മുളന്തണ്ടിന്റെ വേരും മനുഷ്യന്റെ വേരും

Interview

മുളന്തണ്ടിന്റെ വേരും മനുഷ്യന്റെ വേരും


ഗൾഫിലെ ഗദ്ദാമ (വീട്ടുവേലക്കാരി)മാരുടെ ജീവിതം ആദ്യമായി അറബ് സാഹിത്യത്തിൽ പകർത്തിയ കുവൈത്തി എഴുത്തുകാരൻ സൗദ് അൽ സനൂസിയുടെ മുളന്തണ്ട് (The Bamboo Stalk) എന്ന നോവലിനാണ് ഈ വർഷത്തെ അറബ് ബുക്കർ സമ്മാനം. നോവലിന്റെ കഥാസാരം ഇങ്ങനെയാണ്-- പഠിക്കാൻ മിടുക്കിയായിരുന്നിട്ടും കുടുംബത്തിന്റെ ദാരിദ്ര്യംമൂലം ഫിലിപ്പൈൻസിൽ നിന്നും കുവൈത്തിൽ വീട്ടുവേലക്കാരിയായി എത്തുന്ന ജോസഫൈൻ, വേലയെടുക്കുന്ന വീട്ടിലെ അംഗം റാഷിദുമായി അടുക്കുന്നു. അവർ രഹസ്യമായി വിവാഹിതരാകുന്നു. ആ ബന്ധത്തിൽ ഒരാൺകുഞ്ഞ് പിറന്ന് രണ്ടു മാസത്തിനുള്ളിൽ അവർ വിവാഹമോചിതരാവുകയും ചെയ്യുന്നു. തുടർന്ന് ജോസഫൈൻ മകൻ ജോസുമായി ഫിലിപ്പൈൻസിലേക്ക് മടങ്ങുന്നു. 18 വയസ്സാകുമ്പോൾ ജോസ് കുവൈത്തിൽ തിരിച്ചെത്തുന്നു. അയാളെ അംഗീകരിക്കാൻ ആരും തയ്യാറാകുന്നില്ല. പിന്നീട് ഫിലിപ്പൈൻസിൽ തിരിച്ചെത്തി അമ്മയുടെ ബന്ധത്തിൽ പെട്ട യുവതിയെ അയാൾ വിവാഹം കഴിക്കുകയും അതിൽ കുഞ്ഞുണ്ടാവുകയും ചെയ്യുന്നു. ആ കുഞ്ഞ് വളരുമ്പോൾ പറഞ്ഞ് കൊടുക്കാൻ അയാൾ തന്റെ ജീവിതകഥതന്നെ എഴുതുന്നു.

മുളന്തണ്ട് വെട്ടിയെടുത്ത് മണ്ണിൽ കുഴിച്ചിട്ടാൽ അത് സ്വയം മുളയായി മാറും. കുഴിച്ചിടുമ്പോൾ വേരുകൾ ആവശ്യമില്ല. വേരുകൾ പിന്നീട് മുളന്തണ്ടിൽനിന്നും മണ്ണിലേക്ക് പടരുകയാണ്. തന്റെ ജീവിതവും അങ്ങനെത്തന്നെ-- ജോസ് നോവലിൽ പറയുന്നു. കുട്ടിക്കാലത്ത് മരത്തണലിൽ ഇരിക്കുമ്പോൾ ജോസഫൈൻ മകനെ ഒരിടത്ത് ചടഞ്ഞിരിക്കരുതെന്ന് പറഞ്ഞ് ഓടിക്കുന്നുണ്ട്, ഒരിടത്തിരുന്ന് തനിക്ക് വേരുകളിറങ്ങുമെന്ന് അമ്മ ഭയപ്പെട്ടിരുന്നുവെന്ന് ജോസ് പിൽക്കാലത്ത് ഓർക്കുന്നു.

ഗൾഫിൽ പണിയെടുത്ത് ജീവിക്കുന്ന വിദേശത്തൊഴിലാളിയുടെ ജീവിതത്തെക്കൂടി നോവൽ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരും വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നവരും തമ്മിലുള്ള വിവാഹബന്ധങ്ങളുടെ സങ്കീർണ്ണമായ നിരവധി മുഹൂർത്തങ്ങളും നോവൽ വരച്ചിടുന്നു. പൊതുവിൽ ഗൾഫിലെ സ്വദേശി സാഹിത്യം തൊടാൻ മടിക്കുന്ന വിഷയമാണ് 'മുളന്തണ്ടിൽ' സൗദ് അൽ സനൂസി ആവിഷ്‌കരിക്കുന്നത്.


Related Articles