''ആടുവോമേ
പള്ള് പാടുവോമേ
ആനന്തസുതന്തിരം
അടൈന്തുവിട്ടോം എൻറ്
എങ്കും സുതന്തിരം
എൻപതേ പേച്ച്
നാം എല്ലോരും
സമമെൻപതുറുതിയാച്ച്
ശങ്കുകൊണ്ടേ വെറ്റ്‌റി
ഊതുവോമേ
ഇന്ത തരണിക്കെല്ലാമെടുത്ത്
ഓതുവോമേ.''
-(സുബ്രഹ്‌മണ്യഭാരതി)
''ആടുകയും ചെയ്യാം
പാടുകയും ചെയ്യാം
ആനന്ദസ്വാതന്ത്ര്യം നാം
അറിഞ്ഞുവല്ലോ
എങ്ങും സ്വാതന്ത്ര്യമായ്
എന്നതിൻ മുഴക്കം
നാമെല്ലാരും
സമമമാണെന്നറിയുകയായ്
ശംഖുകൊണ്ട്
വിജയകാഹളമൂതിടാം
ഈ ധരണിയെല്ലാം ചെന്നു
കീർത്തിച്ചിടാം.'' (വിവർത്തനം)
വിഖ്യാതകവി സുബ്രഹ്‌മണ്യഭാരതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെഴുതിയ വരികളാണിത്. സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അദ്ദേഹം അന്നു കുറിച്ച ആ വാക്കുകളിൽ ഇന്നെന്തെങ്കിലും കഴമ്പുള്ളതായി എനിക്കു തോന്നുന്നില്ല. ഏതെങ്കിലും സ്വപ്‌നലോകത്തായിരുന്നുവോ അദ്ദേഹം ജീവിച്ചത്? അതും എനിക്കറിയില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് ഭാരതി ഈ വരികളെഴുതിയതെന്ന് അറിയാതെയല്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നിപ്പോൾ വർഷം എഴുപതു കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അർത്ഥമുണ്ടോയെന്ന് ഈ സന്ദർഭത്തിലും നാം അന്വേഷിക്കേണ്ടിവരുന്നു. അർത്ഥമുണ്ടെങ്കിൽ അതെന്താണ്? എവിടെയാണതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്? ആ സ്വാതന്ത്ര്യമുപയോഗിച്ച് എന്തൊക്കെയാണ് നാം ചെയ്യുന്നത്? ആലോചിക്കേണ്ട വിഷയങ്ങളാണ് ഇവയെല്ലാം. ഇത്തരം ചോദ്യങ്ങളൊന്നും ഇന്നു നമ്മൾ ഉന്നയിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും ജനാധിപത്യം അതിന്റെ വഴിക്ക് എങ്ങോട്ടെങ്കിലും നീങ്ങിപ്പോയെന്നു വരാം. സ്വാതന്ത്ര്യം എന്ന വാക്കുതന്നെ നാം മറന്നുപോയി എന്നും വരാം.
