സൈനിക മേഖലയിൽ പ്രവർത്തിച്ച ഒരു മലയാളി വനിതയുടെ പട്ടാളജീവിതസ്മരണകൾ വായനാസമൂഹം ആദ്യമായി വായിക്കുന്നത് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ കൃതികളിലൂടെയാണ്. പാറപ്പുറത്തിനും നന്തനാർക്കും കോവിലനും ശേഷം വർത്തമാനകാല തലമുറയുടെ പ്രതിനിധിയായി പട്ടാളബാരക്കുകളിലെ സംഭവബഹുലവും ഉദ്വേഗജനകവും സാഹസികവുമായ ജീവിതത്തെ സൂഷ്മമായി അവതരിപ്പിക്കാൻ സോണിയയ്ക്കു സാധിച്ചിട്ടുണ്ട്. 2002 മുതൽ 2016 വരെ ഇന്ത്യൻ കരസേനയിൽ ദന്തൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ സേവനമനുഷ്ഠിച്ചു. "ഇന്ത്യൻ റെയിൻബോ', എന്ന ഓർമ്മക്കുറിപ്പിലൂടെയും "അവളവൾ ശരണം' എന്ന ജീവിതമെഴുത്തിലൂടെയും"സ്‌നോ ലോട്ടസ്' എന്ന നോവലിലൂടെയും അനുഭവത്തിന്റെ വ്യത്യസ്തമായ ഒരു തലമാണ് സോണിയ ചെറിയാൻ മലയാളത്തിൽ അവതരിപ്പിച്ചത്. ഈ അഭിമുഖ സംഭാഷണത്തിൽ പട്ടാളജീവിതവും വ്യക്തിജീവിതവും സാഹിത്യപ്രവർത്തനവുമാണ് ചർച്ചാവിഷയമാവുന്നത്.
ജോസഫ് കെ ജോബ്: സാഹസികവും ത്യാഗപൂർണ്ണവുമാണ് മിലിട്ടറി ജീവിതം. അതിലേക്ക് എത്തിപ്പെടുന്നതെങ്ങനെയാണ്?
സോണിയ ചെറിയാൻ: കുഞ്ഞുനാൾ തൊട്ടേ മിലിട്ടറിയോട് ഒരു പാഷനുണ്ടായിരുന്നു. പട്ടാളമെന്തെന്ന് കാര്യമായിട്ടൊന്നും അറിയില്ലായിരുന്നെങ്കിലും ഏതൊക്കെയോ വിദൂര സ്ഥലങ്ങൾ, നമ്മൾ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത കാര്യങ്ങൾ അങ്ങനെ ഒരു അവ്യക്തധാരണയും കൗതുകവും മനസ്സിൽ വന്നുകൂടിയിരുന്നു. ഒരമ്മാവൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. ഞാൻ തീരെ ചെറുതായിരുന്നപ്പോഴേ അദ്ദേഹം പട്ടാളം വിട്ടു തിരിച്ചുപോന്നതാണ്. അക്കാലത്തിന്റെ ഓർമ്മകൾ ഒന്നുമില്ല. അമ്മാവൻ അങ്ങനെ പട്ടാളക്കഥകളും പറയില്ലായിരുന്നു.
