ചരിത്രം നിശബ്ദമാക്കിയതിനെ പറ്റി എഴുതുന്നതാണ് നോവൽ എന്ന് കാർലോസ് ഫുവന്റെസ് പറഞ്ഞിട്ടുണ്ട്. ഈ ബോധ്യത്തോടെയാണ് ഞാൻ നോവൽ എഴുതാൻ ഇരുന്നത്. കഥാപാത്രങ്ങളുടെ മെമ്മേർ ആണ് ഈ നോവൽ. ഇതിൽ തേർഡ് പെഴ്സൺ നറേഷൻ ഇല്ല. ആത്മഗതങ്ങളും ഓർമ്മകളും കഥ പറയുന്ന ഒരു ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. സാമൂഹ്യമായ ഓർമ്മകളെ അടയാളപ്പെടുത്താൻ ഈ വഴിയാണ് നല്ലതെന്ന് തോന്നി. ഞാൻ ജനിച്ചു വളരാത്ത ‘എന്റെ നാട്ടിലെ’ പരിചയമുള്ളവരും, അടുപ്പമുള്ളവർ പറഞ്ഞറിഞ്ഞ മനുഷ്യരുമാണ് ഇതിൽ നിറയെ. അവർക്ക് ഞാൻ വേറെ പേരുകൾ നൽകുകയും വേറെ വിചാരവികാരങ്ങൾ നൽകുകയും ചെയ്തു എന്നേയുള്ളൂ. അവർക്ക് ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ സ്വഭാവവുമായോ ശീലങ്ങളുമായോ സമരവുമായോ ബന്ധമുണ്ട്. വ്യവസ്ഥിതി മനുഷ്യരെ വരിഞ്ഞുമുറുക്കുന്നതിനെ കുറിച്ച് എഴുതാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ബീഹാറിൽ നിന്ന് ഞാൻ ചെന്നുപെട്ട എടക്കാട് ഗ്രാമത്തിലേക്ക് നോക്കിയപ്പോൾ, തങ്ങൾക്കുവേണ്ടി അല്ലാതെ ഒരുമ്പെട്ട് ഇറങ്ങിപ്പോകുന്ന മനുഷ്യരെ ധാരാളം കാണാൻ കഴിഞ്ഞു. അവരുടെ സമരം അവരുടെ വീട്ടിലേക്ക് മുളകും പഞ്ചസാരയും അരിയും വാങ്ങാനുള്ളതായിരുന്നില്ല. അവരൊക്കെ മർദ്ദനമേറ്റത് നാടിനു വേണ്ടിയായിരുന്നു. അവരൊക്കെ ചോര കൊടുത്തത് എല്ലാവർക്കും വേണ്ടിയായിരുന്നു. ഇങ്ങനെയുള്ള ആളുകളെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് അമ്മ പറഞ്ഞപ്പോഴാണ്, സമൂഹത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യരെ കുറിച്ച് ഞാൻ ബോധവാനായത്. ആ ബോധ്യമാണ് ഈ നോവലിലെ കഥാപാത്രങ്ങൾ.
ഇതുപോലുള്ള മനുഷ്യർ പല പേരുകളിൽ ഇന്നും ജീവിക്കുന്നു... വ്യവസ്ഥിതിയെ ഒരു മെറ്റഫറായി എഴുതണമെന്നുള്ള അതിയായ ആഗ്രഹമാണ് ലീക്ക് 86 സാധ്യമാക്കിയത്. കോഴിക്കോട് മാവൂരുള്ള ഗ്വാളിയോർ റയൺസ് കാടുപിടിച്ചു കിടക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. അവിടെ ജോലിചെയ്തിരുന്ന അമ്മയുടെ അകന്ന ബന്ധുവിന്റെ ജോലി പോയശേഷമുള്ള ദയനീയ ജീവിതം കേട്ടറിഞ്ഞിരുന്നു. ഫിക്ഷനെ വെല്ലുന്ന സമരചരിത്രമാണ് ആ മനുഷ്യന്റെ ജീവിതം. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം സംഭവിച്ച ഭോപ്പാലിൽ, 2010 ലാണ് ഞാൻ പോയത്. അന്ന് ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ വാർഷിക എഡിറ്റേഴ്സ് മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. മീറ്റിംഗ് കഴിഞ്ഞ് എന്റെ ഡെപ്യൂട്ടി എഡിറ്റർ ഗുൽഷൻ ഭാട്ടിയക്കൊപ്പം അവിടെയെല്ലാം ചുറ്റിയടിച്ചു. ദുരന്തങ്ങൾ സമ്മാനിക്കുന്ന സാമൂഹ്യമായ ഓർമ്മകൾ മനുഷ്യനെ കാലമേറെ കഴിഞ്ഞാലും വേട്ടയാടികൊണ്ടിരിക്കും എന്ന് ബോധ്യമായത് അവിടെ കണ്ട കീറിപ്പറിഞ്ഞ മനുഷ്യരോട് സംസാരിച്ചപ്പോഴാണ്.
