ഉസ്താദ്

ദിവസം പൂർണ്ണമാകുന്നതിനു മുൻപ് അസാധാരണമായി എന്തോ ഒന്നു സംഭവിക്കാൻ പോകുന്നതായി തോന്നിയ ഉസ്താദ് പതിവിനു മുന്നേ ഉണർന്നു കണ്ണുമിഴിച്ചു. കമ്പിളിപ്പുതപ്പ് ഓരത്തേക്കു മാറ്റിയിട്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.'യാ അല്ലാഹ്" എന്നുരുവിട്ടു. ഉള്ളം കൈകകൾ കൊണ്ടു മുഖം തലോടി. ചെറുതായി വായതുറന്നു താടി ചൊറിഞ്ഞു. 'താടി ശരിയാക്കിയിട്ടു കുറേനാളായി' എന്നു പിറുപിറുത്തു കൊണ്ടു ചുമരിലെ ക്ലോക്കിലേക്കു നോക്കി.സുബഹി നിസ്ക്കാരത്തിന് സമയമാവുന്നതേയുള്ളൂ. ഫാനിൻ്റെ ശബ്ദവും ഒഴിവാക്കാനാവാത്ത അതിൻ്റെ താളാത്മകതയും ആ ഇരുളിൽ എന്നത്തേയും പോലെയല്ലാതെ ഉറക്കെ ഇപ്പോൾ കേൾക്കുന്നതായി തോന്നി. ദൂരെ ഒഴുകുന്ന ഗംഗാജലത്തിൽ പൊങ്ങിക്കിടക്കുന്ന മീൻവളളങ്ങളിൽ നിന്നു വരുന്ന പാട്ടിൻ്റെ ഒച്ചയും മെല്ലെ കേൾക്കുന്നുണ്ട്.ആ ശബ്ദം മറച്ചു കൊണ്ട് കൽത്തറയിൽ സൈക്കിൾ റിക്ഷയുടെ ടയറുരുളുന്ന ശബ്ദം കേട്ടു.

'മഹാദേവും ഇന്നു വേഗം വന്നു' എന്നു തനിക്കുള്ളിൽപ്പറഞ്ഞുകൊണ്ട് ഉസ്താദ് എഴുന്നേറ്റു. വിളക്കു കൊളുത്തി കിടക്കയുടെ തലഭാഗത്തേക്കു നീങ്ങി തലയണയ്ക്കടിയിലിരുന്ന ബീഡി ക്കെട്ടും തീപ്പെട്ടിയും എടുത്തുകൊണ്ടു വീണ്ടും കട്ടിലിലിരുന്നു. കെട്ടിൽ നിന്നും ഒരു ബീഡി ഊരി അതിൻ്റെ മുനകൊണ്ടു തീപ്പെട്ടിമേലേ രണ്ടുമൂന്നുപ്രാവശ്യം തട്ടി, അതെടുത്തു ചുണ്ടുകൾക്കിടയിൽ വെച്ചു. അതിനു ശേഷം ചുണ്ടുകൾക്കിടയിൽ നിന്നെടുത്തു വീണ്ടും കെട്ടിന്നുള്ളിലേക്കു തിരുകി. ബീഡിക്കെട്ടും തീപ്പെട്ടിയും വീണ്ടും തലയണയ്ക്കടിയിൽ വെച്ച് എഴുന്നേറ്റു. നടന്നു മുൻഭാഗത്തെ മുറിയിൽ വന്നു വാതിൽക്കലേക്കു നോക്കി 'ഇതാ വരുന്നു' എന്നു പറഞ്ഞു കുളിമുറിക്കു നേരേ ചെന്നു. വെളിയിൽ റിക്ഷയുടെ മണിനാദം ശരി എന്നു മറുപടി പറഞ്ഞു.

ഉറയിൽ ഉറങ്ങുന്ന വാദ്യത്തെ കൈയ്യിലെടുത്തുകൊണ്ടു വാതിൽത്തുറന്നു പടികളിറങ്ങി തെരുവിൽ കാൽ വെച്ച നിമിഷം കുളിർകാറ്റിൽ ബാങ്കുവിളി മുഴങ്ങി. ഉസ്താദ് ഒരു സെക്കൻ്റുനിന്നു. മനസ്സിനുള്ളിൽ മുട്ടുകുത്തി തൊഴുതു. തൊപ്പി ശരിയാക്കി റിക്ഷയുടെ ഇരിപ്പിടപ്പടിയിൽ പിടിച്ചുകൊണ്ടു കയറുന്നതിനിടയിലാണു വന്നിരിക്കുന്നത് മഹാദേവല്ല എന്നു ശ്രദ്ധിച്ചത്. പെട്ടെന്നു കാൽ പിൻവലിച്ചു.


Related Articles