ആദിവാസിജീവിതം എന്നാൽ മറ്റുള്ളവർ നടത്തുന്ന വാഗ്ദാനലംഘനങ്ങളുടെയും വംശഹത്യയുടെയും ചരിത്രമാണ് എന്ന് അടിവരയിടുകയാണ് സി.കെ. ജാനു. ഒൻപതു വർഷമായി ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നണിയുടെ ഭാഗമായിരുന്ന ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, ഇപ്പോൾ ആ ബന്ധം ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അഭിമുഖം.
ജോസഫ് കെ ജോബ്: തുടക്കത്തിൽ ജനാധിപത്യ രാഷ്ട്രീയസഭ എന്ന പേരിലാണല്ലോ എൻ ഡി എ മുന്നണിയിൽ ചേരുന്നത്. പിന്നീട് പാർട്ടിയുടെ പേര് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്നാക്കിമാറ്റി. ഒൻപതുവർഷം കഴിഞ്ഞ് ഇപ്പോൾ പാർട്ടി എൻഡിഎയിൽനിന്ന് പിന്മാറിയതായി അറിയാൻ കഴിഞ്ഞു. പാർട്ടിയുടെ പേരുമാറ്റത്തിനും എൻ ഡി എയിൽ നിന്നുള്ള പിന്മാറ്റത്തിനും കാരണമെന്തായിരുന്നു?
സി കെ ജാനു: 2003-ൽ മുത്തങ്ങ സമരം നടക്കുന്നതിന് രണ്ടു വർഷം മുൻപ്, അതായത് 2001 ഒക്ടോബറിലാണ് ഞങ്ങൾ ഗോത്രമഹാസഭ രൂപീകരിക്കുന്നത്.
