നമ്മുടെ കാലത്തെ അഗാധമായി സ്വാധീനിക്കുകയും നിത്യപ്രചോദനമായി നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന വൈക്കം മുഹമ്മദ് ബഷീർ, എം.ടി., കോവിലൻ തുടങ്ങിയവരുടെ ജീവിതവർത്തമാനം അവരുടെ ശബ്ദത്തിലും വെളിച്ചത്തിലും നിഴലിലും നാം കാണുന്നത് എം.എ. റഹ്‌മാന്റെ ഡോക്യുമെന്ററികളിലൂടെയാണ്. 'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററിയാണ് ബഷീറിനെ ഈ തലമുറയ്ക്ക് മുന്നിൽ 'കാഴ്ച’യുടെ ഫ്രെയിമിൽ നിർത്തുന്നത്. ബഷീറിനെ വായിച്ചു 'എന്തൊരു രസികൻ ബഷീർ' എന്ന് അത്ഭുതപ്പെടുന്ന പുതുതലമുറ വായനക്കാർ യു ട്യൂബിൽ ബഷീറിനെ 'കാണാനും കേൾക്കാനും' തിരയുമ്പോൾ എം.എ. റഹ്‌മാൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രത്യക്ഷപ്പെടുന്നു. കോവിലനും (കോവിലൻ എന്റെ അച്ഛാച്ഛൻ) എം.ടിയും (കുമരനെല്ലൂരിലെ കുളങ്ങൾ- ഈ ഡോക്യുമെന്ററികളും യു ട്യൂബിൽ കാണാം) എം.എ. റഹ്‌മാന്റെ ഡോക്യുമെന്ററിയിലൂടെ പ്രത്യക്ഷപ്പെട്ട് കാലത്തിന് മുന്നിൽ അവരുടെ ചില ഭാഗധേയങ്ങൾ അവതരിപ്പിച്ചു. ഒരർത്ഥത്തിൽ, ക്യാമറകൊണ്ട് ജീവിതമെഴുതിയ സംവിധായകനാണ് എം.എ. റഹ്‌മാൻ. പുസ്തകത്തിൽ അടയാളപ്പെടുത്തുന്ന ജീവചരിത്രങ്ങൾക്കുള്ളതിൽനിന്ന് ഭിന്നമാനങ്ങൾ ദൃശ്യജീവിതമെഴുത്തുകൾക്കുണ്ട്. അത് ജീവിതത്തെ മറ്റൊരു വിധത്തിൽ പ്രകാശിപ്പിക്കുന്നു.
ജീവചരിത്ര ഡോകുമെന്ററികൾക്ക് സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രകാരനാണ് റഹ്‌മാൻ. എഴുത്തുകാരനും ചിത്രകാരനും ആക്റ്റിവിസ്റ്റുമാണ് അദ്ദേഹം.എം.എ റഹ്‌മാനുമായുള്ള ഈ സംഭാഷണം, അദ്ദേഹത്തിന്റെ ജീവചരിത്രചലച്ചിത്രങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നു.
താഹ മാടായി: ഉത്തരദേശത്താണ് താങ്കളുടെ ജനനവും ബാല്യവും ജീവിതവുമെല്ലാം. ഇവിടെനിന്നാണ് പി. കുഞ്ഞിരാമൻ നായരുടെ പുറപ്പാടും. എന്നാൽ, പി.യെക്കുറിച്ചല്ല, ബഷീറിനെക്കുറിച്ചാണ് മാഷ് ഡോക്യുമെന്ററി ചെയ്തത്. ഒരുപാട് ഉള്ളടരുകൾ ഉള്ള ജീവിതവും എഴുത്തും പി.ക്കുമുണ്ട്. തൊട്ടടുത്ത് പി. ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ബഷീർ? ആ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണല്ലൊ.
