തെറിമലയാളവും അമ്മമലയാളവും

Interview

തെറിമലയാളവും അമ്മമലയാളവും


കുരീപ്പുഴ ശ്രീകുമാർ കവികളിൽ ആൾക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്ന ആളാണ്. നിർഭയമായ നീതിബോധത്തോടെ സത്യങ്ങൾ വിളിച്ചു പറയുന്ന പച്ച മനുഷ്യരുടെ നാവ് അദ്ദേഹത്തിനുണ്ട്. നാക്ക് എന്നത് അക്ഷരങ്ങൾ വായിക്കാൻ മാത്രമുള്ളതല്ല, നുണകൾക്കെതിരെ എറിയാൻ കൂടിയുള്ളതാണ് എന്ന് ഈ കവി വിശ്വസിക്കുന്നു. അതു കൊണ്ടുതന്നെ വെറുപ്പ് തീരുന്നില്ല ചിലർക്ക് ഈ കവിയോട്. ഈ വർഷം ഫെബ്രുവരിയിൽ കൊല്ലം ജില്ലയിൽ കോട്ടുക്കൽ എന്ന സ്ഥലത്ത് നടന്ന പൊതുയോഗത്തിനു ശേഷം അസഹിഷ്ണുക്കളുടെ കൈയേറ്റ ശ്രമങ്ങൾക്ക് വിധേയനാവുകയുണ്ടായി ഈ ജനപക്ഷകവി. അതിനുശേഷം തുടർച്ചയായി സോഷ്യൽ മീഡിയകളിൽ കടുത്ത നുണ പ്രചരണങ്ങൾക്കും താറടികൾക്കും കവി വിധേയനാവുകയുണ്ടായി. അതിപ്പോഴും തുടരുന്നു. നോട്ടു നിരോധനത്തെ വിമർശിച്ചപ്പോൾ എം.ടി. വാസുദേവൻ നായരും വലിയ വിമർശനങ്ങൾക്കു വിധേയനായിരുന്നു. എം.ടിയേയും കുരീപ്പുഴയേയും പോലെയുള്ള മലയാളിയുടെ പൊതുസമൂഹ മനഃസാക്ഷികൾ നുണപ്രചാരണങ്ങൾക്കും അസഭ്യങ്ങൾക്കും വിധേയരാകുമ്പോൾ, ആശയ പ്രകാശനത്തിന്റെ ജനാധിപത്യപരമായ തുറസ്സുകൾ ഒന്നൊന്നായി അടയുകയാണോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നു വരും. നാസ്തിക ജീവിതം നയിക്കുകയും സ്വന്തം കുടുംബത്തെയും അത്തരമൊരു ആശയലോകത്ത് നിലനിർത്തുകയും അത് തുറന്നു പറയുകയും ചെയ്യുന്ന കവിയാണ് കുരീപ്പുഴ. അപ്പോഴും കവിതകളിൽ കീഴാളപക്ഷ ബോധങ്ങൾ വാക്കിൻ തുമ്പത്ത് നിറച്ചു വെക്കുകയും ചെയ്യുന്നു. 'കവിയുടെ നാസ്തിക ജീവിതവും രാഷ്ട്രീയവും' തുറന്നു പറയുകയാണ് കുരീപ്പുഴ ഈ അഭിമുഖഭാഷണത്തിൽ. പേടിപ്പിക്കാൻ നോക്കിയാലൊന്നും താൻ നിശ്ശബ്ദനാകില്ല എന്ന് അദ്ദേഹം പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നു കൂടിഉറപ്പിച്ചു പറയുന്നു.

താഹ മാടായി: താങ്കൾ എത്രകാലംവരെ ഹിന്ദുവായിരുന്നു?

കുരീപ്പുഴ ശ്രീകുമാർ: പതിനാറ് വയസ്സുവരെ...ആ പ്രായംവരെ ഞാൻ ഹിന്ദുമത ആചാരങ്ങൾ പാലിച്ചിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ശബരിമലയ്ക്കു പോകുന്നത്. അന്ന് എന്നെക്കൊണ്ടാവുന്ന വിധത്തിൽ വ്രതാനുഷ്ഠാനങ്ങൾ നിരാകരിച്ചു കൊണ്ടാണു പോയത്. സിഗരറ്റു വലിക്കുക, മാംസം ഭക്ഷിക്കുക...അങ്ങനെ. ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ പോർക്ക് കഴിച്ചത് ആ സമയത്താണ്. ശബരിമലയിൽ പോകുമ്പോൾ അങ്ങനെയൊക്കെ ചെയ്താൽ പുലി പിടിക്കുമെന്നാണ് പറയുക. ഒരു പുലിയും പിടിച്ചില്ല.അങ്ങനെ പതിനാറു വയസ്സ് വരെ ഞാൻ ഒരു 'ഹിന്ദു'വാണെന്ന് പറയാം. അതിനു മുൻപേതന്നെ ജാതീയമായ ഒരു താത്പര്യമില്ലായ്മ എനിക്കുണ്ടായിരുന്നു. ആറിലോ ഏഴിലോ പഠിക്കുമ്പോൾ ഞാൻ ഏതു ജാതിയാണെന്ന് ഏതോ കുട്ടി ചോദിച്ചപ്പോൾ ഞാൻ 'മുസ്ലിം' ആണെന്ന് പറഞ്ഞു. അതിൽ ഒരു ജാതി വരുന്നില്ലല്ലോ...പിന്നീട് ഞാൻ മുസ്ലിം സമൂഹത്തിൽ ജാതി പോലെ തന്നെ ഒരുപാടു വിഭാഗങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കി. ശത്രുക്കൾപോലെ പരസ്പരം പെരുമാറുന്ന ഗ്രൂപ്പുകൾപോലും അവർക്കിടയിലുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. കുട്ടിക്കാലം തൊട്ടേ ജാതിയെ നിരാകരിക്കുന്ന ഒരു മനസ്സ് എനിക്കുണ്ടായിരുന്നു. അപ്പോഴും ഒരു ദൈവം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു.യഹോവ എന്ന് പറയുന്ന,അള്ളാഹു എന്ന് പറയുന്ന, കൃഷ്ണൻ എന്ന് പറയുന്ന ദൈവം. കുറെക്കാലം കഴിഞ്ഞപ്പോൾ ആ ചിന്തയും പോയിട്ട് ഞാൻ ഒരു പച്ചമനുഷ്യന്റെ വഴിയിൽ വരികയായിരുന്നു...


Related Articles