വള്ളപ്പൂതം

World of Letters

വള്ളപ്പൂതം


കുളിയ്ക്കാനും അലക്കാനും മറ്റും സൗകര്യങ്ങളില്ലാതിരുന്നതിനാൽ തൊട്ടടുത്തുള്ള കരിങ്കൽ ക്വാറിയിലാണ് അത്തരം കാര്യങ്ങളൊക്കെ ചെയ്തുപോന്നിരുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ഉള്ള് നടുക്കുന്നത്, ആഴത്തിൽ നിലയില്ലാതെ കറുത്തവെള്ളം കെട്ടിക്കിടക്കുന്നത്, നീലപൊന്മാന്റെ ചിലയ്ക്കലും ഇടയ്ക്കിടെ മുങ്ങാങ്കുഴിയിടാനെത്തുന്ന വലിയ ഉണങ്ങിയ ശാഖകളുടെ ഞെട്ടിപ്പിക്കുന്ന ശബ്ദവുമല്ലാതെ മറ്റൊന്നുമില്ലാത്ത നിശബ്ദത. ഒരു ഓരത്ത് കെട്ടിക്കിടക്കുന്ന കട്ടക്കറുപ്പിലേക്ക് നോക്കാൻ പോലും കഴിയാതെ വിറച്ചുനിൽക്കും. അവിടെ ജലഭൂതമുണ്ട്! നീരാളിയുടേതുപോലെ അനേകം കൈകളുള്ള ആ സത്വം, ആ ഭാഗത്തേക്കെങ്ങാനും അറിയാതെ നീന്തിച്ചെന്നാൽ ചുറ്റിപ്പിടിച്ച് അടിത്തട്ടിലേക്ക് കൊണ്ടുപോയി ചോരയൂറ്റിക്കുടിച്ച് ചണ്ടിയാക്കി വലിച്ചെറിയും. 

ഒരിക്കൽ ഒരുമ്മയും മൂന്ന് മക്കളും കുളിക്കാനായി ഈ ക്വാറിയിലേക്കെത്തി. നീന്തിക്കളിച്ചുകളിച്ചൊടുവിൽ ഇളയ കുട്ടി ആഴം കൂടിയ കറുത്തഭാഗത്തേക്ക് കാൽവഴുതിപ്പോവുകയും മുങ്ങിപ്പോവുകയും ചെയ്തു. രക്ഷിക്കാനായി മൂത്ത കുട്ടി എടുത്തുചാടിയെങ്കിലും അവനേയും ജലഭൂതം വലിച്ചെടുത്തു. നീന്തലറിയാത്ത ഉമ്മ ബോധം കെട്ടുവീണു. ഒടുവിൽ ആ രണ്ട് കുട്ടികളുടെയും ജീവനറ്റ ശരീരങ്ങൾ ജെ.സി.ബി കൊണ്ടുവന്നാണ് മാന്തിയെടുത്തത്. അതിനുശേഷം പല നട്ടുച്ചകളിലും പ്രാണനുവേണ്ടിയുള്ള അലറിക്കരച്ചിലുകൾ അവിടെ നിന്ന് കേട്ടിരുന്നുവത്രെ.. പേടിച്ചിട്ടാരും അങ്ങോട്ടൊരിക്കലും എത്തി നോക്കിയില്ല.

കഥകൾ കേട്ട് തളർന്ന മനസ്സുമായി കുളിക്കാനെത്തിയ എന്നെ വരവേറ്റത് നിശ്ചലമായ നിലയില്ലാത്ത കറുത്ത വെള്ളവും ചെറുതായൊന്ന് കൂവിയാൽ നൂറായിരം പേർ തിരിച്ച് കൂവുന്ന കനത്ത പാറക്കെട്ടുകളുമാണ്. ഇക്കിളി കൂട്ടുന്ന പരൽമീൻ പറ്റം ഒരുപാട് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉമ്മ തല്ലിയലക്കുന്ന പ്രതി ശബ്ദങ്ങൾ കേട്ടുപോലും ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു. സോപ്പുതേച്ച് മുഖം കഴുകുമ്പോഴും മുടിയഴിച്ചിട്ട് തല കുനിച്ച് കുളിയ്ക്കുമ്പോഴുമാണെന്റെ ഉടൽ വിറച്ചത്. അപ്പോഴൊക്കെ വെള്ളത്തിനടിയിലൂടെ കൈകൾ നീണ്ടുവരുന്നതും  ആ കൈകൾ കാലിൽ ചുറ്റിപ്പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും ശ്വാസം മുട്ടിക്കുന്നതും മനസ്സിലേക്കെത്തും. 


Related Articles