മാവേലിക്കരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ തറവാട്. കൗതുകമുണർത്തുന്ന ഒട്ടേറെ കഥകളുള്ള മനോഹരമായ ഗ്രാമമാണത്. അവിടെ നസ്രാണിക്രിസ്ത്യാനികളുടെ ഒരു പഴയ കുടുംബമുണ്ട്. നമുക്കറിയാവുന്നതുപോലെ, മേൽജാതിക്കാരായ ഹിന്ദുക്കൾക്കുള്ളതുപോലെ ഉയർന്ന സാമൂഹ്യപദവി ലഭിക്കുന്ന വിഭാഗക്കാരാണ് നസ്രാണികൾ. നമ്പൂതിരിമാരുടെ വംശപരമ്പരയിൽപെട്ടവരാണ് തങ്ങളെന്നാണ് നസ്രാണികളുടെ അവകാശവാദം. അവരുടെ ആചാരവിശേഷങ്ങൾ പലതും സവർണ്ണരുടെ ആചാരങ്ങളുമായി ഒത്തുപോകുന്നവയാണെന്നു പറയാം. നസ്രാണികളുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യമാണ് പറയാൻപോകുന്നത്. പഴയകാലത്ത് കേരളത്തിലെ യാഥാസ്ഥിതികഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന എണ്ണയും നെയ്യുമൊക്കെ ആദ്യം ഒരു നസ്രാണിക്രിസ്ത്യാനിയുടെ കരസ്പർശത്താൽ ‘ശുദ്ധീകരിക്കപ്പെടണ’മെന്ന ഒരു പതിവുണ്ടായിരുന്നു. ഈയൊരു പ്രത്യേകആവശ്യ ത്തിനായി നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു നസ്രാണികുടുംബത്തെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമക്ഷേത്രത്തിലെ കർമ്മങ്ങളിൽ മുഖ്യമായ പങ്കുവഹിക്കുന്ന ഒരു വിഭാഗമായി അവരങ്ങനെ മാറുകയും ചെയ്തിരിക്കുന്നു.
ഈ നസ്രാണികുടുംബത്തിലെ അംഗങ്ങളോട് അവരുടെ ചരിത്രമെന്താണെന്ന് ചോദിച്ചപ്പോൾ മറ്റു ചില കാര്യങ്ങളാണ് അവർ പറഞ്ഞത്. എണ്ണയും നെയ്യുമൊക്കെ ശുദ്ധീകരിക്കുന്ന ആചാരമുണ്ടെന്ന് അവർ സമ്മതിക്കുന്നു. പക്ഷേ, ആ ഗ്രാമത്തിലേക്കു വന്നത് മറ്റൊരു രീതിയിലാണെന്നാണ് അവരുടെ പക്ഷം. പടനിലം എന്നു പേരുള്ള ഒരു സ്ഥലമുണ്ട് ഞങ്ങളുടെ ഗ്രാമത്തിൽ. പണ്ട് യുദ്ധങ്ങൾ നടന്ന സ്ഥലമാവണമത്. പന്തളം, കായംകുളം എന്നീ പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തിയിലാണ് ആ സ്ഥലമുള്ളത്. എണ്ണ ശുദ്ധീകരിക്കുന്നവർ എന്ന നിലയിലല്ല, യോദ്ധാക്കളെന്ന നിലയിലാണ് അവരെ ഇങ്ങോട്ടു കൊണ്ടുവന്നതത്രേ. വലിയ പോരാളികളായിരുന്നു അവരുടെ പൂർവ്വികർ. നായന്മാരെ യുദ്ധമുറകൾ പരിശീലിപ്പിക്കുകയെന്നതായിരുന്നു അവരുടെ കർത്തവ്യം. അനുബന്ധമായി ക്ഷേത്രത്തിലെ സേവനവും എണ്ണശുദ്ധീകരണവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവരുടെ വരവിന്റെ പ്രധാന ഉദ്ദേശ്യം അതായിരുന്നില്ല.
