ചവിട്ടുപടിയായ ഒരു മനുഷ്യൻ

Interview

ചവിട്ടുപടിയായ ഒരു മനുഷ്യൻ


ലപ്പുറം ജില്ലയിലെ വേങ്ങരയിൽ പ്രളയക്കെടുതിക്കിടയിൽ രക്ഷാപ്രവർത്തനത്തിനായി സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജൈസൽ കെ. പി. സംസാരിക്കുന്നു.

ജീവൻ ജോബ് തോമസ്: ജൈ സൽ കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു ഹീറോയായിക്കഴിഞ്ഞല്ലോ. സാധാരണക്കാർ ചെയ്യാൻ മടിക്കുന്ന ഒരു കാര്യം, ഒരുപാട് പേർക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി കാണിച്ചുകൊടുക്കുകയാണ് ജയ്‌സൽ ചെയ്തത്. എന്താണ് അങ്ങനെ ഒരു കാര്യം ചെയ്യാനുള്ള തോന്നലിലേക്ക് എത്തിച്ചത്?

ജൈസൽ: ഞങ്ങൾ വേങ്ങര മുതലമാട് എന്ന ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തി തിരിച്ചു പോകുന്ന സമയത്ത് എസ്. ഐ ഞങ്ങളെ വിളിച്ചു പറഞ്ഞു, ഇനീം രണ്ടു കുടുംബങ്ങളെക്കൂടി രക്ഷിക്കാനുണ്ടെന്ന്. അതനുസരിച്ച് ഞങ്ങൾ ആ ഭാഗത്ത് വന്നപ്പോ നയിം ബാപ്പു എന്നയാളുണ്ടായിരുന്നു അവിടെ. അദ്ദേഹം പറഞ്ഞു, ''അവിടെ രണ്ടുമാസം ഗർഭമുള്ള ഒരു സ്ത്രീയുണ്ട്. ആ സ്ത്രീക്ക് ബ്ലീഡിങ്ങുണ്ട്. ആ സ്ത്രീയെ രക്ഷപ്പെടുത്തണം. എൻഡിആറെഫുകാർക്ക് (NDRF) എന്തോ പ്രശ്‌നമുള്ളതുകൊണ്ട് ബോട്ട് അങ്ങോട്ടേക്ക് പോവില്ല.'' അവരുടെ വീതിയുള്ള ബോട്ട് മരങ്ങളൊക്കെ നിൽക്കുന്ന ഭാഗമായിരുന്നതുകൊണ്ട് അങ്ങോട്ട് പോകില്ലായിരുന്നു. നിങ്ങൾ പോരുന്നത്ര പോരുക, ബാക്കി നമ്മൾ നീന്തീട്ടെങ്കിലും അവരെ എത്തിക്കാന്നും പറഞ്ഞാണ് ഞങ്ങൾ അങ്ങോട്ട് പോയത്. പക്ഷേ, അത്രേം ദൂരം പോവേണ്ട ആവശ്യം നമ്മൾക്ക് വന്നില്ല. നമ്മളവടെയെത്തുമ്പഴേക്കും അവിടുത്തെ ആളുകളൊക്കെ വെപ്രാളപ്പെട്ട് ഏകദേശം ഇങ്ങട്ട് ഇറങ്ങിവന്നിട്ടുണ്ട്. അങ്ങനെ നിക്കുമ്പോ ഈ ബ്ലീഡിങ്ങുള്ള സ്ത്രീ ഏതാണെന്ന് നമുക്ക് അന്വേഷിക്കാൻ പറ്റില്ലായിരുന്നു. ബ്ലീഡിങ്ങുള്ള സ്ത്രീയെ മാത്രം ചോദിക്കുമ്പോ അതൊരു മോശമാണല്ലോ. ഒരു സ്ത്രീയെ മാത്രമായി നമുക്ക് പൊക്കി വയ്ക്കാനും പറ്റില്ല. അതിന്റെ ഭാഗമായിട്ടാണ് ഞാൻ കുനിഞ്ഞ് നിന്ന് എന്റെ മേലിൽ ചവിട്ടീട്ട് ബോട്ടിലേക്ക് കയറിക്കോന്ന് പറഞ്ഞത്. അതിന് സ്ത്രീകൾ മടിച്ചപ്പോ ഞാൻ പറഞ്ഞു, ഞങ്ങളിപ്പോ നിങ്ങളെ ഇവിടുന്ന് രക്ഷിക്കാനായി വന്നതാണ്, നിങ്ങളിങ്ങനെ ചെയ്യുന്നതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടില്ല, നിങ്ങടെ ജീവൻ രക്ഷിക്കലാണ് എന്റെ ഉദ്ദേശ്യം. അത് ഞാൻ ചെയ്യുന്നു അത്രേ ഒള്ളൂ.


Related Articles