ഈ വിഷയത്തിന് ഒരു പ്രശ്‌നമുണ്ട് എന്നു ഞാൻ കരുതുന്നു. ചേരികളെയും കോളനികളെയും അവഗണിക്കുന്നതിനു പകരമായി അവയെ അംഗീകരിക്കണം എന്നു പറയുമ്പോൾ കോളനികളും ചേരികളും സമൂഹത്തിൽ ഉണ്ടാവണം എന്ന നിർബന്ധബുദ്ധി ധ്വനിപ്പിക്കുന്നതായി തോന്നുന്നു. ഇല്ലാത്തവയെ അംഗീകരിക്കേണ്ടതായ ആവശ്യമില്ലല്ലോ. വി.കെ.എൻ.-ന്റെ ഒരു നോവലിൽ, സുനന്ദ എന്ന കഥാപാത്രത്തെ ചെറ്റപ്പുരകളെ അഥവാ ഡൽഹിയിലെ ഝുംഗി-ഝോപ്പഡികളെ നിലനിർത്തുന്നവൾ എന്നാണ് പറയുന്നത്. നമ്മുടെ സമൂഹത്തിലും ഇത്തരം ചേരികളെയും കോളനികളെയും നിലനിർത്താനായി ശ്രമിക്കുന്ന സർക്കാരിതര സംഘടനകൾ ഉണ്ട്.
ഈ അടുത്തകാലത്ത് തിരുവനന്തപുരത്തെ ചെങ്കൽച്ചൂള കോളനിയിലെ വാദ്യകലാകാരനായ സതീഷിനെ തിരുവനന്തപുരത്തെ വഞ്ചിയൂർ പോലീസ് ചോദ്യം ചെയ്യുന്ന ഒരു സംഭവം ഉണ്ടായി. ഏതു പ്രദേശത്തുകാരനാണ് എന്ന പോലീസിന്റെ ചോദ്യത്തിന് രാജാജി നഗറിലെ എന്നു പറഞ്ഞപ്പോൾ ചെങ്കൽച്ചൂള എന്നു പറയെടാ എന്നു പോലീസുകാർ ആക്രോശിച്ചു. ചെങ്കൽച്ചൂളയിലെ താമസക്കാരിയും സതീഷിന്റെ ഭാര്യയുമായ ധനുജാകുമാരി 'ചെങ്കൽച്ചൂളയുടെ ആത്മകഥ' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ചേരികളെക്കുറിച്ചും കോളനികളെക്കുറിച്ചും പൊതുസമൂഹത്തിനൊരു കാഴ്ചപ്പാടുണ്ട്. മദ്യം, മയക്കുമരുന്ന് മുതലായവ വിൽക്കുന്നവരും അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആയ ആളുകൾ താമസിക്കുന്ന ഇടമാണ് ചേരികളും കോളനികളും എന്നുള്ളതാണ് പ്രധാന കാഴ്ചപ്പാട്. അല്ലെങ്കിൽ സിനിമാതാരങ്ങളുടെ ഫാൻസ് ക്ലബ്ബ് ഭാരവാഹികളായ ആളുകൾ താമസിക്കുന്ന ഇടം, അല്ലെങ്കിൽ ഏതു രാഷ്ട്രീയ പാർട്ടികൾക്കും അനുയായികളെ കിട്ടുന്ന ഇടം എന്നൊക്കെയാണ് മറ്റു ചില കാഴ്ചപ്പാടുകൾ. ബിജു മുത്തത്തി ചെയ്ത ഒരു ടി. വി. പരിപാടിയിൽ ഇത്തരം പല കാഴ്ചപ്പാടുകളെയും തിരുത്തുന്നുണ്ട്. ചെങ്കൽച്ചൂള കോളനിയായിരുന്നു ബിജു മുത്തത്തി ഈ പരിപാടിക്കുവേണ്ടി ഉൾപ്പെടുത്തിയിരുന്നത്.
