മാവോയിസ്റ്റായ മുരളി കണ്ണമ്പിള്ളി 38 വർഷം ഒളിവിലായിരുന്നു. അടുത്ത നാളുകളിൽ അദ്ദേഹം മഹാരാഷ്ട്രയിൽവച്ച് അറസ്റ്റിലായി. മുരളികണ്ണമ്പിള്ളിക്കൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച വേണു പൂവാട്ടുപറമ്പ് എന്ന വേണുഗോപാലിനെ കണ്ണമ്പിള്ളിയുടെ അറസ്റ്റ് കഴിഞ്ഞ് ചില ദിവസങ്ങൾക്കുശേഷമാണ് കാണുന്നത്. ദീർഘമായി ഞങ്ങൾ സംസാരിച്ചു. ആ അഭിമുഖം പകർത്താനിരുന്ന ദിവസമാണ് അരുണ ഷാൻബാഗ് മരിക്കുന്നത്. സഹപ്രവർത്തകന്റെ ലൈംഗിക പീഡനത്തിനിരയായി 42 വർഷം കോമയിൽ കിടന്നാണ് അവർ മരിച്ചത്. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച അവരെ 42 വർഷവും മുംബൈയിലെ ഒരാശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും ജീവനക്കാരും ചേർന്ന് ചികിൽസിച്ചു, ഭക്ഷണവും സാന്ത്വന ചികിൽസയും നൽകി. കഠിന ജീവിതത്തിൽനിന്ന് മോചിതയാകാൻ അവർക്ക് ദയാവധം നൽകാൻ കരുണ കാണിക്കണമെന്നാവശ്യപ്പെട്ട് ചില വർഷങ്ങൾക്ക് മുമ്പ് പിങ്കി വിരാനി എന്ന ഗ്രന്ഥകാരി സുപ്രീം കോടതിയെ സമീിച്ചെങ്കിലും ഈ നിലയിലാണെങ്കിൽപോലും അവരുടെ ജീവിക്കാനുള്ള അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ 23 വർഷമായി ദയാവധത്തെ ഏറ്റവും ശക്തമായി എതിർക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് (സാന്ത്വന ചികിൽസ) പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവാണ് വേണു. നക്‌സലിസവും മാവോയിസവും പ്രശ്‌നപരിഹാരമല്ലെന്ന നിലപാടിൽ എത്തിയ ശേഷമാണ് അദ്ദേഹം സാന്ത്വന ചികിൽസാപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയത്.
