യുക്തിവാദിയുടെ ജീവിതഘട്ടങ്ങൾ

Interview

യുക്തിവാദിയുടെ ജീവിതഘട്ടങ്ങൾ


ഇ.എ. ജബ്ബാറിനെ ഞാൻ ആദ്യമായി കാണുന്നത് 2010 ജനുവരിയിലാണ്. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ധൈര്യശാലികളായ മനുഷ്യരിൽ ഒരാൾ എന്നാണ് അദ്ദേഹത്തെപ്പറ്റി പലപ്പോഴും തോന്നിയിട്ടുള്ളത്. അതിന്റെ കാരണം വ്യക്തമാണ്. മതവിമർശനം എന്നുള്ളത് ഇന്ന് ഏറ്റവും സാഹസികമായ രാഷ്ട്രീയപ്രവർത്തനമാണ്. വളരെ സുതാര്യമായാണ് മാഷത് നിർവഹിക്കുന്നത്. എത്രയെത്ര മതേതര-നാസ്തിക പ്രചാരകരെയാണ് മതം ഇപ്പോഴും കശാപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. 34 വർഷമായി ജബ്ബാർമാഷ് സ്വന്തം പ്രദേശമായ മലപ്പുറത്തും കേരളത്തിലെമ്പാടും യുക്തിവാദിപ്രവർത്തനവും ശാസ്ത്രപ്രചാരണവും നടത്തുന്നു. മതമൗലികവാദികളുടെ ഭീഷണി അദ്ദേഹത്തിനെതിരേയും വന്നുകഴിഞ്ഞു.ഈ പശ്ചാത്തലത്തിലാണ് അദ്ദേഹവുമായി ഒരു സംഭാഷണത്തിനു പ്രസക്തിയേറുന്നത്.

രവിചന്ദ്രൻ സി: സ്‌കൂൾതലംതൊട്ടു കോളജു വരെയുള്ള കാലഘട്ടത്തിലാണ് താങ്കളുടെ ജീവിതത്തിൽ ചിന്താവ്യതിയാനം സംഭവിച്ചത് എന്നു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇതെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?

ഇ. എ. ജബ്ബാർ: ഇതിനെക്കുറിച്ച് ഒരു മനഃശാസ്ത്രപരമായ വിശകലനമൊന്നും ഞാൻ നടത്തിയിട്ടില്ല. ഒരാൾക്ക് അയാളെക്കുറിച്ചു തന്നെ ഒരു അനാലിസിസ് നടത്താൻ പറ്റുമോ എന്നുമറിയില്ല. പക്ഷേ, എനിക്ക് തോന്നുന്നത്, സഹജമായിത്തന്നെ ഒരു ചെറിയ ശതമാനം മനുഷ്യരിൽ യുക്തിപരമായ ചിന്താശേഷി അൽപ്പം കൂടുതൽ ഉണ്ടെന്നാണ്. അതുപറയാൻകാരണം, പ്രൈമറിക്ലാസ്സിൽ പഠിക്കുന്ന കാലത്തുതന്നെ സഹപാഠികളായ മറ്റു കുട്ടികൾക്കൊന്നും ഇല്ലാത്ത തരത്തിലുള്ള ചില ചിന്തകളും വികാരങ്ങളും എന്നെ സ്വാധീനിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. അതിനു ഒരു ചെറിയ ഉദാഹരണം പറയാം. നാലാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ ഉണ്ട്, കുഞ്ഞുരാമൻമാഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ആ സ്‌കൂളിൽ എന്റെ പിതാവ് ഉൾപ്പെടെ വേറെ നാല് അധ്യാപകർ ഉണ്ടായിട്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകൻ ഈ കുഞ്ഞിരാമൻമാഷായിരുന്നു. ബാക്കി നാലുപേരും മുസ്‌ലിം അധ്യാപകർ ആയിരുന്നു. കുഞ്ഞിരാമൻമാഷ് മാത്രമാണ് അവിടെ ഒരു അമുസ്‌ലിം അധ്യാപകൻ ആയിട്ടുള്ളത്. അദ്ദേഹം നന്നായി കവിത ചൊല്ലും, പാട്ടുപാടും, ചിത്രംവരയ്ക്കും, കുട്ടികളെ വടിയെടുത്തു ശിക്ഷിക്കയില്ല, വളരെ സ്‌നേഹപൂർവ്വം പെരുമാറും. അതുകൊണ്ടുതന്നെ ആ അധ്യാപകനോട് സ്വാഭാവികമായിട്ടും എനിക്ക് വളരെയധികം അടുപ്പം ഉണ്ടായി.


Related Articles