ഒ.കെ. സന്തോഷ്: ഒരുപാട് വിവാദങ്ങൾക്ക് 'പാപ്പിലിയോ ബുദ്ധ' എന്ന സിനിമ വിധേയമായിട്ടുണ്ട്. നിരവധി ചെറുസദസ്സുകളിൽ ഈ സിനിമ പ്രദർശിപ്പിക്കപ്പെടുകയും അച്ചടി മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ഗൗരവമായ വിശകലനങ്ങൾ വരികയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് ഈയൊരു സംവാദത്തിനായി നമ്മളെയും പ്രേരിപ്പിക്കുന്നത്. ഈ സിനിമയുടെ കാഴ്ചാനുഭവത്തിൽനിന്നുതന്നെ തുടങ്ങാമെന്ന് കരുതുന്നു.
എ.കെ. വാസു: സിനിമ ശബ്ദം നിറഞ്ഞ മാധ്യമമാണ്. സിനിമയ്ക്കകത്തുള്ളവരും കണ്ടിരിക്കുന്നവരും പലപ്പോഴും ഒച്ചപ്പാടുണ്ടാക്കും, സംസാരിക്കും, ചിരിക്കും. പക്ഷേ, ഏതെങ്കിലും ഒരു സീക്വൻസിൽ സിനിമ മൗനമാകും. ആ സമയത്ത് പ്രേക്ഷകരും മൗനത്തിലാണെങ്കിൽ ആ സിനിമ വിജയമാണെന്നാണ് എനിക്ക് തോന്നുന്നത്. അത്തരത്തിൽ ഒരുപാട് മൗനങ്ങൾ പാപ്പിലിയോ ബുദ്ധയിൽ വിജയകരമായി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാണെനിക്കു തോന്നുന്നത്. ദലിത് ആശയങ്ങൾ ആമുഖംപോലെ പറയാൻ ശ്രമിക്കുന്നത് ഒഴിവാക്കിയാൽ ദൃശ്യഭാഷയെന്ന നിലയ്ക്ക് സിനിമ വിജയിച്ചു എന്നു പറയാം.
കെ.കെ. ബാബുരാജ് : വാസു പറഞ്ഞതിനോട് യോജിക്കുന്നു. മലയാള സിനിമയിൽ പുതിയ മാറ്റങ്ങൾ വരുന്നു എന്നുപറയുമ്പോൾ അതിനെ പലരും കാണുന്നത് സാങ്കേതികതയുമായി ബന്ധപ്പെട്ട ഒരു കാര്യമായിട്ടാണ്. പക്ഷേ, നമ്മുടെ ദൃശ്യഭാഷയും സംവേദനവും വളരെ അടിത്തട്ടിൽ നിന്ന് രൂപപ്പെടുത്തേണ്ടതുണ്ട്. റിയലിസമെന്ന് തോന്നിക്കുമ്പോഴും 'പാപ്പിലിയോ ബുദ്ധ'യുടെ ദൃശ്യഭാഷ ലോക സിനിമയുടേതുമായി തുലനം ചെയ്യാവുന്നതാണ്. ദലിത് വിഷയങ്ങൾ ഉന്നയിച്ചതുകൊണ്ടു മാത്രമല്ല ഈ സിനിമയെ ഗൗരവമായി കാണുന്നത്. മലയാള സിനിമയുടെ ഇന്നത്തെ മുഖ്യധാരയെ വെല്ലുവിളിക്കാൻ പലയിടത്തും ഇതിനു കഴിയുന്നുണ്ട്.
