വീശിയടിക്കുന്ന കാറ്റത്ത്, ചാഞ്ഞവെയിലിൽ, മൂവന്തിനേരത്തെ കൊതുകുകടികൊണ്ട്, ആരെങ്കിലും വരുന്നുണ്ടോ കാണുന്നുണ്ടോ എന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കി വെളിക്കിരിക്കേണ്ടി വന്നിട്ടുണ്ടോ? പ്ലസ് ടു പഠനകാലം വരെ അങ്ങനെയായിരുന്നു എൻ്റെ പ്രാഥമിക കാര്യങ്ങൾ നടന്നു പോയിരുന്നത്.
ഒരു കുന്നുംപുറത്ത് പത്തുസെൻ്റ് സർക്കാർ ഭൂമി കിട്ടിയതായിരുന്നു ഞങ്ങൾക്ക്. ഞങ്ങളെ കൂടാതെ ഒരു പത്തു നാൽപത് കുടുംബങ്ങൾക്ക് വേറെയും ഭൂമി പതിച്ചു കിട്ടിയിരുന്നെങ്കിലും ആരും അവിടെ വീട് വെച്ചുവന്നില്ല. അതുകൊണ്ട് തന്നെ ആ വിശാലമായ സ്ഥലത്ത് വെളിക്കിരിക്കൽ കുറേക്കൂടി എളുപ്പമായിരുന്നു. അക്കാലത്ത് എൻ്റെ ഏറ്റവും വലിയ സ്വപ്നം അടച്ചുറപ്പുള്ള ഒരു കക്കൂസായിരുന്നു.
ആ സമയത്തൊക്കെ എൻ്റെ ഏറ്റവും വലിയ പേടികളിൽ ചിലത് ആരും കാണാതെ എങ്ങനെ വെളിക്കിരിക്കാമെന്നും ആരെങ്കിലും കണ്ടോണ്ട് വന്നാലുള്ള അപമാനത്തെ എങ്ങനെ മറികടക്കുമെന്നതൊക്കെയായിരുന്നു. പ്രായപൂർത്തിയായ, പ്ലസ് ടുവിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച് ആ പേടി ചെറുതായിരുന്നില്ല. എപ്പോൾ വേണമെങ്കിലും കയ്യേറ്റം ചെയ്യപ്പെടാവുന്ന ഭൂമിയാണ് എൻ്റെ ശരീരമെന്ന് എപ്പോഴും തോന്നുമായിരുന്നു. പേരിന് പോലും ഒരു കക്കൂസില്ലാത്തത് ആ പേടിയെ ഓരോ ദിവസവും കൂടുതൽ കൂടുതൽ തീക്ഷ്ണമാക്കി. ആരെങ്കിലും വീട്ടിലേക്ക് വരുന്നത് തന്നെ എന്നെ സംബന്ധിച്ച് ഉടുതുണിയില്ലാതെ റോഡിലൂടെ നടത്തിക്കുന്നതിന് സമാനമായിരുന്നു. ആരെങ്കിലും വന്നാൽ തന്നെ അവർക്കാർക്കും ടോയ്‌ലറ്റിൽ പോകാൻ ഉണ്ടാവല്ലേ , അവര് കക്കൂസെവിടെ എന്ന് ചോദിക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കും.
