നിഷ്പക്ഷനാകാൻ ഇനി സാധ്യമല്ല

Interview

നിഷ്പക്ഷനാകാൻ ഇനി സാധ്യമല്ല


ഒരു പരാജയവും അത്യന്തികമല്ല. അത് മറ്റാരും പറയാതെതന്നെ രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും അറിയാം. മാധ്യമപ്രവർത്തനം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച് സജീവ കക്ഷിരാഷ്ട്രീയത്തിലിറങ്ങിയ എം.വി.നികേഷ് കുമാറിന് ആദ്യ ചുവടുവയ്പിൽ തിരിച്ചടി നേരിട്ടു എന്നത് വാസ്തവം. അഴീക്കോട് മണ്ഡലത്തിൽ 2287 വോട്ടിന്റെ വ്യത്യാസത്തിൽ തോറ്റുവെങ്കിലും ഈ പരാജയം താൽക്കാലികമാണെന്ന് നികേഷ് കുമാറിന് വ്യക്തമായറിയാം. വിജയം ഉറപ്പിച്ച സീറ്റിൽ പരാജയപ്പെട്ടതിന്റെ വിഷമം അദ്ദേഹത്തിന്റെ മുഖത്തുണ്ട്. പക്ഷേ, ആത്മവിശ്വാസത്തിന് തെല്ലും ഉലച്ചിൽ തട്ടിയിട്ടില്ല. ഇനിയും വിജയത്തിലേക്ക് തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷ പ്രവൃത്തികളിലും ചുവടുകളിലും പ്രകടം.

തെരഞ്ഞെടുപ്പ് ഫലം വന്ന്, 20 ദിവസത്തിനുശേഷമാണ് നികേഷ് കുമാറിനെ കാണുന്നത്. കളമശ്ശേരിയിലെ റിപ്പോർട്ടർ ടി.വി. ആസ്ഥാനത്തുവെച്ച്. തെരഞ്ഞെടുപ്പ് വേളയിൽ അണിഞ്ഞ മുണ്ടും ഷർട്ടുമല്ല ഇപ്പോൾ വേഷം. റിപ്പോർട്ടറിന്റെ മാനേജിംങ് ഡയറ്കടർ എന്ന നിലയിൽ സ്ഥാപനവുമായി ബന്ധപ്പെട്ട പിന്നണികാര്യങ്ങളിൽ തിരക്കിലാണ് അദ്ദേഹം. ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് പദവി ഒഴിഞ്ഞതായും അതിനി വീണ്ടും ഏറ്റെടുക്കുന്നില്ലെന്നും നികേഷ്‌കുമാർ വ്യക്തമാക്കുന്നു. കേരളത്തിലെ ആദ്യ മുഴുവൻസമയ വാർത്താചാനലായ ഇന്ത്യാവിഷന്റെ എഡിറ്ററായിരുന്നു നികേഷ്. അതിനു മുമ്പ് ഏഷ്യാനെറ്റിൽ റിപ്പോർട്ടർ. പിന്നീട് പൂർണ്ണമായും ജേർണലിസ്റ്റ് നിയന്ത്രണത്തിലുള്ള, റിപ്പോർട്ടർ എന്ന പുതിയ വാർത്താ ചാനൽ സ്ഥാപിക്കുകയും അതിൽ പ്രമോട്ടറുടെയും എഡിറ്ററുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ചുമതല വഹിക്കുകയും ചെയ്തു.

നിഷ്പക്ഷ പത്രപ്രവർത്തനത്തിന്റെ ഓവർകോട്ടണിഞ്ഞ് ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാർക്കുനേരേ വിരൽചൂണ്ടി ശക്തമായി പ്രതികരിക്കുകയായിരുന്നു നികേഷിന്റെ രീതി. അതുതന്നെയാവണം സ്ത്രീകളടക്കമുള്ള പ്രേക്ഷകർക്ക് അദ്ദേഹത്തെ പ്രിയംകരനാക്കിയതും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായതോടെ നിഷ്പക്ഷതയുടെ കുപ്പായം നികേഷിന് നഷ്ടമായി. സ്ഥാനാർത്ഥിത്വം പലതുകൊണ്ടും വിമർശനത്തിനും ഇടയാക്കി. മാർക്‌സിസ്റ്റ് പാർട്ടി വിട്ട് സി.എം.പി. രൂപീകരിച്ച എം.വി.രാഘവന്റെ മകൻ അച്ഛനെ വഞ്ചിച്ച് ശത്രുപാളയത്തിലേക്ക് നീങ്ങി എന്നതായിരുന്നു ആദ്യ വിമർശനം. അക്കാര്യം സഹോദരനും ചില ബന്ധുക്കളും തെരഞ്ഞെടുപ്പ് വേളയിൽ പരസ്യമായിതന്നെ ഉന്നയിച്ചു. മാധ്യമപ്രവർത്തനം ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിച്ചതോടെ കക്ഷിരാഷ്ട്രീയത്തെ മാധ്യമപ്രവർത്തനത്തിന് മുകളിൽ പ്രതിഷ്ഠിച്ചു എന്നതായിരുന്നു മറ്റൊരു വിമർശനം. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നുകൊണ്ട് നികേഷ് കുമാറിന് ഇപ്പോൾ എന്താവും പറയാനുണ്ടാവുക?


Related Articles