വികസനവും സ്വകാര്യനിക്ഷേപവും

World of Letters

വികസനവും സ്വകാര്യനിക്ഷേപവും


''ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് വികസനം വരില്ല, വിദേശനിക്ഷേപം വരില്ല, കാരണം ഇടതുപക്ഷം വികസനവിരുദ്ധരാണ്'' എന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഐക്യജനാധിപത്യമുന്നണി നേതാക്കള്‍ പ്രചരിപ്പിച്ചത്. അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ എന്നെ വികസനവിരുദ്ധന്‍ എന്ന് വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തു.

വികസനത്തിന്റെ ലാസ്റ്റ് ബസ് വന്നുനില്‍ക്കുകയാണ്, വിദേശനിക്ഷേപത്തിന്റെ ലാസ്റ്റ് ബസ് വന്നുനില്‍ക്കുകയാണ്-- അതു പോയിക്കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് വികസനത്തില്‍ കൊതിയുള്ളവരെല്ലാം ഇതില്‍ കയറിക്കൊള്ളൂ എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ആഹ്വാനം ചെയ്തത്. ആഗോളനിക്ഷേപക സമ്മേളനം എന്ന പേരില്‍ ഒരു മാമാങ്കവും അതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് വികസനം വരാതിരിക്കരുത് എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചത്. ജിമ്മില്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ പങ്കെടുക്കുകയും സംസ്ഥാന താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നിക്ഷേപസംരംഭങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ, പരക്കെ അറിവുള്ളപോലെ അമ്പതിനായിരം കോടിയുടെ പോയിട്ട് അമ്പത് കോടി രൂപയുടെ വികസന നിക്ഷേപംപോലും ജിമ്മുമായി ബന്ധപ്പെട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല.

വ്യവസായരംഗത്തും അടിസ്ഥാനസൗകര്യ വികസനരംഗത്തും നമുക്ക് വിദേശത്തു നിന്നായാലും നാട്ടില്‍ നിന്നായാലും വമ്പിച്ച നിക്ഷേപം ആവശ്യമാണ്. അതിന് എല്ലാവിധ ശ്രമവും നടത്തേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നശേഷം ഡസന്‍ കണക്കിന് സംരംഭകര്‍ നിക്ഷേപ സന്നദ്ധതയുമായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. യു. ഡി. എഫ്. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതുപോലെ വികസനത്തിന്റെ ലാസ്റ്റ് ബസ് അവരോടൊപ്പം പോയിട്ടില്ല. വികസനത്തിനും നിക്ഷേപത്തിനുമൊന്നും ലാസ്റ്റ് ബസ്സില്ല. ഒരു ബസ് പോയാല്‍ അടുത്ത ബസ് വരും. പറഞ്ഞുവന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുന്‍കാലത്തെ അപേക്ഷിച്ച് നിക്ഷേപ സന്നദ്ധതയുമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. ഇതിനകം വന്ന സന്നദ്ധതാ ലിസ്റ്റ് നോക്കിയാല്‍ത്തന്നെ പതിനായിരക്കണക്കിന് കോടിയുടേത് വരും. എന്നാല്‍ കിട്ടുന്ന കടലാസ്സുകളിലെ തുക മുഴുവന്‍ കണക്കുകൂട്ടി ഇതാ സംസ്ഥാനത്ത് ഒരു ലക്ഷം കോടിയുടെ അല്ലെങ്കില്‍ അരലക്ഷം കോടിയുടെ നിക്ഷേപം വരാന്‍ പോകുന്നു എന്ന് പെരുമ്പറയടിക്കാന്‍ ഞങ്ങള്‍ തയ്യാറില്ല. എല്ലാ വശങ്ങളും പരിശോധിച്ച് സന്നദ്ധരുടെ പ്രാപ്തിയും നമ്മുടെ ആവശ്യവും സംസ്ഥാനത്തിന്റെ ഭാവിയും വിശാലമായ താത്പര്യങ്ങളും ഒക്കെ പരിഗണിച്ച് ഒരു പ്രാഥമിക ധാരണയിലെങ്കിലും എത്തിക്കഴിയാതെ, ആയിരം കോടി വരും, പതിനായിരം കോടി വരും എന്ന് കൊട്ടിഘോഷിക്കാന്‍ ഞങ്ങളില്ല. അങ്ങനെ പെരുമ്പറയടിച്ചവര്‍ കയറിയ ലാസ്റ്റ് ബസ്സാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ പോയിക്കഴിഞ്ഞത്.


Related Articles