വയനാട്ടിലെ കാലാവസ്ഥാവ്യതിയാനം

World of Letters

വയനാട്ടിലെ കാലാവസ്ഥാവ്യതിയാനം


ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വയനാട്ടിലെ കാലാ​വസ്ഥ വലിയ മാറ്റത്തിന് വിധേയമായി. കോടയും തണുപ്പും തന്നിരുന്ന ഒരു പ്രദേശത്തിന് വലിയ മാറ്റമാണ് സംഭവിച്ചത്. അന്ത​രീക്ഷ താപനില ക്രമാതീതമായി വർധിച്ചു. ഇതിന് ഉദാഹരണമായി പറയുന്നത് തണുപ്പുള്ള പ്രദേശങ്ങളിൽ വളർന്നിരുന്ന ഓറഞ്ച് അപ്രത്യക്ഷമായതാണ്. ഒരു കാലത്ത് വയനാട്ടിൽ നാരങ്ങ സുലഭ​മായിരുന്നു. പിന്നീട് തണുപ്പ് വിട്ടതോടുകൂടിയാണ് ഇത് അപ്രത്യ​ക്ഷ​മായത് എന്നാണ് വാദം. ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിലും വയനാട്ടിൽ കാലാവസ്ഥാവ്യതിയാനം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അന്യംനിന്നുപോകുന്ന പല നെൽവിത്തുകളും കൃഷി ചെയ്യുന്ന പത്മശ്രീ ചെറുവയൽ രാമൻ കാലാവസ്ഥാ വ്യതിയാനം വയനാടൻ കാർഷികരംഗത്തെ വലിയ പ്രതിസന്ധിയിലാക്കി എന്ന് അഭിപ്രായ​പ്പെടുന്നുണ്ട്. ഒരു കർഷകന് ഏറെ സന്തോഷം നൽകുന്നത് കുംഭ​ത്തിലെ മഴയായിരുന്നു. പലതരത്തിലുള്ള പൈതൃകസസ്യങ്ങളും ഇത്തരം തോട്ടവിളകളുടെയും രാസവളങ്ങളുടെയും വരവോടെ അപ്രത്യക്ഷമായിട്ടുണ്ട്. ആഗോളതാപനത്തിന്റെ ഭാഗ​മായ കാലാവസ്ഥാവ്യതിയാനം വയനാട്ടിലെ മഴയുടെ ക്രമ​ത്തെയും താളംതെറ്റിച്ചു. കാലം തെറ്റിയുള്ള മഴ കാരണം നെൽകൃഷിയും കുരുമുളകും കാപ്പിയും എല്ലാം പലപ്പോഴും നഷ്ടത്തിലായി.

വയനാട്ടിൽ അന്തരീക്ഷ താപനില ഉയരുകയും മഴ കുറയുകയും ചെയ്യുന്നതിനു പിന്നിൽ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൂടാതെ പ്രാദേശികമായ കാരണങ്ങളും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ പ്രശ്നങ്ങൾ വയനാട്ടിൽമാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പശ്ചിമഘട്ടത്തെ ആകെ ബാധിച്ച ഈ പ്രശ്നങ്ങളെ സംബന്ധിച്ച് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വനത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതും കാർഷികരംഗത്തുണ്ടായ മാറ്റങ്ങളുമാണ് അന്വേഷിച്ചത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം കൂടിയ അളവിലുള്ള രാസവളങ്ങൾ ഉപയോഗിച്ച് കാർഷിക സമ്പ്രദായവും തേയില, കാപ്പി, ഏലം, റബ്ബർ, കവുങ്ങ് തുടങ്ങിയ തോട്ടവിളകളുടെ വ്യാപനവുമാണ് വയനാട്ടിലെ ദൗർബല്യത്തിന്റെ പ്രധാന കാരണം.


Related Articles