തൊടുപുഴ ന്യുമാൻസ് കോളജിലെ മലയാളം പ്രൊഫസർ ടി.ജെ. ജോസഫിന് നേരേ മുസ്‌ലിം മതമൗലിക വാദികൾ ആക്രമണം നടത്തുന്നത് 2010 ജൂലൈയിലാണ്. മൂവാറ്റുപുഴയിൽ പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ കൈവെട്ടി കഷണമാക്കുകയും ദേഹമാകെ വെട്ടിവീഴ്ത്തുകയും ചെയ്തത്. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. അറസ്റ്റ്, ആക്രമണം, കോളജ് മേധാവികളുടെ അനീതി, ഭാര്യയുടെ മരണം എന്നിങ്ങനെ വിവിധഘട്ടങ്ങളിലൂടെ കടന്നുവന്ന ജോസഫ് മാഷ് ഇപ്പോൾ തന്റെ ജീവിതകഥ പുസ്തകരൂപമാക്കിയിട്ടുണ്ട്. കെ.എൽ.എഫ് വേദിയിൽ അദ്ദേഹം തന്റെ ജീവിതകഥയും, നിലപാടുകളും പങ്കുവച്ചു. സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ വി. മുസഫർ അഹമ്മദിന്റെ ചോദ്യങ്ങൾക്കാണ് മറയില്ലാതെ, സുതാര്യമായി, വ്യക്തമായി ജോസഫ് തന്റെ അറ്റുപോകാത്ത ഓർമകൾ തുറന്നുപറയുന്നത്.
വി. മുസഫർ അഹമ്മദ്: താങ്കളുടെ ആത്മകഥ 'അറ്റുപോകാത്ത ഓർമക'ളിൽ മുഹമ്മദ് നബിയെ താങ്കൾ സ്‌നേഹപ്രവാചകൻ എന്നുവിളിക്കുന്നതായി കാണാം. സ്‌നേഹപ്രവാചകൻ എന്ന ആശയത്തെ താങ്കൾ എങ്ങനെയാണ് ഇന്ന് മനസ്സിലാക്കുന്നത്? അല്ലെങ്കിൽ തിരിച്ചറിയുന്നത്?
ടി.ജെ. ജോസഫ്: പത്ത് വർഷം മുമ്പ് ഞാൻ തൊടുപുഴ ന്യുമാൻ കോളജിലെ മലയാള അധ്യാപകനായിരുന്നു. വകുപ്പ് മേധാവിയായിരുന്നു. അതിനോടൊപ്പം ആ കോളജിലെ മൂല്യബോധനക്ലാസുകളുടെ ഡയറക്ടറായിരുന്നു. അതായത് ആഴ്ചയിൽ ഒരു ദിവസം അര മണിക്കൂർ കുട്ടികൾക്ക് മൂല്യവിദ്യാഭ്യാസം പകരുന്നതായിരുന്നു അത്. മൂല്യബോധന ക്ലാസ് എന്നു പറയാം. ക്ലാസ് ടീച്ചർമാരാണ് അത് എടുത്തുകൊണ്ടിരുന്നത്. അങ്ങനെ ക്ലാസ് ടീച്ചർമാർക്കു വേണ്ടി ഞാൻ എഴുതിയുണ്ടാക്കിയ ചില വിഷയങ്ങളുണ്ട്. ചെറിയ ലേഖനങ്ങളുണ്ട്. എല്ലാ ക്ലാസിലും കൈകാര്യം ചെയ്യാൻ വേണ്ടി ഒരു പൊതുവിഷയം നിർദേശിക്കുകയും എല്ലാവരും ഒരേ രീതിയിൽ ചർച്ച ചെയ്യാൻ വേണ്ടി അധ്യാപകർക്ക് ഉപയുക്തമാകുന്ന രീതിയിൽ ലേഖനം ഞാൻ എഴുതിക്കൊടുക്കുമായിരുന്നു. ആനുഷംഗികമായ കാര്യങ്ങളെക്കുറിച്ചാണ് അത്. പരിസ്ഥിതിദിനമാണെങ്കിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ലേഖനം. ഒക്‌ടോബർ രണ്ട്, ഗാന്ധിജിയുടെ ജന്മദിനം, വരുന്ന ആ ആഴ്ചയിൽ അധ്യാപകർക്ക് എഴുതിക്കൊടുത്ത ഒരു ലേഖനത്തിന്റെ പേര് 'അഹിംസ' എന്നായിരുന്നു. അഹിംസ എന്താണെന്നാണ് ആദ്യം അതിൽ വിശദീകരിക്കുന്നത്. അഹിംസയെന്നാൽ ഹിംസ ചെയ്യാതിരിക്കലാണ് എന്നാണു നാം വിചാരിക്കുന്നത്. ഹിംസയുടെ വിപരീത പദമായിട്ടാണ് അഹിംസയെ കാണുന്നത്. അങ്ങനെയല്ല എന്ന് കുട്ടികളെ ബോധ്യപ്പെടുത്താനായിരുന്നു ആ ക്ലാസ് ഞാൻ രൂപകല്പന ചെയ്തതത്. ഹിംസ ഒരു പ്രവൃത്തിയാണ്. അതിന്റെ എതിർപദം ഒരു ക്രിയയായിരിക്കണം. ക്രിയാപദമായിരിക്കണം. ഒരാളെ മുറിപ്പെടുത്തുന്നതുമുതൽ ഒരാളെ ശാരീരികമായി ഇല്ലാതാക്കുന്നതുവരെ എല്ലാം ഹിംസയിൽ പെടും. അങ്ങനെയാണ് ഗാന്ധിജി പറയുന്നത്. ഒരാളെ ഹിംസിക്കുന്നത്, മുറിപ്പെടുത്തുന്നത് ഹിംസയാണെങ്കിൽ, ഒരാളെ സ്‌നേഹിക്കുന്നത് അഹിംസയാണ്. ഇതിന് സ്‌നേഹം എന്ന പദം നൽകാമെങ്കിലും അത് പലതരത്തിൽ വ്യവഹരിക്കപ്പെടുന്നതുകൊണ്ട് കാരുണ്യം എന്ന പദം നൽകാൻ ഗാന്ധിജി ആലോചിക്കുകയുണ്ടായി. പര്യാലോചനകൾക്ക് ഒടുവിലാണ് അഹിംസയ്ക്ക് നോൺവൈലൻസ് എന്ന വാക്ക് എടുക്കുന്നത്. ഹിംസ ഒരാളെ ദ്രോഹിക്കുകയാണെങ്കിൽ അഹിംസ ഒരാൾക്കു നന്മചെയ്യലാണ്. ഒരാളെ ഈ ലോകത്തു നിന്ന് ഇല്ലാതാക്കുക, ശാരീരികമായി കൊല്ലുക എന്നതാണ് ഏറ്റവും വലിയ ഹിംസയുടെ മൂർധന്യമെങ്കിൽ അന്യനുവേണ്ടി ജീവിതം ത്യജിക്കുകയാണ് അഹിംസയുടെ പരമോന്നത രൂപം. അഹിംസയെപ്പറ്റി പറഞ്ഞുകൊണ്ട് എഴുതിയ ഭാഗത്താണ് മുഹമ്മദ് നബിയുടെ പേര് വന്നത്. അതൊരു മതേതര വിഷയമാണ്. മതേതരമായ രീതിയിലുള്ള ക്ലാസ് ആണ് രൂപകല്പനചെയ്തിരുന്നത്. ഗാന്ധിജിയെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെ, ബുദ്ധനെപ്പോലെ, ഒരു സ്‌നേഹ പ്രവാചകനായിരുന്നു, അല്ലെങ്കിൽ അഹിംസയിൽ ഊന്നിയ പ്രവാചകനായിരുന്നു മുഹമ്മദ് നബിയും എന്നാണ് ഞാൻ അതിൽ കുറിച്ചിട്ടത്.
