നോവൽ ഭാവനാപ്രദേശം മാത്രമോ?. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളിലെഴുതിത്തുടങ്ങിയ പ്രമുഖരായ മൂന്നുപേർ പങ്കെടുത്ത സംവാദമാണ് നിങ്ങൾ വായിക്കാൻ പോകുന്നത്. എം. മുകുന്ദൻ, ബെന്യാമിൻ, സംവാദം നയിച്ചുകൊണ്ട് മനോജ് കുറൂർ.
മനോജ് കുറൂർ: ഭാവന എന്നത് തത്ത്വചിന്തകരുടെയും സൈദ്ധാന്തികരുടെയുമെല്ലാം കാഴ്ച്ചപ്പാടിൽ, നമ്മുടെ ഇന്ദ്രിയാനുഭൂതികളുമായി ബന്ധപ്പെട്ട സംഗതിയാണ്. ജീവജാലങ്ങളും മറ്റു വസ്തുക്കളും എല്ലാം ചേർന്ന് നമ്മുടെയുള്ളിൽ ഉണ്ടാക്കുന്ന ബോധമാണത്. നമ്മൾ മറ്റുള്ളവരെക്കുറിച്ചുണ്ടാക്കുന്ന ധാരണകളെല്ലാം ഒരുതരത്തിൽ ഭാവനാപരമാണ്; മറ്റുള്ളവർ നമ്മളെക്കുറിച്ചുണ്ടാക്കുന്ന ധാരണകളും പൊതുവെ അങ്ങനെതന്നെ.
ഇന്ദ്രിയാനുഭവങ്ങൾക്കു പുറത്ത് നമ്മൾ മനസ്സിലാക്കുന്ന കാര്യങ്ങളെ ഭാവന എന്നു പറയാറുണ്ട്. 'ബൊറോമിയൻ കുരുക്ക്' പ്രകാരം മൂന്നു തലങ്ങളുണ്ട്. ഭാവനയുടെ തലം, പ്രതീകാത്മകമായ തലം, യാഥാർഥ്യത്തിന്റെതായ തലം. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. പുതിയകാലത്ത് കാര്യങ്ങൾ കൂടുതൽ പ്രശ്‌നവത്ക്കരിക്കപ്പെടുകയാണ്.virtuality എന്ന ഒരിടംകൂടി യാഥാർഥ്യത്തെ സംബന്ധിച്ച് നമ്മൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള സാധ്യതകളെല്ലാം നോവലെഴുത്തിൽ ഉപയോഗിച്ചിട്ടുള്ള രണ്ട് പ്രധാനപ്പെട്ട എഴുത്തുകാരാണ്, എം. മുകുന്ദനും ബെന്യാമിനും, ഇന്ന് എന്നോടൊപ്പമുള്ളത്. സ്ഥലം, കാലം, കഥാപാത്രം എന്നിവ തന്റെ രചനകളിൽ എം. മുകുന്ദൻ എപ്രകാരമാണ് ആവിഷ്‌ക്കരിച്ചതെന്നും എഴുത്തിന്റെ രാസപ്രക്രിയ എപ്രകാരമാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം നമ്മളോട് പറയും.
