വാർമുകിലേ വാനിൽ നീ വന്നൂ...

World of Letters

വാർമുകിലേ വാനിൽ നീ വന്നൂ...


തേജോമയമാണ് രവീന്ദ്രസംഗീതം. മെലഡിയുടെ മുഗ്ദ ലാവണ്യവും കർണാട്ടിക്–ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതശാഖകളുടെ ഗരിമയും കൈകോർത്തു നിൽക്കുന്ന ശൈലി. കൊച്ചരുവിയായി തുടങ്ങി ഗാംഭീര്യമാർന്ന ജലപാതമായി മാറുന്ന ഗാനങ്ങൾ. നല്ലൊരു ഗാനസൃഷ്ടിയുടെ ആഹ്ലാദം മനസ്സിൽ ഒതുക്കിവെക്കുന്ന പതിവില്ല രവീന്ദ്രന്. പലപ്പോഴും അത് അണപൊട്ടി പുറത്തേക്കൊഴുകും.

“മഴയിലെ "വാർമുകിലേ' എന്ന പാട്ട് റെക്കോർഡ്‌ ചെയ്തു കേട്ടപ്പോൾ മാഷിന്റെ മുഖത്ത് കണ്ട തിളക്കം മറക്കാനാവില്ല,’’ – ചിത്ര പറയുന്നു. “ആ ആനന്ദം ആരോടെങ്കിലും പങ്കുവെക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. ആദ്യം ഫോണിൽ വിളിച്ചത് പാട്ടെഴുതിയ യൂസഫലി സാറിനെത്തന്നെ. എന്‍റെ മോളുടെ പാട്ട് നിങ്ങളൊന്നു കേട്ട് നോക്കൂ എന്ന് പറഞ്ഞു ഫോണിലൂടെ കവിയെ കേൾപ്പിക്കുന്ന മാസ്റ്ററെ നോക്കിനിന്നപ്പോൾ കണ്ണു നിറഞ്ഞുപോയി. പിതൃനിർവിശേഷമായ അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിച്ചറിഞ്ഞ അനേകം നിമിഷങ്ങളിൽ ഒന്ന്...’’

ചിത്ര-രവീന്ദ്രന്‍ ടീമിന്റെ മാസ്റ്റർപീസ്‌ എന്ന് വിശേഷിപ്പിക്കാ​വുന്ന ഗാനം. "മഴ' സിനിമയുടെ ഓഡിയോ ആൽബത്തിൽനിന്ന് ആ ഗാനം ആദ്യം കേട്ടപ്പോൾ ലെനിന്‍ രാജേന്ദ്രന്‍ അതെങ്ങനെ ചിത്രീകരിക്കുമെന്നറിയാന്‍ കൗതുകമുണ്ടായിരുന്നു. നിരാശ വേണ്ടിവന്നില്ല. ഗാനത്തിന്റെ ആത്മാവിനെ സിനിമയിലേ ദൃശ്യങ്ങളുമായി തന്മയത്വത്തോടെ വിളക്കിച്ചേർത്തിരിക്കുന്നു ലെനി​നിലെ കവി. “സംയുക്തവർമ അവതരിപ്പിക്കുന്ന കഥാപാത്ര​ത്തിന്റെ ആത്മഗതമാണ് ഒരർത്ഥത്തിൽ ഈ ഗാനം,’’ – ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. “പെയ്തൊഴിയാന്‍ വിതുമ്പിനിൽക്കുന്ന മേഘം​പോലെ എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സ്. പറഞ്ഞാൽ അത് തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക. എല്ലാ ദുഖങ്ങളും പങ്കുവെക്കാന്‍ എന്നുമെന്നപോലെ അവൾ കൃഷ്ണ സവിധത്തിലേക്കു തിരിച്ചുപോകുന്നു. എത്ര സുന്ദരമായാണ് യൂസഫലി ആ ആശയം ഈ പാട്ടിന്റെ വരികളിലേക്കു പകർത്തിയത് എന്നോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്.’’


Related Articles