മലയാളത്തിലെ ആധുനികതയുടെ ശബ്ദം

World of Letters

മലയാളത്തിലെ ആധുനികതയുടെ ശബ്ദം


രു പുസ്തകപ്രസാധനശാല ഒരു സമൂഹത്തിന്റെ സാഹിത്യ-​സാംസ്‌കാരിക മേഖലയുടെ മുഖമായിത്തീരുന്നതെങ്ങനെയെന്നാണ് ഡി സി ബുക്‌സിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം കാണിച്ചുതരുന്നത്. ഒരിക്കൽ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ആ സ്ഥാനമലങ്കരിച്ചിരുന്നു. പക്ഷേ, സാഹിത്യബാഹ്യതാത്പര്യങ്ങള്‍ അതിനെ കൈയടക്കിയതോടെ സംഘം അസ്ത​മിച്ചു. സംഘത്തിന്റെ ശില്പികളിലൊരാളായിരുന്ന ഡി സി കിഴക്കെ​മുറിയാണ്, തന്റെ പ്രസാധന പരിചയസമ്പത്തിനെയും സാഹിത്യലോകത്തെ സുഹൃദ്സമ്പത്തിനെയും അടിത്തറയാക്കിക്കൊണ്ട് ഡി സി ബുക്‌സ് സ്ഥാപിച്ചത്. അതിന്റെ പേരിൽ അദ്ദേഹമന്നു വിമര്‍ശിക്കപ്പെടുന്നത് എനിക്കോര്‍മ്മയുണ്ട്. എന്നാൽ അദ്ദേഹം നടത്തിയത് മലയാളസാഹിത്യത്തിനു വേണ്ടി​യുള്ള ചരിത്രകാൽവയ്പ്പായിരുന്നു. ഡി സി ബുക്‌സിന്റെ യാത്രയെ ആദ്യംമുതൽ നിരീക്ഷിച്ചിട്ടുള്ള ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് എനിക്കതു മനസ്സിലാകുന്നു.

പുസ്തകപ്രസാധനം ഡി സി ഗൗരവപൂര്‍വ്വം ഏറ്റെടുത്ത ഒരു വ്യവസായമായിരുന്നു. മറ്റേത് വ്യവസായവുംപോലെ വരവുചെലവു​കളിലും ലാഭനഷ്ടങ്ങളിലും ശ്രദ്ധപതിപ്പിച്ച് നടത്തേണ്ട ഒന്നാണത്. പക്ഷേ, അദ്ദേഹത്തിന് തന്റെ പുസ്തകപ്രസാധനസംരംഭത്തെ ഒരേസമയം മലയാളസാഹിത്യത്തിന്റെ 20-ാം നൂറ്റാ​​ണ്ടിലെ വളര്‍ച്ചയുടെ വാഹനവും വഴിത്തിരിവുകളുടെ സഹകാരിയുമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞു. ഡി സി ബുക്‌സ് അതിവേഗം മലയാളത്തിലെ ആധുനികതയുടെ ശബ്ദമായി​ത്തീര്‍ന്നു. ബഷീറും മാധവിക്കുട്ടിയും ഒ.വി. വിജയനുമെല്ലാം മാത്രമല്ല പുതിയ തലമുറക്കാരും ഡി സി ബുക്‌സിലൂടെ കൂടുതൽ വായനക്കാരുടെ കൈകളിലെത്തി.

പുതിയ തലമുറ എഴുത്തുകാരുമായുള്ള സമ്പര്‍ക്കങ്ങളിൽ ഡി സി പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. കാരണം എഴുത്തിന്റെ ഭാവി അവരിലാണ് എന്നദ്ദേഹത്തിന് അറിയാമായിരുന്നു. കാരണം അദ്ദേഹം വെറുമൊരു പ്രസാധകന്‍ മാത്രമായിരു​ന്നില്ല. നല്ല എഴുത്തുകാരനും വായനക്കാരനുമായിരുന്നു. സാഹി​ത്യത്തെ ഉള്ളിൽനിന്ന് നോക്കിനടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പുസ്തകശാലകളുടെ ശൃംഖല സ്ഥാപിച്ചതോടെ പുസ്തകങ്ങളുടെ വില്പന വര്‍ദ്ധിച്ചു. എഴുത്തുകാര്‍ കൂടുതൽ കാണ​പ്പെടുന്നവരായി. പുസ്തകം മരിക്കുന്നു എന്ന ഭീതി പരക്കു​മ്പോള്‍ ഡി സി ബുക്‌സിന് കേരളത്തിൽ പുസ്തക സംസ്‌കാ​രത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു.


Related Articles