ഞാനൊരു മെഴുകുതിരി

Cinema

ഞാനൊരു മെഴുകുതിരി


മലയാള സിനിമയുടെ ചരിത്രഗതിയെ ഷക്കീലയും ‘ഷക്കീല പടങ്ങളും’ പലതരത്തിൽ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ മലയാള സിനിമാ വ്യവസായം ഷക്കീലയ്ക്ക് ചുറ്റും കറങ്ങി. വ്യക്തമായ സാമൂഹ്യ-രാഷ്ട്രീയ ധാരണകളുള്ള ഷക്കീല പിന്നീട് ‘ഷക്കീല പടങ്ങൾ’ എന്ന് പുരുഷമേധാവിത്വപരമായി കപടസദാചാരബോധത്താൽ അപഹസിച്ച് വിളിക്കപ്പെട്ട സിനിമകളിൽനിന്ന് ഇറങ്ങി നടന്നു. ആ യാത്രയും അതിനുശേഷമുള്ള ജീവിതവും പലതരത്തിലുള്ള ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്നു. മലയാളിയുടെ പുരുഷനോട്ടങ്ങളെയും ബോധ്യങ്ങളെയും അത് പല രീതിയിൽ പ്രഹരിക്കുന്നുമുണ്ട്.

കെ.എൽ.എഫ്. വേദിയിൽ ഷക്കീല എത്തിയത് ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തിൽ സംഭാഷണത്തിനായാണ്. ചലച്ചിത്രപ്രവർത്തകയും തിരക്കഥാകൃത്തുമായ ദീദി ദാമോദരനായിരുന്നു അഭിമുഖകാരിയായി മറുവശത്ത്.

ദീദി ദാമോദരൻ: തൊണ്ണൂറുകളുടെ അവസാനമാണ് അമേരിക്കയില്‍ ഏറ്റവും പൊളിറ്റിക്കലായിട്ടുള്ള നാടകം ഒരു പ്രസ്ഥാനം (മൂവ്മെന്‍റ്) എന്ന നിലയ്ക്ക് ഇൻസ്ലര്‍ (Eve Ensler) തുടങ്ങിവയ്ക്കുന്നത്. അതിന്റെ പേര് ‘വജൈന മോണോലോഗ്സ്’ എന്നാണ്. ഏതാണ്ട് അതേ സമയത്താണ് മലയാള സിനിമ ഒരു പാട് പ്രതിസന്ധികൾക്കിടയിലിരിക്കുന്നതിന് നടുക്ക്, ഇപ്പോൾ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്നതുപോലെ മലയാള സിനിമയെ പിടിച്ചു നിര്‍ത്താൻ പ്രാപ്തയായ ഒരാളായി വരുന്നത്. ഹീറോയിനായി ഷക്കീല. കോഴിക്കോട് ഇതിനു മുമ്പ് കുറച്ച് മര്യാദകേട് ഷക്കീലയോട് കാണിച്ചിട്ടുണ്ട്. ഈ നിറഞ്ഞ സദസ്സ് അത് പരിഹരിക്കുന്നുണ്ട് എന്നതാണ് കോഴിക്കോട്ടുകാരിയെന്ന നിലയില്‍ എന്റെ ഒരു ആശ്വാസം. ഞാൻ കൃത്യമായി ഷക്കീലയുടെ സിനിമകൾ കാണുകയും ഷക്കീലയുെട അഭിമുഖങ്ങൾ വായിക്കുകയും ഒക്കെ ചെയ്തിട്ടുള്ളതാണ്. എല്ലാ നിലയ്ക്കും അഭിമാനം തോന്നുന്ന വിധത്തിലുള്ള ഒരു വ്യക്തിത്വമുള്ള ആളായിട്ടാണ് എനിക്ക് ഷക്കീലയെ തോന്നിയിട്ടുള്ളത്. പ്രായംകൊണ്ട് എന്നെക്കാൾ ചെറുതാണ്. അതുകൊണ്ടാണ് പേര് വിളിക്കുന്നത്. എല്ലാവരും ഷക്കീലാമ്മ എന്നാണ് വിളിക്കാറുള്ളത്. അമ്മ എന്നതിനെ ദൃഷ്ടാന്തവൽക്കരിക്കുന്ന (എപിറ്റമൈസ് ചെയ്തുപോകുന്ന) പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള ഒരാളാണ് അവര്‍. ഷക്കീലയ്ക്ക് മലയാളം അറിയാം. മലയാളത്തില്‍ സംസാരിക്കും.


Related Articles