കഥയെഴുത്ത് എന്ന ആത്മവിമർശനം

World of Letters

കഥയെഴുത്ത് എന്ന ആത്മവിമർശനം


1975 മുതൽ ഞാൻ കുറേശ്ശ കഥയെഴുതാൻ തുടങ്ങിയിട്ടുണ്ട്. എഴുത്തിന്റെ അമ്പതുവർഷം പിന്നിട്ടു എന്ന് ആലങ്കാരികമായി പറയാം. എന്നാൽ ഈ നീണ്ട കാലയളവിനനുസരിച്ചുള്ള രചനകളൊന്നും എന്റേതായിട്ടില്ല. എഴുത്ത് ഒരു തൊഴിലായി ഞാൻ കരുതിയിട്ടില്ല എന്നതാവാം കാരണം. സാഹിത്യത്തിനപ്പുറ​ത്തുള്ള ബഹുവിധലോകങ്ങളിൽ അലഞ്ഞുനടന്ന് വിസ്മയിക്കാനും സന്തോഷിക്കാനും സങ്കടപ്പെടാനും രോഷം കൊള്ളാനുമാണ് അധികവും ശ്രമിച്ചിട്ടുള്ളത്. ബഷീർ തന്റെ കഥാപാത്ര​മായ കൊച്ചുനീലാണ്ടൻ എന്ന ആനയെക്കുറിച്ച് എഴുതിയത് ഓർമ്മയുണ്ടാകുമല്ലോ. ലോകത്തിന്റെ നടത്തിപ്പാണ് കൊച്ചുനീലാണ്ടന്റെ വിഷയം. അവിടെ പൊരുത്തക്കേട് കണ്ടാൽ അവൻ പാപ്പാനെ കൊല്ലും. (അതിനുവേണ്ടി ആനയുടമയായ നമ്പൂതിരിപ്പാട് നിരവധി പാപ്പാന്മാരെ ഇല്ലത്തു താമസിപ്പിച്ച് പരിപാലിക്കുന്നുണ്ട്.) അതുപോലെ ഇടയ്ക്ക് സഞ്ചാരങ്ങളുടെ മാനസികലോകങ്ങളിൽനിന്ന് നിലതെറ്റിവന്ന് ഞാൻ ഒരു കഥയെഴുതുന്നു. വല്ല കാലത്തും ഒരു നോവലും. അതിക്രമം അത്രമാത്രം.

1975 എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രധാന വർഷമായിരുന്നു. ഞാൻ നാട്ടിക ശ്രീനാരായണ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായി ചേർന്നു.  ഇന്ത്യയെ സംബന്ധിച്ചും ആ വർഷം പ്രധാനപ്പെട്ടതാണെന്ന് പറയാം. ശ്രീമതി ഇന്ദിരാ​ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. "നാവടക്കൂ പണിയെടുക്കൂ" എന്നായിരുന്നു ഔദ്യോഗിക മുദ്രാവാക്യം. അന്നത്തെ അതിസങ്കീർണ്ണമായ സാമൂഹ്യകാലാവസ്ഥയാണ് എന്നെ നിർണ്ണയിച്ചത്. എന്റെ ജീവിതസമീപനങ്ങളും രാഷ്ട്രീയവും രൂപപ്പെട്ടു. ക്ലാസുമുറിയിൽ എന്റെ തൊട്ടരികിലിരുന്ന സി.ബി. മോഹനൻ എന്ന സഹപാഠിയെ പോലീസ് വന്ന് വിളിച്ചു​കൊണ്ടു​പോയി. ക്ലാസിൽ നോട്ടീസ് വിതരണം ചെയ്തു എന്നതായിരുന്നു കുറ്റം. രണ്ടുവർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അയാൾ ഏതാണ്ടും ബധിരനായിരുന്നു.

എന്നെ എഴുത്തിലേക്ക് വലിച്ചുകൊണ്ടുപോയതും ആ കാലമാണ്. പോലീസുകാർ വായിച്ചു പരിശോധിച്ച് സെൻസർ ചെയ്യുന്ന രചനകൾ മാത്രമേ അക്കാലത്ത് പത്രമാസികകൾ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. കലാപ്രവർത്തകർ പലരും അന്ന് ജയിലിലായിരുന്നു. അതുകൊണ്ടുതന്നെ പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശ്യത്തോടെയോ എഴുത്തുകാരനായി അറിയപ്പെടണമെന്ന ലക്ഷ്യത്തോടെയോ അല്ല എഴുത്തു തുടങ്ങിയത്. അന്നത്തെ നിലയ്ക്ക് അതൊരു ആത്മപ്രതിരോധമായിരുന്നു. ഏതെങ്കിലും വിധത്തിൽ സ്വയം ആവിഷ്കരിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ലെന്ന് അന്ന് തിരിച്ചറിഞ്ഞു. ഞാനെഴുതി, ഞാൻതന്നെ വായിച്ചു. അന്നത്തെ ആധുനികർ സൈദ്ധാന്തികമായി നിർവ്വചിച്ചപോലെ ആത്മസംതൃപ്തിക്കുവേണ്ടിയുള്ള എഴുത്ത്. അങ്ങനെ ആ ഒരു അവലംബത്തിന്റെ ബലത്തിൽ ജീവിതം മുന്നോട്ടു പോയി.


Related Articles