ശബ്ദത്തിന്റെ മായാലീലകൾ

Interview

ശബ്ദത്തിന്റെ മായാലീലകൾ


ന്ത്യൻ സിനിമയിലെ പ്രമുഖനായ സൗണ്ട് ഡിസൈനർ പി.എം. സതീഷിനെ കേരളത്തിലെ ചലച്ചിത്രപ്രേക്ഷകർ അറിയുക ബാഹുബലി എന്ന ഭൂലോക സിനിമയുടെ ശബ്ദസംവിധായകൻ എന്ന നിലയിലായിരിക്കും. അതേസമയം മുഖ്യധാരയിൽനിന്നു മാറിയ സിനിമകളുടെയും (അപർണാ സെൻ, ദേവ് ബെനഗൽ, പങ്കജ് ഋഷികുമാർ), അനിമേഷൻ സിനിമകളുടെയും (ഗീതാഞ്ജലി റാവു, ആർണാവ് ചൗധരി), കുറേ ഡോക്യുമെന്ററികളുടെയും ശബ്ദസംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ആനന്ദ് പട്‌വർദ്ധന്റെ 'ജയ് ഭീം കോമ്രേഡ്', 'വാർ ആൻഡ് പീസ്', 'റീസൺ', രാകേഷ് ശർമയുടെ 'ഫൈനൽ സൊലൂഷൻ', ദീപ ഭാട്ടിയയുടെ 'നീറോസ് ഗസ്റ്റ്', പാൻ നളിന്റെ 'ഫെയ്ത് കണക്ഷൻസ്' എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ. പങ്കജ് ഋഷികുമാറിന്റെ 'കുമാർ ടാക്കീസ്' എന്ന സിനിമയിലൂടെ 1999-ലെ ഏറ്റവും മികച്ച സൗണ്ട് റെക്കോർഡിങ്ങിനും ഡിസൈനിങ്ങിനുമുള്ള ദേശീയ ബഹുമതിക്ക് സതീഷ് അർഹനാവുകയും ചെയ്തു.

'പുലിമുരുകൻ', 'കായംകുളം കൊച്ചുണ്ണി', 'ഒടിയൻ', 'മാമാങ്കം' എന്നീ മലയാളം സിനിമകൾ അദ്ദേഹത്തെ കേരളത്തിലും പരിചിതനാക്കി. പക്ഷേ, തുടക്കം ഹിന്ദി സിനിമാ രംഗത്തായിരുന്നു. പ്രശസ്തമായ നിരവധി മെയിൻസ്ട്രീം സിനിമകളുടെ ശബ്ദസംവിധാനത്തിലൂടെ പി.എം. സതീഷ് ബോളിവുഡ്ഡിൽ ഏറെ ശ്രദ്ധേയനായിമാറി. 'കമീനെ', 'സാത്ഖൂൻമാഫ്' (വിശാൽ ഭരദ്വാജ്), 'തലാഷ്' (റീമാ ഖഡ്ഗി), 'ഇഷ്ഖിയാ' (അഭിഷേക് ചൗബി), 'മംഗൾപാൻഡെ' (കേതൻ മേത്ത) എന്നിവ അദ്ദേഹം ശബ്ദസംവിധാനം നിർവ്വഹിച്ച ചില പ്രധാനപ്പെട്ട മെയിൻസ്ട്രീം സിനിമകളാണ്. 'ദി റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്' (The Reluctant Fundamentalist) എന്ന ഹോളിവുഡ് സിനിമയ്ക്കും (സംവിധാനം മീരാ നായർ) സതീഷാണ് ശബ്ദസംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രശസ്ത അനിമേഷൻ സിനിമാ സംവിധായികയായ ഗീതാഞ്ജലി റാവുവിന്റെ 'ഗിർഗിത്', 'ട്രൂ ലവ് സ്‌റ്റോറി' എന്നീ ഹ്രസ്വ സിനിമകൾക്കും, ആദ്യ അനിമേഷൻ ഫീച്ചർ സിനിമയായ 'ബോംബെ റോസി'നും ശബ്ദസംവിധാനം സതീഷാണ് ചെയ്തിരിക്കുന്നത്. ഈ ബ്രിട്ടീഷ്ഫ്രഞ്ച് സംയുക്ത സംരംഭം കഴിഞ്ഞ വർഷം വെനീസ് ക്രിട്ടിക്‌സ് വീക്കിന്റെ ഉദ്ഘാടന സിനിമായായിരുന്നു. ഈ സിനിമ പ്രശസ്തമായ നാൽപ്പതോളം മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.


Related Articles