ജാതകവശാൽ അഷ്ടമഭാവത്തിനാണ് ശുഭത്വബലം. അതുകൊണ്ടാവാം, ജനിച്ചനാടിനും, ആദ്യം പറഞ്ഞുതുടങ്ങിയ ഭാഷക്കും, ബന്ധുബലത്തിനുമെല്ലാം വെളിയിൽ ആരോരുമറിയാതെ കഴിഞ്ഞുകൂടേണ്ടിവന്നു. എന്നും മറവിടത്തിലിരുന്നുകൊണ്ട് ജീവിതത്തെ അനുഭവിക്കുന്നവരിൽ ഒരുവനാണ്. ബുദ്ധിയുടെ തെളിഞ്ഞവീക്ഷണം ഇല്ലാത്തതുകൊണ്ടുതന്നെ ഒളിഞ്ഞുനോട്ടക്കാരനുമാണ്. ബുദ്ധി തെളിഞ്ഞവൻ പണ്ഡിതനും, അതു മറഞ്ഞവൻ കലാകാരനും. തെളിഞ്ഞവൻ സത്യം ബോദ്ധ്യപ്പെടുത്തുമ്പോൾ, മറഞ്ഞവൻ അതുപയോഗിച്ച് മനുഷ്യരെ പ്രശ്‌നത്തിലാക്കുന്നു. ബലവ്യാപ്തികളിൽ വ്യതിയാനങ്ങൾ കണ്ടേക്കാമെങ്കിലും ഭൂരിപക്ഷഘടന ഇത്തരത്തിലാണ്. ഹൃദയതലച്ചോറുകൾ ഒരേപോലെ സംഗമിച്ചവർ ഇല്ലെന്നല്ല. തീരെ കുറവാണെന്നുമാത്രം. ഇതുരണ്ടും മറികടന്ന സന്യാസികളേയും പരിഗണിക്കുന്നു. എന്തൊക്കെയായാലും അവസാനം തുറക്കുന്നത് മരണമെന്ന ഏകമുഖത്തേക്കും! അങ്ങനെയെങ്കിൽ ജന്മമേ, നിന്‍റെ ഉൺമയെന്ത്?
വേദാന്തംപോലും ചിരിക്കുന്ന വി.കെ.എന്നിന്റെ തിരുവല്വാമലയിലിരുന്നുകൊണ്ടാണ് ഇത്തരം ചിന്തകളെന്നോർക്കണം. പുഴ പറന്ന് അക്കരെയെത്തിയാലും രക്ഷയില്ല, കുഞ്ചൻ. ഗതികെട്ടവന് ഔചിത്യമില്ലല്ലോ, വെച്ചുകാച്ചി ഒരു കഥ. 'അകംപുറങ്ങളിലെ സവാരിക്കാർ.' പാലക്കീഴ് നാരായണൻ അന്ന്, ഗ്രന്ഥാലോകത്തിന്റെ പത്രാധിപനാണ്. മുഖദാവിൽ കഥ കൊടുത്തു. ഒളിപ്പോരാളിയായതുകൊണ്ടുതന്നെ കഥ അച്ചടിച്ചെങ്കിലും ചർച്ചയായില്ല. ''സന്യാസികൾക്ക് മനസ്സിലാകും, അവർക്ക് പക്ഷേ, ഇതു വായിക്കണമെന്നില്ലല്ലോ.'' എന്നാണ് ഒരു ചങ്ങാതി അഭിപ്രായപ്പെട്ടത്. എങ്കിൽ, ഞാനിത് അക്കിത്തത്തിന് അയച്ചുകൊടുക്കും എന്ന് ഒരു മൂച്ചിനങ്ങു പറഞ്ഞുപോയി. 'പെരും ഉൺമകളുടെ പത്ഥാവിൽ നിലതെറ്റിയലയാൻ ധൈര്യമുള്ള പണ്ഡിതൻ' എന്ന അർത്ഥത്തിൽ അദ്ദേഹത്തെ ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടാവാം. അതിനുംമാത്രം സാഹിത്യപരിചയമൊന്നും ഉണ്ടായിട്ടല്ല. ഒറ്റമിന്നലിന്റെ വെള്ളിവെളിച്ചത്തിൽ ചക്രവാളങ്ങളെയൊന്നാകെ വെളിവാക്കുന്ന അപൂർവ്വപ്രതിഭാസമാണല്ലോ, കവിത. ഒരു പാഴ്ശ്രമത്തിനുശേഷം, അതിൽനിന്ന് എന്നോ ഓടിയകന്നവനാണ്.
എന്നിട്ടും തോന്നി, കവിയായ അദ്ദേഹം എന്റെ കഥ വായിക്കണമെന്ന്. മറവിടക്കാരന്റെ മനോരാജ്യം! പെരുംപാതകളിലൂടെയും ഊടുവഴികളിലൂടെയുമുള്ള മനസ്സിന്റെ സാധിതമായ മലക്കംമറിച്ചിലുകളെയെല്ലാം സാക്ഷീഭാവത്തോടെ സ്വയം അനുവദിച്ച് ദീർഘകാലം ജീവിതം തുടർന്ന ഒരാളെന്നനിലയിൽ അദ്ദേഹത്തിന്റെ വലുപ്പം ഊഹാതീതമെന്ന് എങ്ങനെയോ മനസ്സിലായിട്ടുണ്ട്. സത്യതൃഷ്ണയും, വേദാന്തബലവുംകൊണ്ട് ഹിമാലയംപോലെ നിലകൊണ്ട ഒരാൾക്കു മുന്നിലേക്കാണ് ഞാനെന്റെ മൃദുമനോരാജ്യംകൊണ്ട് കടന്നുചെല്ലുന്നത്. ചെയ്തത് തെറ്റായിപ്പോയോ? കഥ അയച്ചുകഴിഞ്ഞതോടെ എന്റെ അവസ്ഥ നന്നേ പരുങ്ങലിലായി.
