'ഇന്ത്യൻ സാഹിത്യത്തിൽ മലയാളഭാവനയുടെ സാന്നിദ്ധ്യ'ത്തെപ്പറ്റിയുള്ള ഈ ചർച്ച നയിച്ചത് സാമൂഹികചിന്തകയും ചരിത്രകാരിയും വിവർത്തകയുമായ ജെ. ദേവിക. സാഹിത്യകാരന്മാരായ എം. മുകുന്ദൻ, ബെന്യാമിൻ, എസ്. ഹരീഷ് എന്നിവരും പുസ്തക പ്രസാധന രംഗത്തുനിന്ന് രവി ഡി സിയും ചർച്ചയിൽ പങ്കെടുത്തു.
ജെ. ദേവിക: എം. മുകുന്ദൻ മലയാളഭാവന ഇന്ത്യൻ സാഹിത്യത്തെ ആവേശിക്കാൻ തുടങ്ങുന്ന കാലത്തിന്റെ പ്രതിനിധിയാണ്. ഒരുപക്ഷേ, ദൽഹിപ്രദേശത്തെ ദേശം ആവേശിച്ച കാലം തുടങ്ങുന്ന കാലത്തിന്റെ പ്രതിനിധിയാണ്.
ബെന്യാമിൻ മറ്റൊരു മുഹൂർത്തത്തെ പ്രതിനിധാനം ചെയ്യുന്നു. ഒരുപക്ഷേ, എൻ.ആർ.ഐ. എന്ന ഒരു സാന്നിദ്ധ്യം. എൻ.ആർ.ഐ. എന്ന നിലയ്ക്ക് മലയാളി, ലോകത്തെ കാണാൻ തുടങ്ങുന്ന കാലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. എസ്. ഹരീഷാണെങ്കിൽ, ഈ കറക്കമെല്ലാം കഴിഞ്ഞ് നമ്മളുടെ പ്രദേശത്തേക്കുതന്നെ നമ്മൾ മറ്റൊരു വിധത്തിൽ മടങ്ങിയതിന്റെ പ്രതിനിധിയാണ്. ഈ മൂന്നു സെൻസിബിലിറ്റീസും ഇന്ത്യൻ സാഹിത്യരംഗത്ത് അംഗീകരിക്കപ്പെട്ടു എന്നുള്ളതാണ്. ഈ മൂന്നുപേരും ജെ.സി.ബി. പുരസ്‌കാരം നേടിയവരുമാണ്. അതിൽ പരിഭാഷയ്ക്ക് വലിയൊരു പ്രാധാന്യം ഉണ്ട്. ഈ ചർച്ചയിൽ എന്റെ സാന്നിദ്ധ്യവും അതാണ്. ഞാൻ ചരിത്രപഠനരംഗത്തുനിന്നു വരുന്ന ഒരാളാണ്. ഇന്ത്യൻ ചരിത്രപഠനരംഗത്ത് ഇപ്പോഴും കേരളത്തിന്റെ സ്ഥാനം വളരെ ചെറിയ ഒരരികിലാണ്. അതുമായിട്ട് താരതമ്യം ചെയ്യുമ്പോൾ സാഹിത്യത്തിൽ മലയാളിക്കുള്ള സാന്നിദ്ധ്യം വളരെ വലുതാണ്. ഈ ഒരു നേട്ടത്തിൽ പുസ്തകവിപണനത്തിന്, പുസ്തകപ്രസാധനത്തിന്, പരിഭാഷയ്ക്ക് ഉള്ള സ്ഥാനം എന്താണെന്ന് വിശദീകരിച്ചാൽ നന്നായിരിക്കും. എം. മുകുന്ദനിൽനിന്ന് തുടങ്ങുന്നതാണ് ഏറ്റവും ഉചിതമെന്നു തോന്നുന്നു.
