അമ്മറാണിമാരും പെൺപെരുമയും

Interview

അമ്മറാണിമാരും പെൺപെരുമയും


പഴയ തിരുവിതാംകൂറിന്റെ രാജഭരണ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള സ്ത്രീകളുടെ ഭരണസാരഥ്യത്തെ മുൻനിർത്തിയുള്ള വിഷയത്തിൽ, ചരിത്രകാരനും ഗവേഷകനുമായ മനു എസ്. പിള്ളയുമായി അധ്യാപികയും എഴുത്തുകാരിയുമായ ഡോ. മീന ടി. പിള്ള നടത്തിയ അഭിമുഖം.

മീന ടി. പിള്ള: വ്യത്യസ്തമായ രീതികളിൽ എന്റെയും നിങ്ങളുടെയും ജീവിതത്തെ സ്പർശിക്കുന്ന കേരളത്തിന്റെ ഒരു പഴയകാലത്തെക്കുറിച്ചാണു നാമിവിടെ ചർച്ചചെയ്യുന്നത്. ആ കാലം ഇങ്ങിനി വരാത്തവണ്ണം കടന്നുപോയി. മരുമക്കത്തായ സമ്പ്രദായത്തിൽനിന്ന് മക്കത്തായത്തിലേക്കും പുരുഷകേന്ദ്രിതമായ സമൂഹത്തിലേക്കും ഒടുവിൽ പുരുഷാധിപത്യസമൂഹത്തിലേക്കും കേരളം മാറിക്കഴിഞ്ഞു. സ്ത്രീകൾക്ക് കർത്തൃത്വമുണ്ടായിരുന്ന ഒരു പൂർവ്വകാലം ഒരു നൂറ്റാണ്ടിനുമുമ്പ് ഇവിടെയുണ്ടായിരുന്നു എന്നത് വാസ്തവമാണ്. സ്ത്രീകൾക്ക് അധികാരവും ആധിപത്യവുമുണ്ടായിരുന്ന ആ പഴയകാലം ഇപ്പോൾ ഓർമ്മകളിൽമാത്രമാണ്. 2019-ൽ നമ്മളിവിടെയിരുന്ന് നമുക്കു നഷ്ടപ്പെട്ടുപോയ ആ പഴയ ഇടങ്ങളെക്കുറിച്ച് സംവദിക്കുന്നു. ചരിത്രത്തിന്റെ അത്തരം കാലടിപ്പാടുകൾ ഇപ്പോഴും നമ്മുടെ ഓർമ്മകളിലുണ്ട്. സ്ത്രീ ആധിപത്യമുള്ള അമ്മറാണിമാരെക്കുറിച്ച് മനുവിന്റെ എഴുത്തുകളിലും ഗവേഷണങ്ങളിലും വായിക്കാൻ കഴിയുന്നുണ്ട്. രാജഭരണകാലത്ത് സ്ത്രീകൾക്ക് അധികാരവും കർത്തൃത്വവുമുണ്ടായിരുന്നതിനെക്കുറിച്ച് ശക്തിയും ഓജസ്സുമുള്ള വാക്കുകളിൽ മനു എഴുതിയിരിക്കുന്നു. രസകരമായ അത്തരം അന്വേഷണങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഈ സംഭാഷണം ആരംഭിക്കാം.

മനു എസ്. പിള്ള: ഞാൻ കുറച്ചുമാസങ്ങൾക്കുമുമ്പ് തൃപ്പൂണിത്തുറയിൽ കൊച്ചിരാജകുടുംബത്തിലെ ചില മുതിർന്ന അംഗങ്ങളെ കണ്ട് അവരോട് സംസാരിക്കുകയായിരുന്നു. അവിടെയും മരുമക്കത്തായ സമ്പ്രദായമായിരുന്നു. ഭർത്താക്കന്മാർ വന്നിരുന്നത് തമ്പുരാൻ വിഭാഗത്തിൽനിന്നാണ്. കൊച്ചിയിൽ അതു പഴയ നമ്പൂതിരിവിഭാഗത്തിൽ നിന്നായിരുന്നു. സംബന്ധസമ്പ്രദായത്തിൽ കൊച്ചി രാജകുടുംബത്തിൽ രാജകുമാരിമാർക്കുവേണ്ടി എത്തിയിരുന്ന പുരുഷന്മാർ 'ഇരിപ്പുകാർ' എന്നാണ് അറിയപ്പെട്ടത്. ഭർത്താക്കന്മാർ എന്നല്ല ഇരിപ്പുകാർ എന്നുതന്നെയാണ് അവർ വിളിക്കപ്പെട്ടത്. കൊട്ടാരത്തിൽ വന്ന് ഇരിക്കുകയാണ് അവരുടെ ജോലി. ഭാര്യമാർ വന്നു വിളിക്കുമ്പോഴാണ് അവർക്കു പദവി ലഭിക്കുന്നത്. സാധാരണ നമ്പൂതിരികുടുംബങ്ങളിൽനിന്നു വന്നവരാണെങ്കിൽ അവർ സാധാരണ ഭർത്താക്കന്മാരായി പരിഗണിക്കപ്പെടും. ഉയർന്ന നമ്പൂതിരികുടുംബങ്ങളിൽനിന്നു വരുന്ന നമ്പൂതിരിപ്പാടുമാർക്ക് കുറച്ചുകൂടി ഉയർന്ന പദവി ലഭിച്ചിരുന്നു. അവർക്കു സാധാരണ നമ്പൂതിരിമാരെക്കാൾ ഉയർന്ന വേതനവും ലഭിച്ചിരുന്നു. സാധാരണ നമ്പൂതിരിക്കു പ്രതിമാസം ആറുരൂപ ശമ്പളം കിട്ടുമ്പോൾ നമ്പൂതിരിപ്പാടിന് എട്ടുരൂപ ശമ്പളം കിട്ടുന്നു. ചെയ്യുന്ന ജോലി ഒന്നുതന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നമ്പൂതിരിമാർ ഈ വിവേചനത്തെ ചോദ്യം ചെയ്യുകയും തുല്യജോലിക്കു തുല്യവേതനം വേണമെന്ന് രാജാവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതായിരുന്നു കൊച്ചിയിലെ സ്ഥിതി.


Related Articles