ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരൻ സൽമൻ റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരൻ മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങൾക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യൽമീഡിയ സമൂഹം ആ സംഭവത്തെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച്, സാഹിത്യവും കലയും ആയി ബന്ധപ്പെട്ട എല്ലാ മേഖലകളിൽനിന്നും താൻ പിൻവാങ്ങുന്നതായി മനോജ് അറിയിച്ചു. ഈ പശ്ചാത്തലത്തിൽ പ്രസ്തുതവിഷയം മുൻനിർത്തി 'പച്ചക്കുതിര'യുടെ അഭ്യർത്ഥനപ്രകാരം മനോജ് കുറൂറുമായി ബെന്യാമിൻ നടത്തിയ സംഭാഷണമാണ് ഇത്. റുഷ്ദിയും സാഹിത്യവും സമൂഹവും ഇവിടെ ചർച്ചാവിഷയമാവുകയാണ്.
ബെന്യാമിൻ: ഇന്ന് നമ്മൾ പരസ്പരം പെട്ടെന്ന് കണ്ടുമുട്ടാനുള്ള ഒരു സാഹചര്യം എന്താണെന്ന് അറിയാമല്ലോ, പെട്ടെന്ന് മനോജിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് വരികയാണ്, എത്രയോ വർഷമായി സജീവമായി സാഹിത്യത്തിൽ നിലനിന്ന, ഞങ്ങളൊക്കെ സ്‌നേഹിക്കുകയും വായിച്ചു ബഹുമാനിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരൻ ഒരു സുപ്രഭാതത്തിൽ താനിതിനോടൊക്കെ വിടപറയുകയാണ്, ഇതൊന്നും കൊണ്ട് വലിയ കാര്യമില്ല എന്നൊരു തോന്നൽ ഉണ്ടായി എന്നും പറയുകയാണ്. ആ സവിശേഷമായ സാഹചര്യത്തിൽ, കുറച്ചു നേരം സംസരിക്കാം എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് മനോജ് നീങ്ങിയത്? അതിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണ്, നമുക്ക് അവിടുന്ന് തന്നെ തുടങ്ങാമെന്ന് തോന്നുന്നു. എന്താണ് ശരിക്കും അങ്ങനെ ഒരു പോസ്റ്റിലേക്ക് നയിക്കാൻ ഇടയായ വികാരം?
മനോജ് കുറൂർ: ബെന്യാമിനെപ്പോലെയുള്ള ഒരാൾ ഈ വിഷയത്തിൽ ഇടപെട്ടതിലുള്ള സന്തോഷം ആദ്യംതന്നെ പറയട്ടെ. സുഹൃത്തുക്കൾ തമ്മിൽ ഔപചാരികമായി അങ്ങനെ പറയേണ്ടതില്ല. എങ്കിലും ഞാൻ അതു പറയുന്നത്, എല്ലാ സുഹൃത്തുക്കളും അങ്ങനെ അറിഞ്ഞു കൂടെനില്ക്കുന്നവർ ആവണമെന്നില്ല എന്നതുകൊണ്ടാണ്. പ്രധാനപ്രശ്‌നത്തിലേക്കു വരാം. ഫേസ്ബുക്കിൽ ഉള്ള ഇടപെടലിന് ഒരു ഉടൻ പ്രതികരണസ്വഭാവമാണല്ലോ ഉള്ളത്. ഏറെ ആലോചിച്ചുറപ്പിച്ചൊന്നുമല്ല ആ സ്‌പേസിൽ പലതും പറയുന്നത്.
