എന്റെ നാട്ടുകാരനാണെങ്കിലും, കാണാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ശ്രീനിവാസനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ചെറുപ്പത്തില്‍ എന്റെ നാട്ടില്‍ നിന്നും തലശ്ശേരിയിലേക്ക് ബസ്സില്‍ പോകുമ്പോള്‍ ഞാന്‍ വലതു സൈഡിലെ വിന്‍ഡോ സീറ്റ് പിടിക്കും. പൂക്കോടുള്ള വിനീത് എന്ന വീടിന്റെ മുറ്റത്ത് നില്‍ക്കുന്ന ശ്രീനിവാസനെ കാണാന്‍ പറ്റിയെങ്കിലോ. പക്ഷേ ഞാന്‍ പോകുന്ന സമയത്ത് ഒരിക്കലും അദ്ദേഹം മുറ്റത്തേക്കിറങ്ങിയില്ല. അങ്ങേര് ആ വീടിനുള്ളില്‍ എവിടെയോ തന്റെ കഥാപാത്രങ്ങള്‍ക്കുള്ളിലേക്ക് നിറയ്ക്കാനുള്ള കുസൃതിയുമായി ഇരിക്കുന്നുണ്ടാവുമെന്ന് ആ വീട് കടന്നുകഴിയുമ്പോള്‍ ഞാന്‍ വിചാരിക്കും.
പാട്യത്തും കൂത്തുപറമ്പിലും കതിരൂരുമുള്ള കുറേ സുഹൃത്തുക്കളെ പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ആ നാട്ടുകാരുടെ കുസൃതിയെല്ലാം ഊറിക്കൂടി ഒരാളില്‍ സംഗമിച്ചതാണ് ശ്രീനിവാസന്‍ എന്ന പ്രതിഭാസം. ''ചായ വേണോ?'' എന്ന് നമ്മള്‍ നിസാരമായി ചോദിച്ചാല്‍ ''വേണ്ടിവരും..." എന്ന സങ്കീര്‍ണ്ണമായ ഉത്തരത്തിലേക്ക് കൊണ്ടെത്തിക്കുന്നത് അവരുടെ ഒരു ചെറിയ വിനോദമാണ്.
''ഏത് ശ്രീനിവാസന്‍...?'' എന്ന് ചോദിക്കുന്നവരെ ''നിനക്ക് എത്ര ശ്രീനിവാസന്‍മാരെ അറിയാം..." എന്ന മറുചോദ്യത്തിലൂടെ പ്രതിരോധത്തിലാക്കുന്നത് മറ്റൊരു കുസൃതി. നാട്ടുകാര് അദ്ദേഹത്തിനു കൊടുത്ത സമ്പത്തിന്റെ കുഞ്ഞുകുഞ്ഞു മിന്നലാട്ടങ്ങള്‍ മാത്രം. ഒരു രചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു മുന്നില്‍ ഞാന്‍ ആദരവോടെ നില്‍ക്കുന്നത് ആ നാട്ടില്‍ നിന്നും അവരറിയാതെ അദ്ദേഹം കൊള്ളയടിച്ചു കൊണ്ടുപോയ മുതലിന്റെ വലിപ്പമോര്‍ത്തിട്ടാണ്.
