ഇത്തിരിപോലും വിടവില്ലാതെ, അടുപ്പിച്ചിട്ട രണ്ടു മരക്കട്ടിലുകൾ. ചെറിയൊരു മരമേശ. അതിനടുത്ത്, കറകറാ ഒച്ചയിൽ നിന്നുതിരിയുന്ന, നടുക്ക് നീലവട്ടമുള്ള ഒരു പങ്ക. പിറകിലേക്കോടിച്ചെന്നു ബാല്യത്തെ ഒരുവേള പുണരേണ്ടിവരുമ്പോഴെല്ലാം ഞാനാദ്യം കാണുക ഈ കാഴ്ചയാണ്. അവിടെ, ഒരു കട്ടിലിൽ നീണ്ടുനിവർന്ന്, നെഞ്ചിലേക്ക് ഇരുകൈകളും കോർത്തുവച്ച്, ശാന്തമായുറങ്ങുന്ന വല്ലിമ്മച്ചിയുണ്ട്. ചിലപ്പോഴെല്ലാം ആ വെളുത്ത വിരലുകൾക്കിടയിൽ തസ്ബീഹുമാല കുരുങ്ങിക്കിടക്കുന്നുണ്ടാവും.
ഓർമ്മവച്ച കാലംമുതൽ എന്റെ സഹശയനക്കാരി വല്ലിമ്മച്ചിയാണ്. ആകാശനീലനിറത്തിൽ വെട്ടം പൊഴിക്കുന്ന സീറോ വാട്ട് ബൾബിനു കീഴിൽ ഇരുകട്ടിലുകളിലായി ഞങ്ങൾ ഉറങ്ങി. വീശുന്ന കാറ്റ് ഉച്ചിയിലേക്കു തട്ടാതിരിക്കാൻ, പങ്ക എപ്പോഴും എന്റെ കാൽക്കലേക്കു ദിശതിരിച്ചുവച്ചു, വല്ലിമ്മച്ചി. ഉമ്മയ്ക്കൊപ്പമുള്ള കിടത്തത്തിൽനിന്നു പറിച്ചെറിയപ്പെട്ട ഞാനെന്ന ആറുവയസുകാരി പേക്കിനാവുകൾ കണ്ട് ഞെട്ടിയുണരുക പതിവായിരുന്നു. അപ്പോഴൊക്കെ ആദ്യമുറ്റുനോക്കുക കട്ടിലിന്റെ മറ്റേയറ്റത്തേക്കാണ്. അവിടെ, ഏറ്റവും സമാധാനപൂർവ്വം ഉറങ്ങുന്ന ആ അറുപതുകാരിയെ ഒരു കാവലാളായി ഞാൻ കണ്ടു. അടുക്കളയിലും മുറ്റത്തും വല്ലിമ്മച്ചിക്കൊപ്പം നടന്നു, ഞാൻ പലതും കേട്ടു, കണ്ടു, അറിഞ്ഞു. മണ്ണെണ്ണവിളക്കിന്റെ പൊൻവെളിച്ചത്തിലിരുന്ന് ചൂണ്ടുവിരൽ കിതാബിലേക്കുവച്ച് വല്ലിമ്മച്ചി വായിക്കുന്നതു കണ്ടയന്നാണ് അറബി മലയാളം എന്നൊരു ലിപിയെക്കുറിച്ച് ആദ്യമായറിയുന്നത്. കൗതുകപൂർവ്വം അതിലേക്ക് കണ്ണുകളും കാതുകളും തുറന്നുവച്ചു.
നബിയാർ മുഹമ്മദിൻ നിന്റെ സലവാത്തും
നല്ല സലാമും വഴങ്ങേണം യാ അല്ലാ
സയ്യിദുൽ ഖൗമിൻ ജീലാനിയ്ക്കും
സലാം അറിയേണ്ടേ ഹബീബല്ലാഹ്.
