സ്ത്രീ ആവശ്യപ്പെടുന്ന മനുഷ്യാവകാശങ്ങൾ

Gender

സ്ത്രീ ആവശ്യപ്പെടുന്ന മനുഷ്യാവകാശങ്ങൾ


മിഴ് സാഹിത്യത്തിന്റെ ഭാവുകത്വത്തെ മാറ്റിമറിച്ച പെൺഎഴുത്തുകാരാണ് സൽമയും ഭാമയും കുട്ടിരേവതിയും. എഴുത്തിനെ പല തലങ്ങളിൽ തിരുത്തിയെഴുതിയവർ. തുറന്നെഴുത്തുകളുടെ പ്രയോക്താക്കൾ. കെ.എൽ.എഫ്. വേദിയിൽ മൂന്നുപേരും തമിഴ് സാഹിത്യത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെപ്പറ്റി തുറന്ന അഭിപ്രായപ്രകടനങ്ങൾ നടത്തി. മലയാളത്തിലെ പ്രമുഖ നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനായിരുന്നു മോഡറേറ്റർ. സംഭാഷണത്തിന്റെ പൂർണരൂപം:

ടി.ഡി. രാമകൃഷ്ണൻ: തമിഴ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ മൂന്നു എഴുത്തുകാരികളാണ് നമ്മളോടൊപ്പമുള്ളത്. മൂന്നുപേരും തങ്ങളുടെ വ്യത്യസ്തമായ എഴുത്തുരീതികളിലൂടെ തമിഴ് ഫെമിനിസത്തിന്റെ വക്താക്കളോ പ്രയോക്താക്കളോ ഒക്കെയാണ്. ആദ്യമായിട്ട് തമിഴ് ഫെമിനിസത്തിന്റെ ചരിത്രപരമായ പരിപ്രേക്ഷ്യത്തെക്കുറിച്ച് സംസാരിക്കാം. എന്താണ് തമിഴ് ഫെമിനിസത്തിന്റെ ചരിത്രം? ഭാമ, ആദ്യമായി സാഹിത്യത്തിലും ജീവിതത്തിലുമുള്ള ഫെമിനിസത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കും.

ഭാമ: തമിഴ് സാഹിത്യത്തിലെ ഫെമിനിസത്തിന്റെ ചരിത്രം അറിയണമെങ്കിൽ നമ്മൾ സംഘകാലത്തേക്കു പോകണം. അല്ലെങ്കിൽ അതിനെക്കാൾ പിന്നിൽ വേദിക് കാലത്തേക്കു പോകണം. വേദിക് കാലത്തുതന്നെ പുരുഷന്മാരോടൊപ്പം കഴിവും ബുദ്ധിയും വിവേകവുമുള്ള സ്ത്രീകളുണ്ടായിരുന്നു. മൈത്രിയെ പോലുള്ളവർ. അംബേദ്കർ അത്തരം എഴുത്തുകാരികളെ പുകഴ്ത്തിയെഴുതിയിട്ടുണ്ട്. സംഘകാലത്ത് 47 സ്ത്രീകവികൾ വ്യത്യസ്തമായ കവിതകൾ എഴുതിയിട്ടുണ്ട്. ചിലപ്പതികാരം,മണിമേഖലൈ മുതൽ താഴേക്കുള്ള വിവിധ ഇതിഹാസങ്ങളുണ്ട്. ചിലപ്പതികാരത്തിലെ കണ്ണകി ശക്തമായ സ്ത്രീകഥാപാത്രമാണ്. തന്റെ ഭർത്താവ് അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിനുവേണ്ടി കണ്ണകി പോരാടി. അവർ മധുര ചുട്ടെരിച്ചു. മണിമേഖലൈയോട് രാജകുമാരന്മാർ വിവാഹാഭ്യർത്ഥന നടത്തി. അവർ അത് നിഷേധിച്ചു മുന്നോട്ടുപോയി. മറ്റ് ഉത്തരേന്ത്യൻ സാഹിത്യവുമായി നോക്കിയാൽ ഫെമിനിസ്റ്റ്, പുരോഗമന മനോഭാവമുള്ള സ്ത്രീകളെ തമിഴ് സാഹിത്യത്തിൽ കൂടുതലായി കാണാം. മനുവിന്റെ നിയമങ്ങൾ മതത്തിന് അടിസ്ഥാനമായി. അത് ഇപ്പോഴും നടപ്പാകുന്നു. പ്രകടമായല്ല, വളരെ സൂക്ഷ്മമായ തലത്തിൽ. സ്ത്രീകൾ അച്ഛൻ, ഭർത്താവ്, മകൻ എന്നിവരെ ആശ്രയിക്കണം, പുരുഷന്മാർ അവരെ സംരക്ഷിക്കണം. ആ മനോഭാവം, രീതികൾ ഇപ്പോഴും തമിഴ് സമൂഹത്തിൽ പ്രബലമാണ്. അത് സാഹിത്യത്തിൽ, സിനിമകളിൽ, മാധ്യമങ്ങളിൽ ഒക്കെ പ്രകടമാകുന്നു.


Related Articles