വയറ് കാളുന്നു

World of Letters

വയറ് കാളുന്നു


കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടിയിരുന്നത് വിശപ്പായിരുന്നു. വിശപ്പ് ഒരു പ്രധാന പ്രശ്‌നമായി എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു. 

സർക്കാർ പതിച്ചു നൽകിയ പത്തുസെൻ്റ് ഭൂമി ലഭിക്കുന്നതിനും മുമ്പേ ഞങ്ങൾ ജീവിച്ചിരുന്നു. പക്ഷേ നിരന്തരം വാടകവീടുകൾ കയറിയിറങ്ങിയാണ് എന്നുമാത്രം. ഒരിടത്ത് താമസിക്കുമ്പോൾ വാടക കൊടുക്കാനില്ലാതെ അവധി പറഞ്ഞുപറഞ്ഞ് ഒടുവിൽ ഞങ്ങളെ അവിടെ നിന്ന് ഇറക്കിവിട്ടു. അന്ന് രാത്രിയിൽ സാധനങ്ങളൊക്കെ കെട്ടിപ്പൂട്ടി ആരുമറിയാതെ ഞങ്ങൾ ഒളിച്ചോടി. അങ്ങനെ എത്രയോ വാടകവീടുകളിൽ, കല്ലുവെട്ടുക്വാറിയിൽ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ, കല്ലുപൊടിച്ച് മെറ്റലാക്കുന്ന ക്വാറിയുടെ കഞ്ഞിപ്പുരയിൽ അങ്ങനെ ഒത്തിരിയിടത്ത് താമസിച്ചിട്ടുണ്ട്. ഉപ്പ വെൽഡിംഗ് പണിക്ക് പോയിട്ടുണ്ട്, കൂലിപ്പണിക്ക് പോയിട്ടുണ്ട്, ചുമട്ടുതൊഴിലാളിയായി പോയിട്ടുണ്ട്. മനസ്സുനിറഞ്ഞ് സന്തോഷത്തോടെയും സമാധാനത്തോടെയും ഞങ്ങൾ ജീവിച്ചിട്ടില്ല. ഉപ്പയുടെ നിയന്ത്രണമില്ലാത്ത മദ്യപാനവും സംശയരോഗവും ഉമ്മയെ ഉപദ്രവിക്കലും കടുത്ത ദാരിദ്ര്യവും ജീവിതം ദുരിതപൂർണ്ണമാക്കിയിരുന്നു. 

ഉമ്മ വിളിച്ചതും വിളിക്കാത്തതുമായ കല്യാണങ്ങൾക്ക് പോകുമായിരുന്നു. കല്യാണവീടുകളിൽ ഉണ്ടാവുന്ന ജോലിക്ക് വീട്ടുകാർ ആളെ ഏർപ്പാടാക്കിയിട്ടുണ്ടാവും. എന്നാലും ഉമ്മ അവിടെ പോയി പണി എടുക്കും. വിളിച്ചിട്ടൊന്നും ഉണ്ടാവില്ല. എങ്കിലും എല്ലുമുറിയെ പണിയും. അവരെന്തെങ്കിലും പൈസ കൊടുക്കും. അവിടെ ബാക്കി വരുന്ന ഭക്ഷണത്തിനായി ഞങ്ങൾ മൂന്നു കുഞ്ഞുങ്ങൾ വീട്ടിൽ കാത്തിരിക്കും. നല്ല സ്വാദുള്ള ഭക്ഷണം കഴിക്കുന്നത് അപ്പോഴാവും. ഇതൊന്നും കൂടാതെ തൊട്ടടുത്തുള്ള വീടുകളിൽ ഉമ്മ അടുക്കളപ്പണിക്ക് പോകുമായിരുന്നു. അവിടെ നിന്നും ഭക്ഷണം കൊണ്ടുവരും. പക്ഷേ അത് തലേന്നത്തെ ഭക്ഷണമായിരിക്കും. വളിച്ചതും പുളിച്ചതും ഒക്കെ കാണും. തണുത്ത പലഹാരങ്ങൾ കാണും. ആരെന്ത് കൊടുത്താലും ഉമ്മയത് ഞങ്ങൾക്കുവേണ്ടി വാങ്ങിക്കൊണ്ട് വരും. ഇപ്പോഴും ആ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. അയൽവീട്ടുകാരൊക്കെ ഉമ്മയ്ക്ക് ചായയോടൊപ്പം നൽകുന്ന പലഹാരങ്ങൾ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് കഴിക്കാതെ പൊതിഞ്ഞെടുത്തു വീട്ടിൽ കൊണ്ടുവരും. മക്കളൊക്കെ മുതിർന്നു. പക്ഷേ ഉമ്മ പഴയ ശീലങ്ങളൊന്നും മറന്നിട്ടില്ല. ഞങ്ങളെത്ര വഴക്കിട്ടാലും മാറുമെന്നും തോന്നുന്നില്ല.


Related Articles