ചിത്രമെഴുത്തുകൾ

Interview

ചിത്രമെഴുത്തുകൾ


ർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ ആദ്യത്തെ ദേശീയ പുരസ്​കാരം ഭാഗ്യനാഥിന് ഈ വർഷം ലഭി​ക്കുകയുണ്ടായി. സുധീഷും ഭാഗ്യനാഥും സ്വന്തം ചിത്രമെഴുത്തിനെക്കുറിച്ചും ചിത്രകലയുടെ വർത്തമാനത്തെക്കുറിച്ചും സംവദിക്കുകയാണിടെ.

സുധീഷ് കോട്ടേമ്പ്രം: ഒരു നൂറ്റാ​ണ്ടെങ്കിലുമായി മലയാളപ്രസിദ്ധീകരണങ്ങളിൽ സാഹിത്യാധിഷ്ഠിത ചിത്രീ​കരണം തുടങ്ങിയിട്ട്. ഇന്ന് കാണുന്ന രീതിയിൽ അല്ലെങ്കിലും ആദ്യകാലം മുതൽതന്നെ സാഹിതീയഭാവുകത്വത്തോടൊപ്പം സഞ്ചരിച്ച ചരിത്രം അതിനുണ്ട്. ഒരു മുഴുവൻസമയ ആർട്ടിസ്റ്റായിരിക്കെത്തന്നെ ഭാഗ്യനാഥ് ഇല്ലസ്‌ട്രേഷൻ രംഗത്തും സജീവമായി തുടരുന്ന ഒരാളാണ്. സാഹിത്യാധിഷ്ഠിത ചിത്രീകരണത്തിന് മേൽവിലാസമുണ്ടാക്കിയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിലുള്ള ദേശീയപുരസ്‌കാരം നേടിയ ഈ ഘട്ടത്തിൽ, ഇല്ലസ്‌ട്രേഷൻ പ്രാക്ടീസിനെ എങ്ങ​നെ നോക്കിക്കാണുന്നു? അത് താങ്ക​ളുടെ കലയെയും കലാസങ്കല്പങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു?

ഭാഗ്യനാഥ്‌: ചെറുപ്പത്തിൽതന്നെ മറ്റു പല കുട്ടികളെയുംപോലെ ഞാനും വരയ്ക്കുമായിരുന്നു. സ്കൂ​ളി​ൽ അധ്യാപകർ പാഠപുസ്തകങ്ങളിലെ കഥകളൊക്കെ പറയുമ്പോൾ വാസ്തവത്തിൽ ഞാനത് കേൾക്കുകയായിരുന്നില്ല, കാണുകയായിരുന്നു എന്ന് വേണം പറയാൻ. വിഷ്വ​ൽ​സ് മനസ്സിലേക്കു വരുമ്പോൾ അത് പാഠപുസ്തകത്തിന്റെ കോർണറിലും ഡ്രോയിങ് ബുക്കിലുമൊക്കെ വര​ച്ചി​ടുന്നൊരു ശീലം ചെറുപ്പത്തിലേയുണ്ടായിരുന്നു. പഞ്ചതന്ത്രം കഥകളും ബാല്യകാലസഖിയിലെ സുഹറയെയും മജീദിനെയും ഒക്കെ ഒരുപാട് വരച്ചതായോർക്കുന്നുണ്ട്. അന്നൊക്കെ ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’ പോലു​ള്ള മാഗസിനുകളിൽ വരുന്ന ചില വിദേശ പെയിന്റിങ്ങുകളൊക്കെ അപൂർവമായിമാത്രമാണെങ്കിൽപ്പോലും കാണുന്നുണ്ടായിരുന്നു. വീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലുള്ളവ വരുത്തിയിരുന്നു. അതിൽ എ.എസ്, നമ്പൂതിരിയെപ്പോലുള്ളവരൊക്കെ വരയ്ക്കുന്നു. രവിവർമ്മ ചിത്രങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി വരയ്ക്കുന്ന അത്തരം ഇല്ലസ്ട്രേഷൻസ് കൂടുതലായി ആകർഷിച്ചു. ആ സമ​യത്ത് അതൊക്കെ ഞാൻ കോപ്പി ചെയ്തിട്ടുമുണ്ട്. അങ്ങനെയാണിതിനോടൊരു താത്പര്യമുണ്ടാവുന്നത്.


Related Articles