സ്വന്തമാക്കാത്ത സ്നേഹം; എന്റെ പ്രിയ മാച്ചു പിച്ചു

World of Letters

സ്വന്തമാക്കാത്ത സ്നേഹം; എന്റെ പ്രിയ മാച്ചു പിച്ചു


2021 ലാണ് എന്റെ അടുത്ത സുഹൃത്തായ പ്രീതി ഒരു ലാസ അപ്സോ നായ്ക്കുട്ടിയെ വേണോ എന്നെന്നോട് ചോദിക്കുന്നത്. ജനിച്ച് അധിക ദിവസം ആയിട്ടില്ലാത്ത മുഴുത്ത പേരക്കയോളം പോന്ന ഒരു തക്കുടു കുഞ്ഞ്! കണ്ടിട്ട് കൊതിയായി.

“എവിടുന്നാ?”, ഞാൻ ചോദിച്ചു.

“അങ്കിൾ പറഞ്ഞിട്ട് ചേട്ടായി (ഹസ്ബൻഡ്) ഒരു ഫ്രണ്ടിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതാ. പക്ഷേ ചില അസൗകര്യങ്ങൾ കൊണ്ട് അങ്കിളിന് അതിനെ നോക്കാൻ പറ്റാത്ത ഒരു സിറ്റ്വേഷൻ വന്നു ,”പ്രീതി പറഞ്ഞു. വലിയൊരു പ്രതിസന്ധിയിൽപ്പെട്ട പിരിമുറുക്കം ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. ലാസ അപ്സോ പോലെ വലിയ ശ്രദ്ധ വേണ്ടുന്ന ഒരു പട്ടിക്കുഞ്ഞിനെ വളർത്താനുള്ള ആഗ്രഹമോ സാഹചര്യമോ അന്നവർക്കുണ്ടായിരുന്നില്ല. പ്രീതിയും ഹസ്ബൻഡും ഉദ്യോഗസ്ഥരാണ്. മക്കളെ (ദിയക്കുട്ടിയേയും ജോക്കുട്ടനേയും) സ്കൂളിൽ വിടണം, പ്രായമായ മമ്മിയുണ്ട്, കൂടാതെ അപ്പു എന്നു പേരുള്ള ഒരു നാടൻ നായ്ക്കുട്ടനെ അവർ ഓമനിച്ച് വളർത്തുന്നുണ്ടായിരുന്നു. അവനാണെങ്കിൽ മറ്റ് നായ്ക്കൾ വീടിന്റെ പരിസരത്തു കൂടെ പോകുന്നതു പോലും ഇഷ്ടമായിരുന്നില്ല. ആ അവസ്ഥയിൽ പുതിയൊരു പട്ടിയെ വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ആ നായ്ക്കുട്ടിയെ ആർക്കെങ്കിലും വിറ്റ് ഒഴിവാക്കാനും അവർക്ക് മനസ്സു വന്നില്ല. കാരണം അത്രയ്ക്കും സ്നേഹത്തോടെയായിരുന്നു ഈ നായ്ക്കുട്ടിയുടെ അമ്മയെ അതിന്റെ ഉടമസ്ഥർ വളർത്തിയിരുന്നത്. ഈ കുഞ്ഞിനെയും ആർക്കും കൊടുക്കാൻ അവർക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഏറ്റവും അടുത്ത സുഹൃത്തായതു കൊണ്ടുമാത്രമാണ് പ്രീതിയുടെ ഹസ്ബന്റ് ചോദിച്ചപ്പോൾ സ്നേഹസമ്മാനം പോലെ കൊടുത്തത്. അതുകൊണ്ടാണ് ഏറ്റവും മികച്ച പരിചരണവും സുരക്ഷിതത്വവും കിട്ടുന്നൊരിടത്തു തന്നെ അവനെ ഏൽപ്പിക്കണം എന്നുള്ള ആഗ്രഹത്തോടെ പ്രീതി എന്നെ സമീപിക്കുന്നത്.


Related Articles