ഉത്കണ്ഠ, ദേഷ്യം, നിരാശ, നീരസം എല്ലാം എങ്ങും നിറഞ്ഞുനിൽക്കുന്നു. വികാരങ്ങൾ രാഷ്ട്രീയത്തെ നയിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. വെല്ലുവിളി നിറഞ്ഞതാണ് ഇതെല്ലാം. എന്നാൽ എല്ലാറ്റിനുമുപരി എന്നെ ഭയപ്പെടുത്തുന്ന ഒരു വികാരം എല്ലാ വികാരങ്ങളുടെയും അഭാവമാണ്. :ഈ വർഷത്തെ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ ലിഖിത രൂപം
ജീവിക്കാൻ കൊള്ളാത്ത ഒരു സമയത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. എഴുത്തുകാരായിരിക്കാനും ഒട്ടും യോജിച്ചതല്ല ഈ സമയം. ആഴത്തിൽ ധ്രുവീകരിക്കപ്പെട്ടതും കയ്‌പ്പേറിയ മട്ടിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമായ ഒരു ലോകമാണിത്. അസമത്വങ്ങളും യുദ്ധങ്ങളുമൊക്കെക്കൊണ്ട് ശിഥിലമായിത്തീരുന്ന ഒരു ലോകത്ത്, നമ്മുടെ ഏകഭവനമായ ഭൂമിക്കെതിരെയും അതിൽത്തന്നെയിരുന്ന് നമ്മൾ പരസ്പരവും ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് ഒരു കയ്യും കണക്കുമില്ല. പ്രക്ഷുബ്ധമായ ഈ ലോകത്ത് എഴുത്തുകാരും കവികളുമൊക്കെ ഇനി എന്തു നേടാനാണ് ആഗ്രഹിക്കുന്നത്?ഗോത്രമനോഭാവവും സംഹാരബുദ്ധിയും അപരവൽക്കരണവുമൊക്കെ ശബ്ദഘോഷത്തോടെ, നിർലജ്ജമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളിൽ കഥയ്ക്കും ഭാവനയ്ക്കുമൊക്കെ എന്തു സ്ഥാനമാണുള്ളത് ?
