സ്‌കൂൾ പാഠപുസ്തകം അഥവാ...  വർഗീയതയുടെ ഇൻകുബേറ്റർ

World of Letters

സ്‌കൂൾ പാഠപുസ്തകം അഥവാ... വർഗീയതയുടെ ഇൻകുബേറ്റർ


'Those who control the present, control the past, and those who control the past control the future.'

                          – George Orwell 1984

വിദ്യാഭ്യാസമേഖലയിലെ പാഠ്യപദ്ധതി നിർണയിക്കുന്ന കേന്ദ്രസർ​ക്കാർ സ്ഥാപനമാണ് 1961–ൽ സ്ഥാപിതമായ National Council of Educational Research and Training (NCERT). കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ അധികാരം ലഭിച്ച ഹിന്ദുത്വ ഭരണകർത്താക്കൾ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ വലിയ തോതിലുള്ള തിരു​ത്തലുകൾക്ക് വിധേയമാക്കിയിരിക്കുകയാണ്. കുട്ടികളുടെ പഠന​ഭാരം ലഘൂകരിക്കുക എന്ന വാദമാണ് വെട്ടിത്തിരുത്തലുമായി ബന്ധപ്പെട്ട് തുടക്കത്തിൽ അവർ ഉന്നയിച്ചിരുന്നതെങ്കിൽ ഇന്ന് കാര്യങ്ങൾ മറനീക്കി വെളിയിൽ വന്നിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രം ഹിന്ദുവിന്റെ ചരിത്രം എന്ന സമവാക്യത്തിലാണ് പാഠപുസ്തകങ്ങൾ തിരുത്തപ്പെട്ടിരിക്കുന്നതെന്നാണ് ചരിത്രകാരൻ ബർട്ടൺ ക്ലീറ്റസ് പറയുന്നത്. ചെറിയ മാറ്റങ്ങൾ മുതൽ ചില അധ്യായങ്ങ​ളുടെ പൂർണമായ ഒഴിവാക്കൽവരെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ കാണാൻ കഴിയും. പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്ത​കത്തിൽനിന്ന് മുഗൾഭരണവും പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ഗാന്ധിജിയുടെ വധത്തിൽ നാഥുറാം ഗോഡ്സെ​യുടെ പങ്കും ഗുജറാത്ത് കലാപവും ഒഴിവാക്കപ്പെട്ടു. ലോകചരി​ത്രവുമായി കുട്ടികൾ നിർബന്ധമായും പരിചയപ്പെട്ടിരിക്കേണ്ട വ്യവസായവിപ്ലവവും ശീതസമരം, സോവിയറ്റ് യൂണിയന്റെ ചരിത്രം തുടങ്ങിയവയും ഈ സർക്കാർ പാഠപുസ്തകത്തിൽനിന്നും ഒഴി​വാക്കി. ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തവും ജീവന്റെ ഉത്പത്തിയെക്കുറിച്ചുള്ള ആധുനിക ശാസ്ത്ര കാഴ്ചപ്പാടുകളും ഈ കൂട്ടത്തിൽ പുറത്താക്കപ്പെട്ടു. ആധുനിക ജനാധിപത്യ കാഴ്ച​പ്പാടുകളുടെ ഉറവിടം ഇന്ത്യയിലാണെന്ന് നിർബന്ധമായും നിങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നാണ് പൊളിറ്റിക്കൽ സയൻസ് അധ്യാ​പകർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയെ കേന്ദ്രസ്ഥാനത്ത് നിർത്തുന്നു എന്ന പേരിൽ കപടദേശീയത നിർമ്മി​ക്കാനുള്ള ശ്രമമാണ് ഈ പാഠപുസ്തകങ്ങളിലൂടെ സംഘപരിവാർ സർക്കാർ ലക്ഷ്യമിടുന്നത്.


Related Articles