ജീവിതത്തിൽ ഞാനാദ്യം കണ്ട മുഖം എന്റെ അമ്മച്ചിയുടേതാവുമോ? അറിയില്ല.. മിക്കവാറും അത് ഫോർട്ടുകൊച്ചി ആശുപത്രിയിലെ നേഴ്സിന്റേതാവാനാണ് സാധ്യത.. കുഞ്ഞായിരിക്കുമ്പോൾ അമ്മയെക്കൂടാതെ മറ്റൊരു സ്ത്രീയുടെ മുല കൂടി ഞാൻ കുടിച്ചിട്ടുണ്ട്. അൽപ്പോതാത്തിയെന്നായിരുന്നു അവരുടെ വിളിപ്പേര്. വെളുത്തു വണ്ണമുള്ളൊരു സ്ത്രീ. കാതിൽ പൊന്നിന്റെ ഞാത്തുകമ്മലുണ്ട്. വെള്ളക്കവായിയാണ് ഉടുക്കുക.. അവരുടെ മുഖത്ത് വസൂരിക്കലയുടെ കറുത്ത പാടുകളുണ്ടായിരുന്നു. എപ്പോഴും വെറ്റിലമുറുക്കികൊണ്ടിരിക്കും. എന്നെ കാണുമ്പോഴെല്ലാം എടാ ചെക്കാ നീയെന്റെ മുല കുടിച്ചിട്ടുണ്ടെന്ന് പറയും. ഭാരിച്ച നാണത്താൽ തല കുമ്പിട്ടുപോകുമെങ്കിലും ഞാൻ സാവകാശം കണ്ണുയർത്തി അവരെ നോക്കും. പൂതനക്കഥയിലെന്നപോലെ മാറും കുലുക്കി അവരുടെ മുഖത്ത് അപ്പോഴൊരു മുട്ടൻചിരി നിറയും.
ഭയങ്കര രസമുള്ളൊരു ചിരി.
ആ ചിരിയുടെ അടരെന്താണെന്ന് ഇന്നോളം എനിക്ക് മനസ്സിലായിട്ടില്ല.
പിന്നീട് ഒരുപാട് സ്ത്രീകൾ എന്റെ ജീവിതത്തിലേക്ക് ഓരോ സമയങ്ങളിൽ കടന്നുവന്നിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ വേഷങ്ങൾ. ചിലരെനിക്ക് അമ്മയായി. മറ്റു ചിലർ സഹോദരിമാരും. ചിലർ മക്കളെപ്പോലെ.. എന്നാലും ഏറെപ്പേരും എനിക്ക് സുഹൃത്തുക്കളായിരുന്നു. വിരലിലെണ്ണാവുന്ന ചിലരാകട്ടെ കാമുകിമാരുടെ വേഷവും അണിഞ്ഞു. സത്യത്തിൽ എനിക്ക് അവരെ ആരെയും മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. അൽപ്പോതാത്തിയുടെ നിഗൂഢചിരിയുടെ അലയും, അതിന്റെ തുടർച്ചയും എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഓരോ സ്ത്രീയിലും ഞാൻ കണ്ടു.. ആ മുഖങ്ങളിലേക്ക് വിവിധങ്ങളായ ഭാവങ്ങളുടെ തീവ്രത മിന്നുന്നത് ഞാൻ നോക്കിനിന്നു. തൊട്ടടുത്തു നിൽക്കുമ്പോഴും അവരുടെ ഭാവപ്പകർച്ചകൾക്കു പിന്നിലെ ഇഴയടുപ്പം എനിക്ക് അജ്ഞാതമായി തുടർന്നു.
