"ഒരു പെണ്ണ്
മരത്തിന്റെ മണ്ടയിലിരുന്നാണ്
മുടി അഴിച്ചു വിതറുന്നത്.
അവളുടെ മുടിയിൽ
നിന്നൂർന്നു വീഴുന്ന
പൂക്കളെ ചുംബിക്കാൻ
ഞാനതിന്റെ
ചോട്ടിൽ ചെന്നിരിക്കും...''
റാവുള ഭാഷയിലും മലയാളത്തിലും കവിത എഴുതുന്ന സുകുമാരൻ ചാലിഗദ്ദയുടെ ''ഞാനൊരു പൂമരം നട്ടിട്ടങ്ങുപോയി'' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. സുകുമാരൻ ചാലിഗദ്ദ കവിതയെഴുതുമ്പോൾ കേരളകവിതയിലേക്ക് ഒരു കാട് പടർന്നേറുന്നു. പുഴപാടി ഒഴുകിവരുന്നു. മീനുകൾ ഓളം വെട്ടുന്നു. ആനകൾ അക്ഷരമെഴുതി പഠിക്കുന്നു. കുഞ്ഞുതുമ്പികളും മിന്നാമിനുങ്ങുകളും ഉറക്കമുണരുന്നു. വണ്ടുകൾ രക്ഷപ്പെട്ടുവന്ന് മൂളി വിളിക്കുന്നു. മുയലുകൾ തുള്ളിവരുന്നു...
കാഴ്ചയുടെ കവിതകളാണ് സുകുമാരൻ ചാലിഗദ്ദയുടേത്. കാഴ്ചകൾ പുറംകാഴ്ചകളല്ലെന്നുമാത്രം. ഗോത്രമനസ്സുള്ള ഒരു കവി തന്റെ ബോധതലത്തിൽ അനുഭവിക്കുന്ന കാഴ്ചകളാണ് കവിതകളായി ഇവിടെ പിറവികൊള്ളുന്നത്. താൻ അന്തർവഹിക്കുന്ന കാഴ്ചകളുടെ പെരുക്കംകൊണ്ട് വാക്കുകളും വരികളും അനായാസമായി പുറപ്പെടുന്നു. ഗോത്രജീവിതത്താൽ ആർജ്ജിച്ചെടുത്ത പ്രകൃതിയറിവുകളും നാട്ടറിവുകളും ആളറിവുകളും കവിയുടെ ഉള്ളിൽ ഊറിക്കൂടുമ്പോഴാണ് കാഴ്ചയുടെ ഭിന്നവിതാനങ്ങൾ അങ്ങനെ രൂപം കൊള്ളുന്നത്. നേരിട്ടുള്ള കാഴ്ചകളെക്കാൾ ഉള്ളിലുണരുന്ന കാഴ്ചകൾക്ക് കുറേ ദോഷങ്ങളുമുണ്ട്. ഉള്ളിലെ കാഴ്ചകൾക്ക് രേഖീയത കുറവായിരിക്കും. മുമ്പു കണ്ടതും ഇപ്പോൾ കാണുന്നതും ഇനി കാണാനിരിക്കുന്നതുമായ കാഴ്ചകളെല്ലാം കൂടിക്കുഴഞ്ഞ് ദൃശ്യ അനുഭവങ്ങളെ അത് സങ്കീർണ്ണമാക്കിക്കളയും. അപ്പോൾ കവിക്ക് താനൊരു മരത്തിന്റെ കല്യാണത്തിനുപോയതായി തോന്നാം. പുഴകൾ പൂക്കളുമായി വരുന്നതായി തോന്നാം. വനത്തിന് ചിറകുകൾ വച്ചതായി തോന്നാം. കാഴ്ചകൾക്ക് നൈരന്തര്യമോ സ്ഥലകാലപ്പൊരുത്തമോ ആദിമധ്യാന്തപ്പൊരുത്തമോ ഇല്ലാത്ത അപകേന്ദ്രിതമായ അവസ്ഥ സൃഷ്ടിക്കപ്പെടുകയാണിവിടെ. കലങ്ങിക്കിടക്കുന്ന തോട്ടുവാ പോലിരിക്കാം അത്. സമയമെടുത്തു നോക്കിയാൽ തെളിയും. തെളിനീരുറവയും കാണാം.
